
മലങ്കരയുടെ പരിശുദ്ധന്‍ പരുമല തിരുമേനിയുടെ 107-ാം ഓര്‍മപ്പെരുന്നാള്‍ ഇന്ന്. ഇന്നലെ രാത്രി സഭാ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ക്കു വാഴ്‌വ് നല്‍കി. തുടര്‍ന്ന് കുരിശ്, മുത്തുക്കുട, കൊടി, മെഴുകുതിരി എന്നിവയേന്തി ആയിരക്കണക്കിനു പേര്‍ പങ്കെടുത്ത റാസ നടന്നു.സംസ്‌ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ ഭദ്രാസനങ്ങളില്‍ നിന്നുളള പദയാത്രാ സംഘങ്ങള്‍ ശനിയാഴ്‌ച പരുമലയില്‍ എത്തിത്തുടങ്ങിയിരുന്നു. പ്രദേശവാസികളായ സംഘങ്ങളും നാട്ടുകാരായ നാനാജാതി മതസ്‌ഥരും തീര്‍ഥാടകരായി എത്തുന്നു. ഇന്നലെ പള്ളിയില്‍ നടന്ന ചടങ്ങുകളിലും കബറിങ്കല്‍ പ്രാര്‍ത്ഥനയ്‌ക്കും വന്‍തിരക്കാണനുഭവപ്പെട്ടത്. ഇന്നു രാവിലെ 5.45 ന് യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, ഏഴിന് കാതോലിക്കാ ബാവയേയും മറ്റു പിതാക്കന്മാരെയും പള്ളിമേടയില്‍നിന്ന് മദ്‌ബഹായിലേക്ക് ആനയിക്കും. 8.30 ന് ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന , 10 ന് നിയുക്‌ത കാതോലിക്കാ പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ പ്രസംഗം, 10.30 ന് കബറിങ്കല്‍ ധൂപപ്രാര്‍ഥന, 11 ന് വാഴ്‌വ്, 11.30 ന് ഓര്‍ത്തഡോക്‌സ് ക്രൈസ്‌തവ വിദ്യാര്‍ഥി പ്രസ്‌ഥാന സമ്മേളനം മന്ത്രി പി.ജെ.ജോസഫ് ഉദ്‌ഘാടനം ചെയ്യും. സിനിമാതാരം ക്യാപ്‌ടന്‍ രാജു മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്‌ക്കു ശേഷം രണ്ടിന് റാസയോടെ പെരുന്നാള്‍ സമാപിക്കും.
മംഗളം ന്യൂസ്
No comments:
Post a Comment
Comment on this post