
മഹാരാഷ്‌ട്ര, തമിഴ്‌നാട് മുന്‍ ഗവര്‍ണറും നയതന്ത്ര വിദഗ്‌ധനുമായ ഡോ.പി.സി അലക്‌സാണ്ടര്‍ (90) അന്തരിച്ചു. മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ രാവിലെ 8.30 ഓടെയായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. മൂന്നാഴ്‌ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അലക്സാണ്ടറുടെ നില ഞായറാഴ്ചയാണ് വഷളായത്. രോഗബാധിതനായതിനെ തുടര്‍ന്ന് കുറച്ചുകാലമായ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹം ചെന്നൈയിലെ വസതിയില്‍ വിശ്രമത്തിലായിരുന്നു. മൃതദ്ദേഹം വെള്ളിയാഴ്ച കൊച്ചിയില്‍ എത്തിക്കും. തുടര്‍ന്ന് ശനിയാഴ്ച മാവേലിക്കരയില്‍ സംസ്കാരം.
1920 മാര്‍ച്ച് 21 ന് മാവേലിക്കരയിലാണ് ജനനം. തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തിലും സാമ്പത്തിക ശാസ്‌ത്രത്തിലും ബിരുദാനന്തരബിരുദം നേടിയ അലക്‌സാണ്ടര്‍ അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.ലിറ്റ് ഡിലിറ്റ് ബഹുമതികള്‍ നേടി. ഐ.എ.എസ് നേടിയ അലക്‌സാണ്ടര്‍ തുടര്‍ന്ന് അന്നത്തെ മദ്രാസ്-തിരുകൊച്ചി സംസ്‌ഥാനങ്ങളില്‍ സേവനം അനുഷ്‌ഠിച്ചു. 1955ല്‍ ആണു ഡെപ്യൂട്ടേഷനില്‍ കേന്ദ്ര സര്‍വീസിലെത്തിയത്. ജനീവയിലെ യു.എന്‍ ഇന്റര്‍നാഷനല്‍ ട്രേഡ് സെന്ററില്‍ അസിസ്‌റ്റന്റ് സെക്രട്ടറി ജനറല്‍ ആന്‍ഡ് എക്‌സിക്യുട്ടീവ് ഡയറക്‌ടര്‍ എന്ന പദവിയിലിരിക്കുമ്പോഴാണ് 1981ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അലക്‌സാണ്ടറെ ഇന്ത്യയിലേയ്‌ക്ക് വിളിച്ചത്. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറുമായിരുന്നു. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും പ്രധാനമന്ത്രിമാരായിരുന്നപ്പോള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. ഈ കാലയളവിലാണ് അലക്‌സാണ്ടഖറുടെ ഭരണപാടവം രാജ്യം തിരിച്ചറിഞ്ഞത്. 1988-90 കാലയളവില്‍ തമിഴ്‌നാട്ടില്‍ ഗവര്‍ണറായിരുന്നു. പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കേ 1993 ജനുവരി 12നാണ് അലക്‌സാണ്ടറെ മഹാരാഷ്‌ട്രയില്‍ ഗവര്‍ണറായി നിയമിച്ചത്. ഒന്‍പതു വര്‍ഷം മഹാരാഷ്‌ട്രയുടെ ഗവര്‍ണര്‍ ആയിരുന്നു. ഇതിനിടെ 2007 ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും അലക്സാണ്ടറുടെ പേര് പരിഗണിച്ചിരുന്നു. 1996-98 ല്‍ ഗോവയുടെ അധിക ചുമതല കൂടി അദ്ദേഹം നിര്‍വഹിച്ചു. 1998 ഏപ്രിലില്‍ വാജ്‌പേയി സര്‍ക്കാര്‍ അത് അഞ്ചു വര്‍ഷത്തേക്കുകൂടി നീട്ടി. 2002-08 കാലഘട്ടത്തില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായി. പബ്ലിക് അഡ്‌മിനിസ്‌ട്രേഷനുള്ള കാഞ്ചി പരമാചാര്യ അവാര്‍ഡും 1999 ല്‍ അദ്ദേഹത്തെ തേടിയെത്തി.
'മൈ ഈയേഴ്‌സ് വിത്ത് ഇന്ദിരാഗാന്ധി,'ദ പെരിള്‍സ് ഓഫ് ഡെമോക്രസി,'ഇന്ത്യ ഇന്‍ ദ ന്യൂ മില്ലെനിയം തുടങ്ങിയവ അലക്‌സാണ്ടറുടെ കൃതികളാണ്
ഡോ.പി.സി. അലക്‌സാണ്ടറുടെ സംസ്‌കാരം നാളെ.
മൃതദേഹം ചെന്നൈയില്‍ നിന്നും വിമാനമാര്‍ഗം ഇന്നു കൊച്ചിയില്‍ എത്തിക്കും. തേവരയിലെ സഹോദര പുത്രന്റെ വസതിയില്‍ വച്ചശേഷം നാളെ രാവിലെ ഏഴിന് റോഡുമാര്‍ഗം ഹരിപ്പാട് എത്തിക്കും. അവിടെ നിന്ന് മാവേലിക്കര പൗരാവലി ഭൗതികശരീരം ഏറ്റുവാങ്ങും. പ്രത്യേകരഥത്തില്‍ വിലാപയാത്രയായി മാവേലിക്കര പുതിയകാവിലെ കുടുംബവീട് നിന്നിടത്ത് എത്തിക്കും. അവിടെ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം 12.30 ന് പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും. അന്ത്യശുശ്രൂഷാ ചടങ്ങുകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ നേതൃത്വം നല്‍കും