എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Dec 1, 2009

Jingle bells

വീണ്ടും ഒരു ക്രിസ്മസ് ആഘോഷിക്കാന്‍ മാലോകരെല്ലാം ഒരുങ്ങുകയായി.
മറ്റൊരു 25 നോമ്പ് കൂടി സഭയും സമൂഹവും അനുഷ്ടിക്കുന്നു !!! എല്ലാവര്ക്കും ഒരു നല്ല ക്രിസ്മസ് നേര്‍ന്നു കൊള്ളുന്നു.ക്രിസ്തുദേവന്റെ ജനനം അവിചാരിതമായിരുന്നില്ല. എന്നാല്‍ ക്രിസ്മസിനോടനുബന്ധിച്ച് നിലവിലുള്ള പല ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും തുടക്കം കുറിച്ചതു യാദ്ൃഛികമായാണ്. അവയെല്ലാം ക്രിസ്മസ് പരിപാടികളില്‍ പ്രാധാന്യം അര്‍ഹിക്കുന്നവയുമാണ്.
പ്രധാനമായും ക്രിസ്മസ് ക്രിബ് (പുല്‍ക്കൂട്), ക്രിസ്മസ് കരോള്‍, ക്രിസ്മസ ്ട്രീ, ക്രിസ്മസ് ഫാദര്‍, ക്രിസ്മസ് കാര്‍ഡ് എന്നിവയാണ് കാലത്തിനൊത്തു മാറുകയും വിപുലമാകുകയും ചെയ്യുന്ന തിരുപ്പിറവി ആചാരങ്ങള്‍. മനുഷ്യരാശിയുടെ ഭാവിഭാഗധേയം നിര്‍ണയിക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച ആ ചരിത്രസംഭവം കഴിഞ്ഞിട്ട് ഇരുപതു നൂറ്റാണ്ടുകള്‍ കഴിഞ്ഞു.



ക്രിസ്മസ് ക്രിബ് (പുല്‍ക്കൂട്)

ആദ്യത്തെ ക്രിസ്മസ് രാത്രിയില്‍ ബത്ലഹേമിലെ പുല്‍ക്കൂട്ടില്‍ ക്രിസ്തുദേവന്‍ ജനിച്ചശേഷം അവിടെ കണ്ട കാഴ്ചയാണല്ലോ പുല്‍ക്കൂട്ടില്‍ ചിത്രീകരിക്കുന്നത്. പരസ്യമായ ക്രിസ്മസ് ആഘോഷങ്ങള്‍ തുടങ്ങിയതിനുശേഷം പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവിന്റെ രൂപം ഉണ്ടാക്കി അതിനുചുറ്റും വൃത്താകൃതിയില്‍ നിന്ന് പാട്ടുകള്‍പാടുന്ന പതിവ് ഉണ്ടായിരുന്നു.

പതിമൂന്നാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ് ഓഫ് അസീസിയാണ് പുല്‍ക്കൂടിന് ശരിയായ രൂപം നല്‍കിയത്. 1223 ല്‍ അദ്ദേഹം തന്റെ താമസസ്ഥലത്തിനടുത്ത് ഒരു താഴ്വരയില്‍ കുറെ ആട്ടിടയന്മാര്‍ വിശ്രമിക്കുന്ന കാഴ്ചകണ്ട് ക്രിസ്തുദേവന്റെ ജനനത്തെപ്പറ്റിയും ആദ്യത്തെ ക്രിസ്മസ് രാത്രിയെപ്പറ്റിയും ഓര്‍ക്കാനിടയായി.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ബേത്ലഹേം പുല്‍ക്കൂട്ടില്‍ ആദ്യ ക്രിസ്മസ് രാത്രിയിലുണ്ടായിരുന്നപോലെയുള്ള കാഴ്ചകള്‍ക്ക് രൂപം നല്‍കി. ഒരു പുല്‍ക്കൂട് ഉണ്ടാക്കി, പിന്നെ മെഴുകുകൊണ്ട് ഉണ്ണിയേശുവിന്റെ രൂപം ഉണ്ടാക്കി പുല്‍ക്കൂട്ടില്‍ വച്ചു. തന്റെ ആശ്രമത്തിലുണ്ടായിരുന്ന മറ്റ് ആളുകളെയും പശു, ആട്, കഴുത എന്നിവയെയും കൂട്ടി, ആദ്യ ക്രിസ്മസ് രാത്രിയിലെ കാഴ്ച പൂര്‍ണമാക്കി. ആഘോഷ പരിപാടി വളരെ ഭംഗിയായിരുന്നു. അദ്ദേഹം അതിനടുത്തുനിന്ന് ആനന്ദംകൊണ്ട് കണ്ണീര്‍പൊഴിച്ചു.

ഭക്തജനങ്ങള്‍ക്ക് ഈ കാഴ്ച നന്നായി ഇഷ്ടപ്പെട്ടു. തുടര്‍ന്ന് ക്രിസ്മസ് ആഘോഷങ്ങളുടെ ഒരു പരിപാടിയായി പല സ്ഥലങ്ങളിലും പുല്‍ക്കൂടുകള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിക്കുന്നത് പതിവായിത്തീര്‍ന്നു.

ക്രിസ്മസ് കരോള്‍

ഉണ്ണിയേശുവിന്റെ രൂപത്തിന് ചുറ്റും നിന്ന് പാട്ടുകള്‍ പാടുന്ന രീതി നാലാം നൂറ്റാണ്ടുമുതല്‍ നിലവിലുണ്ടായിരുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ 'ഫ്രാന്‍സിസ് ഓഫ് അസീസി' തന്നെയാണ് ഇതിന് പ്രാധാന്യം നല്‍കിയത്. വീടുകള്‍ തോറും കയറി പാട്ടുകള്‍ പാടി ക്രിസ്തുദേവന്റെ ജനനത്തെ വിളിച്ചറിയിക്കുന്ന രീതി പതിനഞ്ചാം നൂറ്റാണ്ടില്‍ നിലവില്‍ വന്നു.

സൈലന്റ്നൈറ്റ്-ഹോളിനൈറ്റ്' എന്ന പ്രസിദ്ധമായ പാട്ട് 1818 ല്‍ ഓസ്ട്രിയന്‍ പാതിരിയായ 'ഫാദര്‍ ജോസഫ് മോഹര്‍' ആണ് രചിച്ചത്. ആ വര്‍ഷം ക്രിസ്മസിന്റെ തലേരാത്രി തന്റെ പള്ളിയിലെ ഓര്‍ഗന്‍ എലി കരണ്ട് നശിപ്പിച്ചതിലുള്ള ദുഖവുമായി നടന്ന ഫാ.മോഹര്‍ ക്രിസ്മസ് ചടങ്ങുകളില്‍ പാട്ടുകള്‍ക്ക് താളം പകരുവാന്‍ എന്തുചെയ്യുമെന്നറിയാതെ കുഴങ്ങി.

രാത്രിയില്‍ പുറത്തേക്ക് നടക്കാനിറങ്ങിയ അദ്ദേഹം അവിചാരിതമായി ഒരു കുന്നിന്‍മുകളില്‍ നില്‍ക്കുകയും നക്ഷത്രങ്ങള്‍ തിളങ്ങിനിന്ന ശാന്തമായ ആ രാത്രിയില്‍ പെട്ടെന്ന് ബേത്ലഹേമിലെ ആദ്യ ക്രിസ്മസ് രാത്രിയെപ്പറ്റി ഓര്‍ക്കുകയും അദ്ദേഹത്തിന്റെ നാവില്‍ നിന്നും നാലുവാക്കുകള്‍ പുറത്തുവരികയും ചെയ്തു-'സൈലന്റ് നൈറ്റ്-ഹോളി നൈറ്റ്'.

ഉടനെതന്നെ അദ്ദേഹം പള്ളിയിലേക്ക് തിരിച്ചുപോയി കുറെ വരികള്‍ കൂടി എഴുതി ആ പാട്ടുകള്‍ പൂര്‍ത്തിയാക്കി.

രാവിലെ ഫാ.മോഹറിന്റെ സ്നേഹിതനും ക്വയര്‍ മാസ്റ്ററുമായ 'ഫ്രാന്‍സ് ഗ്രബര്‍' അതിന് ഈണം നല്‍കി മെച്ചപ്പെടുത്തുകയും ചെയ്തു.

ക്രിസ്മസ് രാത്രിയില്‍ ഈ പാട്ട് ഓര്‍ഗന്‍ ഇല്ലാതെ വെറും ഒരു ഗിറ്റാര്‍ മാത്രം ഉപയോഗിച്ച് വളരെ ഭംഗിയായി പാടാന്‍ സാധിച്ചു. പള്ളിയിലെ ചടങ്ങുകള്‍ക്ക്ശേഷം കൊയര്‍ മാസ്റ്ററുടെ ഭാര്യ പറഞ്ഞ വാക്കുകള്‍ ഇന്ന് സാക്ഷാല്‍ക്കരിക്കപ്പെടുകയാണ്. 'നാമെല്ലാം മരിച്ചുപോകും, എന്നാല്‍ സൈലന്റ് നൈറ്റ്-ഹോളി നൈറ്റ്' എന്ന പാട്ട് എന്നെന്നും ജീവിച്ചിരിക്കും.

ക്രിസ്മസ് ട്രീ

പതിനാറാം നൂറ്റാണ്ടില്‍ ജര്‍മനിയിലെ മാര്‍ട്ടിന്‍ ലൂതറാണ് ക്രിസ്മസ് ട്രീയുടെ ഉദ്ഭവത്തിന് കാരണഭൂതനെന്നാണ് ഇന്ന് പരക്കെ അറിയപ്പെടുന്നത്. ക്രിസ്മസിനു തലേ രാത്രി പൈന്‍ മരങ്ങള്‍ തിങ്ങിനില്‍ക്കുന്ന സ്ഥലത്തുകൂടി നടന്നുപോയ മാര്‍ട്ടിന്‍ ലൂതര്‍ക്ക് മരങ്ങള്‍ക്കിടയില്‍ കൂടി നക്ഷത്രങ്ങള്‍ തിളങ്ങിനില്‍ക്കുന്ന കാഴ്ചകണ്ട് സന്തോഷം തോന്നി.

അദ്ദേഹം ഒരു ചെറിയ മരം വെട്ടി വീട്ടില്‍ കൊണ്ടുപോയി ക്രിസ്മസ് രാത്രിയില്‍ നക്ഷത്രങ്ങള്‍ക്കു പകരമായി മെഴുകുതിരികള്‍ അതില്‍ കത്തിച്ചുവച്ച് ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തിയതായി പറയപ്പെടുന്നു. അതിനുശേഷം ഈ രീതി ക്രമേണ പ്രചാരത്തില്‍ വന്നു.

ക്രിസ്മസ് ഫാദര്‍ (സാന്താക്ളോസ്)

'സെന്റ് നിക്കോളാസ്" അഥവാ 'സിന്റര്‍ ക്ളോസ്' എന്ന പേരില്‍ നിന്നുമാണ് 'സാന്താക്ളോസ്' എന്ന പേരിന്റെ ഉദ്ഭവം എന്നാണ് നിലവിലുള്ള വിശ്വാസം. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സെന്റ് നിക്കോളാസ് എന്ന ആര്‍ച്ച് ബിഷപ്പിനെ അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത ഡച്ചുവംശക്കാര്‍ അവരുടെ കാവല്‍ പിതാവായി കരുതിയിരുന്നു.

സിന്റര്‍ ക്ളോസാണ് അമേരിക്കയില്‍ സാന്താക്ളോസ് ആയി മാറിയത്. സെന്റ് നിക്കോളാസ് വെള്ളക്കുതിരപ്പുറത്തു വീടുകളുടെ മുകളില്‍ കൂടി വന്ന് ചിമ്മിനിയില്‍ കൂടി താഴെ തീകായുന്ന സ്ഥലത്ത് വച്ചിട്ടുള്ള തടികൊണ്ടുള്ള ഷൂസുകളില്‍ സമ്മാനങ്ങള്‍ നിക്ഷേപിക്കുമെന്ന വിശ്വാസം ഡച്ചുവംശജര്‍ നിലനിര്‍ത്തിയിരുന്നു.

ഇന്ന് നാം അറിയപ്പെടുന്ന രൂപത്തില്‍ പൂര്‍ണമായ ഒരു രൂപം സാന്താക്ളോസിന് ലഭിച്ചത് 1822 ല്‍ ആണ്. വേദശാസ്ത്രപണ്ഡിതനായിരുന്ന ഡോക്ടര്‍ 'ക്ളെമന്റ് ക്ളാര്‍ക്ക് മൂര്‍', ക്രിസ്മസിന് തലേദിവസം രാത്രിയില്‍ തന്റെ കൂട്ടുകാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുവാനായി ഒരു വണ്ടിയില്‍ പോകുമ്പോള്‍ രചിച്ച കവിതയില്‍ സാന്താക്ളോസിനെ വിവരിച്ചിട്ടുണ്ട്.

തടിച്ച കുടവയറും, വെളുത്തനീണ്ട തൊപ്പിയും, ചുവന്ന കുപ്പായവും അണിഞ്ഞ്, സമ്മാനങ്ങള്‍ ഒരു സഞ്ചിയില്‍ പുറത്ത് തൂക്കിയിട്ട് സുസ്മേരവദനനായി എത്തുന്ന വൃദ്ധനായ സാന്താക്ളോസ് സുപരിചിതനായി തീര്‍ന്നിട്ടുണ്ട്.

ക്രിസ്മസ് കാര്‍ഡ്

കാര്‍ഡുകള്‍വഴി മംഗളങ്ങള്‍ നേരുന്ന രീതിക്ക് 1842 ലാണ് തുടക്കമിട്ടത്. ഇംഗ്ളണ്ടില്‍ 'വില്യം ഈഗ്ളി' തന്റെ ഒരു സ്നേഹിതന്‍ ചെയ്ത ഉപകാരങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുവാന്‍ വേണ്ടിയാണ് ഇത് തുടങ്ങിയത്. ക്രിസ്മസ് കാലമായിരുന്നതുകൊണ്ട് ക്രിസ്മസ് ആഘോഷങ്ങളുടെ ഒരു ചിത്രീകരണം കാര്‍ഡ് ബോര്‍ഡില്‍ വരച്ച് അതില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു.

'വില്യം ഈഗ്ളിയുടെ കൂട്ടുകാര്‍ക്ക് സന്തോഷകരമായ ക്രിസ്മസ്'. ഈ കാര്‍ഡ് ഇന്നു നിലവിലുള്ള കാര്‍ഡുകളെക്കാള്‍ വലിപ്പമുള്ളതായിരുന്നു. ഈ കാര്യം ആരോ വിക്ടോറിയ രാജ്ഞിയുടെ ശ്രദ്ധയില്‍പ്പെടുത്തി. രാജ്ഞി, 'ഡബ്ള്യു.ഇ.ഡോബ്സണ്‍' എന്ന ആര്‍ട്ടിസ്റ്റിനെക്കൊണ്ട് രാജുകുടുംബത്തിനുവേണ്ടി കാര്‍ഡുകള്‍ ഉണ്ടാക്കുകയും ചെയ്തു.

1843 ല്‍ 'സര്‍ ഹെന്റി കോള്‍' തന്റെ സുഹൃത്തായിരുന്ന 'ജോണ്‍ കാല്‍കോട്ട് ഹോഴ്സിലി' രൂപകല്പന ചെയ്ത ക്രിസ്മസ് കാര്‍ഡ് പ്രിന്റ്ചെയ്യിക്കുകയും ചെയ്തു. ക്രമേണ ക്രിസ്മസ് കാര്‍ഡുകള്‍ അയയ്ക്കുന്ന രീതി പ്രചാരത്തിലാകുകയും ചെയ്തു.

ഇറ്റലിയിലെ ക്രിബും, ജര്‍മ്മനിയിലെ ക്രിസ്മസ് ട്രീയും, ഓസ്ട്രിയയിലെ "സൈലന്റ് നൈറ്റ് എന്ന 'കരോളും', അമേരിക്കയിലെ സാന്താക്ളോസും, ഇംഗ്ളണ്ടിലെ ക്രിസ്മസ് കാര്‍ഡും എല്ലാം ഇന്ന് ആഗോളവ്യാപകമായി ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വര്‍ണപ്പൊലിമയേകുന്നു. ഈ ആചാരങ്ങള്‍ക്കെല്ലാം ഒരു ശരിയായ രൂപം വന്നത് പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷമാണ്.

ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ പലകാരണങ്ങള്‍കൊണ്ടും നടന്നുകാണുകയില്ല.

പരസ്യമായ ക്ര്ിമസ് ആഘോഷങ്ങള്‍ പ്രയാസമായിരുന്നിരിക്കണം. കൂടാതെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ക്രിസ്തീയ വിശ്വാസികളുടെ തന്നെ പ്രോത്സാഹനം ലഭിച്ചിരുന്നുമില്ല. അന്നു നിലവിലുണ്ടായിരുന്ന പീഡനമനുസരിച്ച് പരിശുദ്ധന്മാരുടെ ജന്മദിനം ആഘോഷിച്ചിരുന്നില്ല. 'കോണ്‍സ്റ്റന്‍ റ്റൈന്‍' ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിച്ചതിനുശേഷം നാലാം നൂറ്റാണ്ടില്‍ ഈ രീതിക്കെല്ലാം മാററം വന്നു.

ക്രിസ്തുദേവന്റെ ജനനത്തിനു മുന്‍പുതന്നെ ഡിസംബര്‍ 25 ഒരു പ്രത്യേക വിശേഷദിനമായി ആഘോഷിച്ചുവന്നിരുന്നതിനാല്‍ ആ ദിവസം തന്നെ ക്രിസ്തുദേവന്റെ ജന്മദിനമായി ആഘോഷിക്കുവാനുള്ള തീരുമാനം നാലാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തന്നെ ഉണ്ടായതായും കാണാം.

By : John Samuel Kadammanitta

No comments:

Post a Comment

Comment on this post