മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിടം സ്ഥിതിചെയ്യുന്ന മണ്ണില്‍ പരുമല പള്ളിക്ക് സമീപം ഒരു ബദല്‍ ദേവാലയം ഉണ്ടാക്കുവാന്‍ വിഘടിത വിഭാഗത്തെ അനുവദിക്കില്ലെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ നേതൃത്വം ഒറ്റക്കെട്ടായി തീരുമാനിച്ചു. പരിശുദ്ധ എപ്പിസ്കോപ്പല്‍ സിനഡ്, മാനേജിംഗ് കമ്മറ്റി, പരുമല സെമിനാരി കൌണ്‍സില്‍, പള്ളി പ്രതിനിധികള്‍എന്നിവര്‍ ഒന്നിച്ചു പരുമല സെമിനാരിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
പരിപാവനമായ പരുമല പള്ളിയെ തൃക്കുന്നത്ത് സെമിനാരി വിഷയം പോലെ ആക്കിതീര്‍ക്കുവാന്‍ സഭാനേതൃത്വം ആഗ്രഹിക്കുന്നില്ല. അതിനാല്‍ വിഘടിത വിഭാഗത്തിന്റെ പള്ളിയോ മറ്റേതെങ്കിലും സ്ഥാപനമോ പരുമലയുടെ മണ്ണില്‍ ആരംഭിക്കുവാന്‍ അനുവദിക്കില്ല എന്ന് യോഗം ഒറ്റക്കെട്ടായി തീരുമാനിച്ചു. അതിനായി ജീവന്‍ വെടിയുംവരെ പോരാടുമെന്നും അംഗങ്ങള്‍ പ്രതിജ്ഞ ചെയ്തു. തീരുമാനം നടപ്പില്‍ വരുത്തുവാനും വിഘടിത നേതൃത്വത്തിന്റെ ഗുണ്ടായിസത്തെ നേരിടാനും സംയുക്ത യോഗം തീരുമാനിച്ചു. ഏതു സമയവും അറിയിച്ചാലും പരുമല പള്ളി സംരക്ഷിക്കുന്നതിനായി 101 പേരടങ്ങുന്ന പരുമല പള്ളി സംരക്ഷണ സേനാ നേതാക്കന്മാരെയും യോഗത്തില്‍വച്ച് തെരഞ്ഞെടുത്തു.
സേനാ നേതാക്കള്‍ ഓരോരുത്തരുടെയും കീഴില്‍ 50-തില്‍ അധികം അംഗങ്ങളുമുണ്ട്. ഭദ്രാസന സെക്രട്ടറിമാര്‍, ഭദ്രാസനത്തില്‍നിന്നുള്ള മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍, പരുമല കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നുള്ള പരുമല സെമിനാരി സംരക്ഷണ കോര്‍ കമ്മിറ്റിയും ഇതിനകം തന്നെ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
പരുമല സംഘര്‍ഷഭൂമിയാക്കരുത്: പരിശുദ്ധ കാതോലിക്കാബാവ
ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളും തീര്‍ഥാടനകേന്ദ്രമായി കരുതുന്ന പരുമലയെ സംഘര്‍ഷവേദിയാക്കാന്‍ ശ്രമിക്കരുതെന്നും മലങ്കരസഭ എക്കാലവും സമാധാനത്തിനും ഐക്യത്തിനും വേണ്ടിയാണ് നിലകൊണ്ടിട്ടുള്ളതെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ പ്രസ്‌താവിച്ചു. പ്രഥമ ഭാരതീയ പരിശുദ്ധനായ പരുമല തിരുമേനിയുടെ പേരില്‍ ആശുപത്രികള്‍, ക്യാന്‍സര്‍ സെന്റര്‍, നഴ്‌സിംഗ് കോളജ്, ഹൃദ്‌രോഗ ചികിത്സാകേന്ദ്രം, വൃദ്ധമന്ദിരം ധ്യാനമന്ദിരം, ഡി-അഡിക്ഷന്‍ സെന്റര്‍ തുടങ്ങിയ പൊതുജനോപകാരപ്രദമായ പല സ്‌ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന ഈ പ്രദേശത്ത് പുതിയ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുവാനാണ് യാക്കോബായ വിഭാഗക്കാര്‍ ശ്രമിക്കുന്നത്.
ആരുടേയും ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്നത് ഓര്‍ത്തഡോക്‌സ് സഭയുടെ നയമല്ല. ഇല്ലാത്ത അവകാശവും ഉടമസ്‌ഥതയും അനധികൃത മാര്‍ഗത്തിലൂടെ സ്‌ഥാപിച്ചെടുക്കാനുള്ള ശ്രമത്തെയാണ് അംഗീകരിക്കാനാവാത്തത്. പരുമലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി ഏവരും പ്രാര്‍ഥിക്കണമെന്ന് പരിശുദ്ധ ബാവാ ആഹ്വാനം ചെയ്തു