എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Oct 31, 2010

കാതോലിക്കാ സ്ഥാനാരോഹണം നവംബര്‍ 1-ന് പരുമലയില്‍

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ സ്ഥാന ത്യാഗം ചെയ്യുന്നതിനാല്‍ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായെ 91-ാമത് പൌരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായി 2010 നവംബര്‍ 1 തിങ്കളാഴ്ച പരുമല സെമിനാരിയില്‍ വച്ച് വാഴിക്കും. 2006 ഒക്ടോബര്‍ 12-ന് പരുമലയില്‍ ചേര്‍ന്ന മലങ്കര അസ്സോസിയേഷന്‍ നിയുക്ത കാതോലിക്കായായി തെരഞ്ഞെടുത്തതിനെ തുടര്‍ന്ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ പിന്‍ഗാമിയും സഹായിയുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കുന്നംകുളം ഭദ്രാസനാധിപനായ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ. രാവിലെ 7.30 ന് വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് സ്ഥാനാരോഹണം നടക്കും. പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മീകത്വത്തിലും സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരുടെയും സഹകാര്‍മ്മീകത്വത്തിലുമാണ് ശുശ്രൂഷ നടക്കുന്നത്

ദിദിമോസ്‌ ബാവ ഇനി വലിയ ബാവ
ഇന്നു സ്‌ഥാനമൊഴിയുന്ന, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ ഇനി ഓര്‍ത്തഡോക്‌സ് സഭയുടെ വലിയബാവ എന്നറിയപ്പെടും. ഇന്നലെ ചേര്‍ന്ന സഭാ സുന്നഹദോസാണ്‌ ദിദിമോസ്‌ ബാവായെ വലിയബാവ എന്നു നാമകരണം ചെയ്യാന്‍ തീരുമാനിച്ചത്‌.

'ഭാഗ്യവാന്‍' എന്ന വിശേഷണത്തിന്‌ അര്‍ഹനായ ദിദിമോസ്‌ ബാവയാണു മുന്‍ഗാമിയാല്‍ വാഴിക്കപ്പെട്ട ആദ്യ കാതോലിക്ക. പിന്‍ഗാമിയെയും രണ്ടു ട്രസ്‌റ്റികളെയും തെരഞ്ഞെടുക്കാനുളള അപൂര്‍വ ഭാഗ്യവും ദിദിമോസ്‌ ബാവയ്‌ക്കുണ്ടായി.

സഭാ ചരിത്രത്തില്‍ റെക്കോഡുകളുടെ സഹചാരിയാണു പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ. 2010 മേയ്‌ 12നു കോട്ടയം മാര്‍ ഏലിയ കത്തീഡ്രലില്‍ ഏഴുപേരെക്കൂടി മേല്‍പ്പട്ടസ്‌ഥാനത്തേക്കു വാഴിച്ചതോടെ, 14 പേരെ മെത്രാപ്പോലീത്താമാരായി വാഴിച്ചു ചരിത്രം സൃഷ്‌ടിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും കൂടുതല്‍ കാലം സഭാ തലവനായിരുന്ന പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവയ്‌ക്കുപോലും ലഭിക്കാത്ത ഭാഗ്യമാണിത്‌. മലങ്കര സഭയുടെ എപ്പിസ്‌കോപ്പല്‍ സൂന്നഹദോസിന്റെ അംഗസംഖ്യ ഈ സ്‌ഥാനാരോഹണത്തോടെ എക്കാലത്തേതിലും വലുതായിത്തീരുകയും ചെയ്‌തു.

കാതോലിക്കാ ബാവായും റിട്ടയര്‍ ചെയ്‌ത ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസും ഉള്‍പ്പെടെ 33 പേരാണ്‌ ഇപ്പോള്‍ സഭയില്‍ മേല്‍പ്പട്ടസ്‌ഥാനം വഹിക്കുന്നത്‌. 2009 ഏപ്രില്‍ നാലിനു ദേവലോകത്തു നടന്ന മൂറോന്‍ കൂദാശയോടെ ബാവാ വീണ്ടും റെക്കോഡ്‌ സ്‌ഥാപിച്ചു. നാലു മൂറോന്‍ കൂദാശകളില്‍ സഹകാര്‍മികനായിരുന്ന അദ്ദേഹം അഞ്ചാമത്തെ മൂറോന്‍ കൂദാശയില്‍ പ്രധാന കാര്‍മികനായി. പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ (1967), മാത്യൂസ്‌ പ്രഥമന്‍ (1977, 1988), മാത്യൂസ്‌ ദ്വിതീയന്‍ (1999) എന്നീ കാതോലിക്കാ ബാവാമാരോടൊപ്പമാണു സഹകാര്‍മികനായിരുന്നത്‌.

പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ 1951ല്‍ മൂറോന്‍ കൂദാശ നടത്തിയപ്പോള്‍ വൈദികനായി ദിദിമോസ്‌ ബാവാ സംബന്ധിച്ചിട്ടുണ്ട്‌. വനിതകള്‍ക്ക്‌ പള്ളി പൊതുയോഗങ്ങളില്‍ വോട്ടവകാശമില്ലാതെ സംബന്ധിക്കാന്‍ അനുവാദം നല്‍കിയതും മെത്രാന്‍ തെരഞ്ഞെടുപ്പിന്‌ മാനദണ്ഡവും പെരുമാറ്റ ചട്ടവും രൂപീകരിച്ചതും അവ കര്‍ശനമായി നടപ്പാക്കിയതും ദിദിമോസ്‌ കാതോലിക്കാ ബാവയാണ്‌

Malankara Archive