എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Mar 28, 2012

ഡോ. ജോര്‍ജ്‌ ജോസഫ്‌ വീണ്ടും സഭാ സെക്രട്ടറി


മലങ്കര സഭാ സെക്രട്ടറിയായി നിലവിലുള്ള സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബിജു ഉമ്മനുമായുള്ള മല്‍സരത്തില്‍ 80നെതിരെ 107 വോട്ടുകള്‍ക്കാണ്‌ ഡോ. ജോര്‍ജ്‌ ജോസഫിന്റെ വിജയം.

Mar 17, 2012

മലങ്കര സഭാദിനം മാര്‍ച്ച് 25-ന്


വലിയ നോമ്പിലെ 36-ാം ഞായറാഴ്ചയായ മാര്‍ച്ച് 25നു  മലങ്കര ഓര്‍ത്തഡോക്സ് സഭ സഭാ ദിനമായി ആചരിക്കും. കാതോലിക്കാ ദിനാചരണത്തിന്റെ സഭാതല ഉദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കുന്നംകുളം സെന്റ് മേരീസ് പുത്തന്‍പള്ളിയില്‍ നിര്‍വ്വഹിക്കും. സഭയിലെ എല്ലാ പള്ളികളിലും സഭയ്ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന, കാതോലിക്കേറ്റ് പതാക ഉയര്‍ത്തല്‍, സഭാ ദിനപ്രതിജ്ഞ തുടങ്ങിയ പരിപാടികളോടെ സഭാ ദിനം ആചരിക്കും.മലങ്കര സഭയുടെ 1960 മത്  വാര്‍ഷികവും മലങ്കരയില്‍ കാതോലിക്കേറ്റ് സ്ഥാപിച്ചതിന്റെ ശതാബ്ദിയും ആചരിക്കുന്ന ഈ വര്‍ഷം വിവിധ ജീവകാരുണ്യ പദ്ധതികളായ ഭവന നിര്‍മ്മാണം, വിവാഹ സഹായം, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, വൈദിക സെമിനാരികള്‍, ആദ്ധ്യാത്മിക പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയ്ക്കായി 4 കോടി രൂപാ സമാഹരിക്കും. കുറഞ്ഞത് ഓരോ കുടുംബത്തിന്റെയും ഒരു ദിവസത്തെ വരുമാനമെങ്കിലും ഈ ആവശ്യത്തിനായി സംഭാവന ചെയ്യണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ സഭാംഗങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പിരിഞ്ഞുകിട്ടിയ 3.27 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചതിന്റെ വിശദാംശങ്ങള്‍ സഭാ കേന്ദ്രത്തില്‍ നിന്നും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Courtesy : Catholicate news

Mar 7, 2012

ഫാ. ജോണ്‍സ്‌ ഏബ്രഹാം, ജോര്‍ജ്‌ മുത്തൂറ്റ്‌ ട്രസ്‌റ്റിമാര്‍

മലങ്കരസഭാ വൈദിക ട്രസ്‌റ്റിയായി ഫാ. ഡോ.ജോണ്‍സ്‌ ഏബ്രഹാം കോനാട്ടിനെയും അല്‍മായ ട്രസ്‌റ്റിയായി എം.ജി.ജോര്‍ജ്‌ മുത്തൂറ്റിനെയും ഇന്നലെ ഇവിടെ നടന്ന മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷന്‍ യോഗത്തില്‍ തെരഞ്ഞെടുത്തു. 129 മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തിട്ടുണ്ട്‌. ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ച യോഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വൈദിക, അല്‍മായ പ്രതിനിധികളായ 3456 പേരാണു പങ്കെടുത്തത്‌. വൈദിക ട്രസ്‌റ്റി സ്‌ഥാനത്തേക്കു ഫാ. ജോണ്‍സ്‌ ഏബ്രഹാമിന്‌ 1750, ഫാ.ഡോ.എം.ഒ. ജോണിന്‌ 1550 എന്നിങ്ങനെ വോട്ടുകള്‍ ലഭിച്ചു. അല്‍മായ ട്രസ്‌റ്റി സ്‌ഥാനത്തേക്കു വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എം.ജി. ജോര്‍ജിന്‌ 2559 വോട്ടാണ്‌ ലഭിച്ചത്‌. സി.സി. ചെറിയാന്‍ - 528, ജൂലി കെ. വര്‍ഗീസ്‌ - 14, അഡ്വ. മത്തായി ഈപ്പന്‍ വെട്ടത്ത്‌ - 182 എന്നിങ്ങനെയാണ്‌ മറ്റു സ്‌ഥാനാര്‍ഥികള്‍ക്കു ലഭിച്ച വോട്ടുകള്‍. തെരഞ്ഞെടുപ്പിനു സി.കെ.കോശി വരണാധികാരിയായിരുന്നു.

വൈദിക ട്രസ്‌റ്റി, അല്‍മായ ട്രസ്‌റ്റി സ്‌ഥാനങ്ങളില്‍ നിലവിലുള്ളവര്‍ തന്നെയാണു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്‌. ഫാ. ജോണ്‍സ്‌ ഏബ്രഹാം കണ്ടനാട്‌ ഭദ്രാസനാംഗവും എം.ജി. ജോര്‍ജ്‌ തുമ്പമണ്‍ ഭദ്രാസനത്തിലെ കോഴഞ്ചേരി സെന്റ്‌ മാത്യൂസ്‌ ഇടവകാംഗവുമാണ്‌.

നേരത്തേ കാതോലിക്കാ ബാവയെയും മെത്രാപ്പോലീത്തമാരെയും യോഗസ്‌ഥലമായ കാതോലിക്കേറ്റ്‌ കോളജ്‌ അങ്കണത്തിലേക്ക്‌ സ്വീകരിച്ചാനയിച്ചു. ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ്‌ മെത്രാപ്പോലീത്ത ധ്യാനപ്രസംഗം നടത്തി

Mar 6, 2012

ആത്മീയതയുടെ മണ്ണില്‍ ദൈവനിശ്ചയം പോലെ മലങ്കര അസോസിയേഷന്‍ ഇന്ന്

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഒരിക്കല്‍ കൂടി പത്തനംതിട്ടയില്‍ നടക്കുകയാണ്. ആത്മീയ വിചിന്തനങ്ങള്‍ക്കായുള്ള കൂടിവരവുകളും സംഗമങ്ങളും ഈ മലയോര ജില്ലയ്ക്കു പുതുമയല്ല. വിശുദ്ധിയുടെ തീര്‍ഥം പേറുന്ന പമ്പയുടെ തീരവും സഹ്യസാനുക്കളില്‍ തഴുകി വീശുന്ന മാരുതന്റെ സാന്നിധ്യവും ഇത്തരം ചിന്തകള്‍ക്കും തീരുമാനങ്ങള്‍ക്കും പശ്ചാത്തലം ഒരുക്കുകയും ഊര്‍ജ്ജം പകരുകയും ചെയ്യുന്നതാകാം കാരണം.
ആത്മീയ മാര്‍ഗത്തില്‍ ചരിക്കുന്ന സഭയുടെ സനാധിപത്യ വേദിയാണു മലങ്കര അസോസിയേഷന്‍. ഒന്നാം നൂറ്റാണ്ട് മുതല്‍ ഉണ്ടായിരുന്നു എന്നു ചരിത്രം വ്യക്തമാക്കുന്ന മലങ്കര സഭയുടെ നാളിതുവരെയുള്ള ജനാധിപത്യ ഭരണക്രമം പ്രശംസനീയമാണ്. തിഗ്രീസില്‍ നിന്ന് 1912ല്‍ ആണ് കാതോലിക്കാ സിംഹാസനം മലങ്കരയിലേക്ക് മാറ്റിയത്. കാതോലിക്കാ സിംഹാസന പുനഃസ്ഥാപന ശതാബ്ദി സമയത്തു നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് ഏറെ പ്രസക്തിയുണ്ട്. അത് മലയോര പ്രദേശത്തെ ആത്മീയ ചൈതന്യ പ്രവാഹ മേഖലയായ പത്തനംതിട്ടയിലാകുന്നത് ദൈവനിയോഗം എന്നു കരുതാം.
അപരനെ ഈശ്വരനായി കാണുന്ന തത്ത്വമസി എന്ന ചിന്ത ശരണം വിളികളില്‍ സമന്വയിക്കുന്ന ഭാരതത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയാണ് പത്തനംതിട്ടയുടെ നിറപുണ്യം. നസ്രാണികളുടെ ആദ്യകാല കച്ചവട കേന്ദ്രവും കുടിയേറ്റ നഗരവും എന്നു വിശേഷിപ്പിക്കപ്പെടുന്ന നിലയ്ക്കലില്‍ തോമ്മാ ശ്ളീഹായാല്‍ സ്ഥാപിതമായ ദേവാലയത്തിന്റെ വിശുദ്ധിയും നഷ്ടപ്രതാപ സ്മൃതിയും ആത്മീയ വൈശിഷ്ട്യത്തില്‍ ഉന്നത സ്ഥാനത്താണ്. നിലയ്ക്കലില്‍ ഉണ്ടായിരുന്ന ആദ്യ ക്രിസ്ത്യാനികള്‍ യുദ്ധമോ ആക്രമണങ്ങലോ കാരണം അവിടെ നിന്നു പ്രയാണം ചെയ്തു തുമ്പമണ്ണിലും കടമ്പനാട്ടും എത്തിയ കഥ ചരിത്രം സ്ഥിരീകരിക്കുന്നുണ്ട്.
വിവിധ ജാതി-മത പ്രസ്ഥാനങ്ങലുടെ മത, ആത്മീയ, തത്വചിന്താ ചര്‍ച്ചകളുടെ സംഗമങ്ങളാല്‍ ശ്രദ്ധേയമാണ് പത്തനംതിട്ട. മത ചിന്തകളുടെ ആന്തരിക ഏകതയുടെ ഭാവവും താളവും ഈ സംഗമങ്ങളില്‍ നിന്നെല്ലാം നമുക്ക് ഉള്‍ക്കൊള്ളാം. മാരാമണ്‍ കണ്‍വന്‍ഷന്‍ ഈ ജില്ലയെ ലോക ക്രൈസ്തവ ഭൂപടത്തില്‍ ശ്രദ്ധേയമാക്കിയിരിക്കുന്നു. മാരാമണ്ണിലെ പമ്പാനദീ തീരത്ത് ഈ കാലയളവില്‍ നടന്നിട്ടുള്ള ദൈവശാസ്ത്ര ചര്‍ച്ചകള്‍, ചിന്തകള്‍, തീരുമാനങ്ങള്‍ എന്നിവ ലോകമാകെയുള്ള ക്രൈസ്തവ ചിന്താ പദ്ധതികളെ സ്വാധീനിച്ചിട്ടുണ്ട്.
ആര്‍ഷ സംസ്കൃതിയില്‍ നിന്ന് സ്വാംശീകരിച്ച അപൂര്‍വ്വ വിശുദ്ധ വിജ്ഞാനമാണ് വേദചിന്ത. വേദങ്ങളും ഹൈന്ദവ തത്വചിന്തയും  വ്യാഖ്യാനിക്കുകയും പഠിക്കപ്പെടുകയും ചെയ്യുന്ന ചെറുകോല്‍പ്പുഴ കണ്‍വന്‍ഷന്‍ പത്തനംതിട്ടയുടെ അഭിമാനമാണ്. തിരുവാറന്മുളയപ്പനെ സ്തുതിച്ച്, വള്ളസദ്യ വിളമ്പി, വഞ്ചിപ്പാട്ടു പാടി തുഴയെറിയുന്ന ആറന്മുള വള്ളംകളിയുടെ താളത്തിനും പത്തനംതിട്ടയുടെ ആത്മീയാനന്ദത്തിന്റെ ഭാവമാണ്. മധ്യതിരുവിതാംകൂറിലെ ഓര്‍ത്തഡോക്സ് വിശ്വാസം ഊട്ടിയുറപ്പിക്കുന്ന മാക്കാംകുന്ന് കണ്‍വന്‍ഷന്‍ നടക്കുന്ന വേദിക്കു സമീപം 2012ലെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ നടക്കുന്നതിലും ഒരു നിയോഗമുണ്ട്.
ഈ മലയോര ജില്ലയുടെ വിദ്യാഭ്യാസ വികസനത്തിന് നിദാനമായ കാതോലിക്കേറ്റ് കോളജ് രണ്ടാം തവണയാണ് അസോസിയേഷന് വേദിയാകുന്നത്