എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

May 30, 2012

മലങ്കരസഭയ്ക്ക് 359 കോടി രൂപയുടെ ബജറ്റ്

മലങ്കര സഭയുടെ 2012-13 വര്‍ഷം 359 കോടി രൂപയുടെ ബജറ്റ് സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് അവതരിപ്പിച്ചു. Photo Gallery പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ പഴയ സെമിനാരി സ്മൃതി ഓഡിറ്റോറിയത്തില്‍ കൂടിയ മാനേജിംഗ് കമ്മറ്റിയുടെ യോഗത്തിലാണ്് ബജറ്റ് അവതരിപ്പിച്ചത്.
കാതോലിക്കേറ്റിന്റെ സ്ഥാപന ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് സബര്‍മതി ആശ്രമത്തിന് സമീപം ഗാന്ധി സ്മരണ്‍ ഓര്‍ത്തഡോക്സ് ഗസ്റ് ഹൌസ് എന്ന പേരില്‍ അഹമദാബാദ് മെത്രാസനത്തിന്റെ ചുമതലയില്‍ ഒരു സാംസ്കാരിക മന്ദിരം നിര്‍മ്മിക്കുന്നതിന്  ബജറ്റില്‍ തുക ഉള്‍പ്പെടുത്തി. കേരളത്തില്‍ നിന്നും സബര്‍മതി ആശ്രമം സന്ദര്‍ശിക്കാനെത്തുന്ന ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ക്കും ഇതര മത സമുദായാംഗങ്ങള്‍ക്കും ഇവിടെ സൌജന്യമായി താമസിക്കുന്നതിനുളള സൌകര്യം ലഭ്യമാണ്.
കാര്‍ഷിക ഉല്‍പ്പാദനത്തില്‍ സഭാംഗങ്ങളെ  പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിനായി  പഴം പച്ചക്കറി വിത്തുകളും തൈകളും സഭാംഗങ്ങളുടെ ഭവനങ്ങളില്‍ എത്തിക്കുന്നതിനുളള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. സഭയുടെ മര്‍ത്തമറിയം സമാജത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന നവജ്യോതി സംഘങ്ങളിലൂടെയായിരിക്കും എല്ലാ ഭവനങ്ങളിലും പച്ചക്കറി വിത്തുകളും തൈകളും എത്തിക്കുക. രാസവളങ്ങളും കീടനാശിനികളും വിഷമയമാക്കുന്ന പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും കുടുംബങ്ങള്‍ക്ക് ഇതിലൂടെ മോചനം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.   പ്രകൃതിക്ഷോഭം മൂലം കൃഷി നഷ്ടപ്പെട്ട് കടക്കെണിയിലാകുന്ന  കര്‍ഷകരെ സഹായിക്കുന്നതിനായി ആരംഭിച്ച പദ്ധതിയിലൂടെ നിരവധി സഭാംഗങ്ങള്‍ക്ക് സഹായം നല്‍കുവാന്‍ കഴിഞ്ഞു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി തുടരണമെന്നുളള ബജറ്റ് നിര്‍ദ്ദേശത്തിന് യോഗം അംഗീകാരം നല്‍കി.
കോട്ടയം നഗരത്തില്‍ അത്യാധുനിക സൌകര്യങ്ങളോടുകൂടിയ ഓര്‍ത്തഡോക്സ് ചര്‍ച്ച് സെന്റര്‍ ബഹുനില ഓഡിറ്റോറിയ നിര്‍മ്മാണത്തിന് തുക വകയിരുത്തി. നഗരത്തിന്റെ ഹൃദയഭാഗത്ത് നിര്‍മ്മിക്കുന്ന പ്രസ്തുത ഓഡിറ്റോറിയം നിലവില്‍ വരുന്നത് പൊതുസമൂഹത്തിന് വളരെയേറെ പ്രയോജനകരമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
സണ്‍ഡേസ്കൂള്‍ പരീക്ഷകളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്ളസ് ടുവിന് ശേഷമുളള സെക്കുലര്‍ വിദ്യാഭ്യാസത്തിന് പലിശരഹിത വായ്പ നല്‍കാന്‍ പദ്ധതി ബജറ്റില്‍ ആവിഷ്കരിച്ചിട്ടുണ്ട്. മെത്രാസനങ്ങളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നിര്‍ധന കുടുംബത്തില്‍പ്പെട്ട സഭാംഗങ്ങളായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
നിര്‍ധനരായ സഭാംഗങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം ആരംഭിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് ഈ വര്‍ഷവും അര്‍ഹരായ കൂടുതല്‍ സഭാംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനും യോഗം അംഗീകാരം  നല്‍കി. നിലവിലുളള വിവിധ ജീവകാരുണ്യ പദ്ധതികളായ വിവാഹ സഹായം, ചികിത്സാ സഹായം, ഭവന നിര്‍മ്മാണ സഹായം, വിദ്യാഭ്യാസ സഹായം എന്നിവയ്ക്കും തുക വകകൊളളിച്ചിട്ടുണ്ട്. നിലവില്‍ വൈദികര്‍ക്കും, പളളികളിലെ പ്രധാന ശുശ്രൂഷകര്‍ക്കും പളളി സൂക്ഷിപ്പുകാര്‍ക്കുമുളള ഇന്‍ഷുറന്‍സ് പദ്ധതിയ്ക്കും തുക വകയിരുത്തി. വൈദികരുടെ ശമ്പള പദ്ധതയിലേക്ക് ഒന്നര കോടിയില്‍ പരം തുക കേന്ദ്രവിഹിതമായി സബ്സിഡി നല്‍കുന്നതിനായി ഉള്‍പ്പെടുത്തി.
കേരളത്തിന് പുറത്ത് പഠനത്തിനായും ജോലിക്കായും പോകുന്ന യുവജനങ്ങള്‍ക്കായി ബാഹ്യ കേരളാ മെത്രാസനങ്ങളുടെ ആഭിമുഖ്യത്തില്‍ കാതോലിക്കേറ്റ് യൂത്ത് സെന്ററുകള്‍ സ്ഥാപിക്കുന്നതിനുളള പദ്ധതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ആരാധന ക്രമങ്ങള്‍ വിവിധ ഭാഷകളിലേക്ക് തര്‍ജജമപ്പെടുത്തുന്നതിനുളള പദ്ധതിയ്ക്കും യോഗം അംഗീകാരം നല്‍കി.
മട്ടാഞ്ചേരി കൂനന്‍ കുരിശ് തീര്‍ത്ഥാടന കേന്ദ്രം, തിരുവിതാംകോട് തീര്‍ത്ഥാടന കേന്ദ്രം, ചെന്നൈയിലെ മാര്‍ത്തോമ്മാന്‍ തീര്‍ത്ഥാടന കേന്ദ്രം, മുളന്തുരുത്തിയിലെ പരുമല തിരുമേനിയുടെ സ്മൃതി മന്ദിരം എന്നിവയ്ക്കും സഭയിലെ മറ്റ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കും തുക ഉള്‍ക്കൊളളിച്ചിട്ടുണ്ട്. സഭയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അനാഥാലയങ്ങള്‍ക്കും അശ്ശരണരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങള്‍ക്കും ഗ്രാന്റ് നല്‍കുന്നതിനും തീരുമാനിച്ചു. സഭയുടെ ദയറാകള്‍, ആശുപത്രികള്‍, വിവിധ അദ്ധ്യാത്മിക പ്രസ്ഥാനങ്ങള്‍ എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി തുക മാറ്റി വെച്ചിട്ടുണ്ട്.  പ്രകൃതി ദുരന്ത സഹായ നിധി, നവജ്യോതി സ്വയം സഹായ സംഘം, പഴയ സെമിനാരി എന്നിവയ്ക്കും നാഗ്പൂര്‍ സെമിനാരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായും തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവികസിത മേഖലകളില്‍ നില്‍ക്കുന്ന പളളികള്‍ക്കും പളളികളില്‍ പാഴ്സനേജ് നിര്‍മ്മിക്കുന്നതിനുളള പദ്ധതിയ്ക്കും തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സഭയ്ക്ക് നേരെ വടക്കന്‍ മെത്രാസനങ്ങളില്‍ വിഘടിത വിഭാഗത്തില്‍ നിന്നുമുണ്ടാകുന്ന അക്രമ പ്രവര്‍ത്തനങ്ങളെ യോഗം അപലപിച്ചു. സഭയ്ക്ക് അവകാശപ്പെട്ട പളളികളില്‍ പ്രവേശിക്കുന്നതിന് അക്രമ പ്രവര്‍ത്തനങ്ങളിലൂടെ തടസ്സം നില്‍ക്കുന്നവര്‍ക്ക് നേരെ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. കാതോലിക്കേറ്റ് സ്ഥാപന ശതാബ്ദി ആഘോഷങ്ങള്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.
പ്രസ്തുത യോഗത്തില്‍ മെത്രാപ്പോലീത്താമാരും സഭയിലെ മുപ്പത് മെത്രാസനങ്ങളില്‍ നിന്നുളള പ്രതിനിധികളും പങ്കെടുത്തു.  ഫാ. ബിജു ആന്‍ഡ്രൂസ് ധ്യാനപ്രസംഗം നടത്തി. ഫാ. വി. ജെ. ജോസഫ്, കെ. ഗീവറുഗീസ് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.  സഭാ മാനേജിംഗ് കമ്മറ്റിയുടെ അടുത്ത യോഗം ജൂണ്‍ 6 -ന് തുടര്‍ന്ന് നടത്തുന്നതിനും തീരുമാനിച്ചു. യോഗശേഷം മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ മാമലശ്ശേരി മാര്‍ മിഖായേല്‍ പള്ളി സന്ദര്‍ശിച്ചു.

May 26, 2012

PENTECOSTI PERUNNAL


യുവജന പ്രസ്ഥാനത്തിന്റെ എഴുപത്തിയാറാമത് അന്തര്‍ദേശീയ സമ്മേളനം സമാപിച്ചു

യുവാക്കളെ നേരല്ലാത്ത വഴിയിലൂടെ പറഞ്ഞുവിട്ട് കൈപൊള്ളുന്ന ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നതെന്ന് പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത. Photo Gallery ഓര്‍ത്തഡോക്സ് ക്രെെസ്തവ യുവജനപ്രസ്ഥാനം 76ാമത് അന്തര്‍ദേശീയ സമ്മേളനത്തിന്റെ സമാപന സന്ദേശം നല്‍കി പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യ മെത്രാപ്പോലീത്ത. നന്മയില്‍ നിന്ന് അകന്ന് തിന്മയുടെ വഴി തിരഞ്ഞെടുക്കുവാന്‍ പരിശീലിപ്പിക്കുന്ന എല്ലാ പ്രവണതകളെയും തിരിച്ചറിയുവാന്‍ യുവതലമുറ സജ്ജരാകണം. നമ്മള്‍ വഹിക്കുന്ന സ്ഥാനങ്ങളിലും ചുമതലകളിലും സമൂഹത്തിനോ നാടിനോ ഭാരമാകാത്ത രീതിയില്‍ ജീവിക്കണമെന്നും അഭിവന്ദ്യ മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.
ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത, ആന്റോ ആന്റണി എം. പി., ഫാ. മാത്യു വര്‍ക്ഷീസ്, ഫാ. ജോക്കബ് മാത്യു ചന്ദ്രത്തില്‍, ഫാ. ജോസഫ് കുര്യാക്കോസ്, ഫാ. സ്റീഫന്‍ വര്‍ക്ഷീസ്, ഉമ്മന്‍ ജോണ്‍, സജി പട്ടരുമഠം, ബിജു മാത്യു, സഖറിയാ പനയ്ക്കാമറ്റം, ഫാ. ഏബ്രഹാം കോശി, സി.കെ.റജി, ജോബിന്‍ കെ.ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിച്ചു. ഭാരതത്തിന് അകത്തും പുറത്തും നിന്നുമായി അറുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ കേന്ദ്ര കലാമത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗാനങ്ങള്‍ക്ക് ഒ.സി.വൈ.എം. ഭദ്രാസന ഗായകസംഘം നേതൃത്വം നല്‍കി. സമ്മേളന സ്മരണ നിലനിര്‍ത്തികൊണ്ട് സുവനീയറും ഡയറക്ടറിയും പ്രകാശനം ചെയ്തു.

May 15, 2012

പെരുന്നാളിനിടെ സംഘര്‍ഷം : മാമലശേരി പള്ളി താല്‍ക്കാലികമായി പൂട്ടി

മാമലശേരി മോര്‍ മിഖായേല്‍ പള്ളിയില്‍ പെരുന്നാള്‍ ദിനത്തിലുണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്ന്‌ പള്ളി താല്‍ക്കാലികമായി അടച്ചു. കല്ലേറിനേത്തുടര്‍ന്നു പോലീസ്‌ ലാത്തി വീശി.

സംഘര്‍ഷത്തില്‍ ഡിവൈ.എസ്‌.പി. ഉള്‍പ്പെടെ പോലീസുകാര്‍ക്കും വിശ്വാസികള്‍ക്കും പരുക്കേറ്റു. റിസീവര്‍ ഭരണത്തിലുള്ള മോര്‍ മിഖായേല്‍ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വൈദികരാണ്‌ കുര്‍ബാന അര്‍പ്പിക്കുന്നത്‌. പെരുന്നാള്‍ ദിനത്തില്‍ രാവിലെ ഓര്‍ത്തഡോക്‌സ് വൈദിക ട്രസ്‌റ്റി ഫാ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌ കുര്‍ബാന അര്‍പ്പിക്കാനെത്തിയതു യാക്കോബായ വിഭാഗം എതിര്‍ത്തു.

ഇതേത്തുടര്‍ന്നാണു സംഘര്‍ഷം. വൈദികനെ പോലീസ്‌ പള്ളിമുറ്റത്തു പ്രവേശിക്കാന്‍ അനുവദിച്ചതോടെ  യാക്കോബായ വിഭാഗം കല്ലെറിഞ്ഞു. ഫാ. ജോണ്‍സ്‌ സഞ്ചരിച്ച കാറിന്റെ മുന്‍വശത്തെ ചില്ല്‌ തകര്‍ന്നു. തുടര്‍ന്നു പോലീസ്‌ ലാത്തി വീശിയതോടെ ഇരുവിഭാഗക്കാരും പള്ളിക്കുള്ളിലേക്ക്‌ ഓടിക്കയറി.

മൂവാറ്റുപുഴ ആര്‍.ഡി.ഒ: എസ്‌. ഷാനവാസ്‌, തഹസില്‍ദാര്‍ പി.എസ്‌. സ്വര്‍ണമ്മ, റൂറല്‍ എസ്‌.പി. കെ.പി. ഫിലിപ്പ്‌, മൂവാറ്റുപുഴ ഡിവൈ.എസ്‌.പി: എം.എന്‍. രമേശ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി. പള്ളിയിലുള്ളവരെ ഒഴിപ്പിച്ച്‌, പൂട്ടി താക്കോല്‍ റിസീവറെ ഏല്‍പ്പിച്ചു.

സംഭവമറിഞ്ഞ്‌ യാക്കോബായ വിഭാഗം കണ്ടനാട്‌ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ്‌ മോര്‍ ഈവാനിയോസും വൈദികരും വിശ്വാസികളും പള്ളിക്കു മുന്നില്‍ പ്രാര്‍ഥനായജ്‌ഞം ആരംഭിച്ചിരുന്നു. മാമലശേരി പള്ളിയില്‍ യാക്കോബായ വിഭാഗത്തിന്‌ അര്‍ഹമായ അവകാശം ലഭിക്കുന്നതുവരെ പോരാടുമെന്നു സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍ പറഞ്ഞു.

എന്നാല്‍ വര്‍ഷങ്ങളായി പെരുന്നാള്‍ ദിനത്തില്‍ രാവിലെ ഇവിടെ കുര്‍ബാന അര്‍പ്പിച്ചിരുന്നത്‌ ഫാ. ജോണ്‍സ്‌ എബ്രഹാമാണെന്നും അതിന്‌ അധികൃതരുടെ അനുമതി ഉണ്ടായിരുന്നെന്നും വികാരിമാരായ ഫാ. ജോണ്‍ ചിറക്കടക്കുന്നേല്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ജോര്‍ജ്‌ വേമ്പനാട്ട്‌ എന്നിവര്‍ പറഞ്ഞു. ഫാ. ജോണ്‍സിനെ ആക്രമിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

May 9, 2012

ഭക്തിയുടെ തണ്ടിലേറി ചന്ദനപ്പള്ളി വലിയ പള്ളി ചെമ്പെടുപ്പ്


ഭക്ത്യാരവങ്ങളുടെ അകമ്പടിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത ചെമ്പെടുപ്പ് റാസയോടെ ചന്ദനപ്പള്ളി വലിയ പള്ളി പെരുനാളിനു സമാപനമായി. Photo Gallery
വിശ്വാസികള്‍ നേര്‍ച്ചയായി കൊണ്ടുവന്ന അരി ചെമ്പിലിട്ട് പകുതി വേവിച്ച് ചെമ്പിന്‍ തണ്ടിലേറ്റി കുതിരപ്പുരയിലേക്കു കൊണ്ടുവരുന്ന ചടങ്ങാണ് ചെമ്പെടുപ്പ്. മുഖ്യകാര്‍മികനായ പള്ളിവികാരി ഫാ. റോയി എം. ജോയി കുരിശടയാളം ചാര്‍ത്തി. ചെമ്പില്‍ തൊട്ട് സഹദായുടെ അനുഗ്രഹം വാങ്ങാനായി എത്തിയ ഭക്തസഹസ്രങ്ങളാണ് ചെമ്പ് വാഹകരായത്.
ചെമ്പില്‍ തൊടാനും ചെമ്പെടുപ്പില്‍ പങ്കെടുക്കാനും ഭക്തജനപ്രവാഹമായിരുന്നു. റാസ കടന്നുവന്നപ്പോള്‍ ജാതിമത വ്യത്യാസമില്ലാതെ പൂക്കള്‍, കുരുമുളക്, വെറ്റില എന്നിവ ചെമ്പിലെറിഞ്ഞും ആര്‍പ്പുവിളിച്ചും വിശ്വാസികള്‍ ചെമ്പിന്‍മൂട്ടില്‍ നിന്നു കുതിരപ്പുരയിലേക്കു ഭക്തിയോടെ ചെമ്പുകള്‍ വഹിച്ചു. രാവിലെ ആറിനു ചെമ്പില്‍ അരിയിടീല്‍ കര്‍മം തുടങ്ങി. അങ്ങാടിക്കല്‍ വടക്കുള്ള പുരാതന നായര്‍ തറവാട്ടിലെ കാരണവരാണ് ചെമ്പില്‍ അരിയിടീല്‍ കര്‍മം ആദ്യം നടത്തിയത്. മതസൌഹാര്‍ദം വിളിച്ചോതുന്ന ഇൌ ആചാരം പരമ്പരാഗതമായി തുടര്‍ന്നുവരുന്നതാണ്. ചെമ്പെടുപ്പ് റാസയ്ക്കു ചന്ദനപ്പള്ളി ജംക്ഷനില്‍ സ്വീകരണം നല്‍കി