എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Apr 22, 2012

തൃക്കുന്നത്ത് സെമിനാരി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മാര്‍ പോളികാര്‍പ്പോസ്

ജനുവരി 25-ാം തീയതി പെരുന്നാളിന് തൃക്കുന്നത്ത് സെമിനാരിയില്‍ യാക്കോബായ വിഭാഗത്തിന് വഴിവിട്ടു സഹായം ചെയ്തുകൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി കര്‍ശന നടപടി സ്വാകരിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ്. ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ തല്‍സ്ഥിതി തുടരാനുള്ള തീരുമാനം ലംഘിച്ചു യാക്കോബായ വിഭാഗത്തിനു കൂടുതല്‍ സമയം നല്‍കുകയും കുര്‍ബ്ബാനയ്ക്കുള്ള തിരുവസ്ത്രങ്ങള്‍ ഒളിച്ചു കടത്താന്‍ അനുവദിക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ കളക്ട്രേറ്റിന് മുമ്പില്‍ ധര്‍ണ്ണ ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്തേണ്ടി വരുമെന്ന് മാര്‍ പോളികാര്‍പ്പോസ് മുന്നറിയിപ്പ് നല്‍കി.
സെമിനാരിയില്‍ പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മപ്പെരുന്നാളിന് തല്‍സ്ഥിതി തുടരാനാണ് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. അതനുസരിച്ച് ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ക്ക് പത്ത് മിനിറ്റ് വീതമാണ് അനുവദിച്ചത്. എന്നാല്‍ യാക്കോബായ വിഭാഗം കാല്‍ മണിക്കൂറോളം കബറിങ്കല്‍ ചെലവഴിച്ചുവെന്നും കുര്‍ബ്ബാനയ്ക്ക് ഉപയോഗിക്കുന്ന തിരുവസ്ത്രവും മറ്റും ഒളിച്ചു കടത്തുകയും ചെയ്തതായി ചില ദൃശ്യമാധ്യമങ്ങളില്‍ വന്ന വീഡിയോ വ്യക്തമാക്കുന്നു. ഇതിന് കൂട്ടുനിന്നത് എറണാകുളം ജില്ലാ കളക്ടറാണെന്നത് വേലി തന്നെ വിളവ് തിന്നുന്നതിന് തുല്യമാണ്.
ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിബന്ധന ലംഘിച്ചതിന് തെളിവാണ് യാക്കോബായ സഭയുടെ സ്ഥാനികള്‍ ഫോണില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍. ഇതിനെല്ലാം ഒത്താശ ചെയ്തു കൊടുത്ത് നിയമവാഴ്ചയെ അട്ടിമറിക്കാന്‍ കൂട്ടുനിന്ന കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും, ഈ കാര്യത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും നിലപാടു വ്യക്തമാക്കണമെന്നും മാര്‍ പോളികാര്‍പ്പോസ് ആവശ്യപ്പെട്ടു.
കേവലം ഒരു പള്ളിപിടിക്കാന്‍ വേണ്ടി പരിശുദ്ധ കുര്‍ബ്ബാനയെ അവഹേളിച്ച യാക്കോബായ സഭയും ശ്രേഷ്ഠ കാതോലിക്കായും സ്വയം വിമര്‍ശനത്തിന് തയ്യാറാകണം. അവര്‍ കബറിടത്തില്‍ ഉണ്ടായിരുന്ന സമയത്തിനുള്ളില്‍ കുര്‍ബ്ബാന ചൊല്ലി പൂര്‍ത്തിയാക്കാനാകില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കുര്‍ബ്ബാന നടത്തി എന്ന വ്യാജ പ്രചരണം നടത്തി വരും വര്‍ഷങ്ങളില്‍ അനധികൃതമായി കീഴ്വഴക്കം സൃഷ്ടിക്കാനുള്ള വൃഥാ ശ്രമമാണ് യാക്കോബായ സഭ നടത്തുന്നത്. പള്ളി വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെടുന്ന ശ്രേഷ്ഠ കാതോലിക്കായും യാക്കോബായ വിഭാഗവും തൃക്കുന്നത്ത് സെമിനാരിയുടെ കാര്യത്തില്‍ ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞ ഒത്തുത്തീര്‍പ്പു തീരുമാനത്തെ നിഷ്ക്കരണം തള്ളിക്കളഞ്ഞ് കബറിടത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കുകയാണ് ചെയ്തത്. ഇതിലൂടെ വ്യക്തമാകുന്നത് അവരുടെ ആത്മാര്‍ത്ഥത ഇല്ലായ്മയാണ്. ഈ ആത്മാര്‍ത്ഥത ഇല്ലായ്മ കോലഞ്ചേരിയിലും ഇപ്പോള്‍ പിറവത്തും പ്രകടമാണ്. ഏതുവിധേനയും ഭരണകൂടത്തെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് പള്ളികള്‍ പിടിക്കുക എന്ന ലക്ഷ്യം മാത്രമേ യാക്കോബാ. വിഭാഗത്തിനുള്ളുയെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.
പഴന്തോട്ടം, മാമലശ്ശേരി, മണ്ണത്തൂര്‍ പള്ളികളില്‍ അനധികൃതമായി കടന്നു കയറാനും ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ അവകാശങ്ങളെ ചവിട്ടി മെതിക്കാനും ശ്രമം നടത്തുന്ന യാക്കോബായ വിഭാഗത്തിന് സംസ്ഥാന സര്‍ക്കാരും കൂട്ടുനില്‍ക്കുകയാണ്. പൂര്‍ണ്ണമായും ഓര്‍ത്തഡോക്സ് സഭയുടെ നിയന്ത്രണത്തിലുള്ള പള്ളികളെ തര്‍ക്കസ്ഥലമാക്കി മാറ്റി കടന്നുകയറാനാണ് യാക്കോബായ വിഭാഗം ശ്രമിക്കുന്നത്. ഇതിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നത് അരാജകത്വം വളര്‍ത്താനും ഒരു കൂട്ടം വിശ്വാസികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനു തുല്യമാണെന്ന് മാര്‍ പോളികാര്‍പ്പോസ് പറഞ്ഞു

പുതുപ്പള്ളി പെരുന്നാള്‍ കൊടിയേറ്റ് 28ന്

പൌരസ്ത്യ ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 28നാണ് കൊടിയേറ്റ്. മേയ് അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് പ്രധാന പെരുന്നാള്‍. Notice ഏഴിന് നടക്കുന്ന വെച്ചൂട്ട്  നേര്‍ച്ച സദ്യയില്‍ ഒരുലക്ഷത്തോളം ഭക്തര്‍ പങ്കെടുക്കും. പെരുന്നാളിന്റെ തിരക്ക് കണക്കിലെടുത്ത് സര്‍ക്കാര്‍ മെയ് ഒന്ന് മുതല്‍ 15 വരെ പുതുപ്പള്ളിയും പരിസര പ്രദേശങ്ങളും ഫെസ്റിവല്‍ ഏരിയയായി പ്രഖ്യാപിച്ചു.
പെരുന്നാളിന് മുന്നോടിയായി നാളെ നാലിന് പള്ളിയുടെ പ്രവേശന കവാടത്തിന്റെ അലങ്കാര ഗോപുരം അഭിവന്ദ്യ സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത കൂദാശ ചെയ്യും.

മൈലപ്ര വലിയ പള്ളിപെരുനാള്‍

സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുനാള്‍ 27നു തുടങ്ങും. മേയ് ഏഴു വരെ നീണ്ടു നില്‍ക്കും. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഏബ്രഹാം മാര്‍ സെറാഫീം എന്നിവരുടെ കാര്‍മികത്വത്തില്‍ പെരുനാള്‍ കുര്‍ബാനകള്‍ നടക്കും. വിവിധ ദിവസങ്ങളിലായി തീര്‍ഥാടക സംഗമം, വനിതാ സംഗമം, സമൂഹബലി, കുടുംബ സംഗമം, ഭക്തിനിര്‍ഭരമായ റാസ, ചെമ്പെടുപ്പ് എന്നിവ ഉണ്ടാകും

Apr 21, 2012

മലങ്കരസഭ വീണ്ടും പ്രതിഷേധത്തിലേക്ക്‌

പിറവം പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന്‌ കാതോലിക്കാ ബാവ. പിറവം പള്ളിത്തര്‍ക്കം സഭയുടെ അഭിമാന പ്രശ്‌നമാണ്‌. ജനങ്ങളെ പറഞ്ഞുപറ്റിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നാളെ മുതല്‍ പ്രതിഷേധം ആരംഭിക്കുമെന്നും കാതോലിക്കാ ബാവ പറഞ്ഞു

ചന്ദനപ്പള്ളി പെരുന്നാള്‍ കൊടിയേറ്റ് 29ന്


സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് 29ന് കൊടിയേറും. പ്രധാന പെരുന്നാള്‍ മെയ് ഏഴിനും എട്ടിനും നടക്കും. 29ന് 7.30ന് കുര്‍ബ്ബാനയ്ക്കുശേഷം 10ന് പള്ളിയങ്കണത്തിലെ സ്വര്‍ണ്ണ കൊടിമരത്തില്‍ വികാരി ഫാ.റോയി എം.ജോയി കൊടിയേറ്റും. Notice
10.30ന് ശലഭസംഗമം, മൂന്നിന് കൊടിമരഘോഷയാത്ര, 6.15ന് കല്‍കുരുശിങ്കല്‍ കൊടിയേറ്റ്. 30ന് 7.30ന് കുര്‍ബ്ബാന, 5.30ന് പിതൃസ്മതൃതി. മെയ് ഒന്നിന് 7.30ന് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബ്ബാന, 9.30ന് തീര്‍ത്ഥാടന വാരാചരണം. 10ന് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ അഖില മലങ്കര ക്വിസ് മത്സരം, 6.30ന് ആധ്യാത്മിക സംഘടനാ വാര്‍ഷികം അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് ഉദ്ഘാടനം ചെയ്യും. എട്ടിന് ചിരിയരങ്ങ്.
മെയ് രണ്ടിന് 7.30ന് മൂന്നിന്മേല്‍ കുര്‍ബ്ബാന, 6.30ന് കുടുംബസംഗമം, അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഫാ. ജോണ്‍ മണക്കുന്നില്‍ സന്ദേശം നല്‍കും. മെയ് മൂന്നിന് വൈകിട്ട് 6.30ന് താലന്ത്, കുട്ടികളുടെ കലാപരിപാടി.
മെയ് നാലിന് 7.30ന് അഭിവന്ദ്യ പൌലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബ്ബാന, 10ന് വനിതാ സംഗമം. മെയ് അഞ്ചിന് 10ന് പ്രത്യാശ പ്രാര്‍ത്ഥനാ സംഗമം ഫാ.ടി.ജെ. ജോഷ്വാ സന്ദേശം നല്‍കും. 2.30ന് അഖില മലങ്കര യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ റീജനല്‍ സമ്മേളനം അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
മെയ് ആറിന് 7.30ന് അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബ്ബാന, 10ന് ഇടവകദിനം, ജിജി തോംസണ്‍ സന്ദേശം നല്‍കും.
മെയ് ഏഴിന് 9.30ന് സ്വര്‍ണ്ണക്കുരിശ് സമര്‍പ്പണം, 10ന് ഷ്രൈന്‍ എഴുന്നള്ളിപ്പ്. രണ്ടിന് വാദ്യമേളങ്ങള്‍, നാലിന് പദയാത്രികര്‍ക്ക് ജംക്ഷനില്‍ സ്വീകരണം, അഞ്ചിന് പദയാത്രികര്‍ക്ക് കുരിശിങ്കല്‍ സ്വീകരണം, ആറിന് അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസ്യോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ്, ഡോ. സഖറിയാ മാര്‍ അപ്രേം എന്നിവരുടെ കാര്‍മികത്വത്തില്‍ സന്ധ്യാനമസ്കാരം, ഏഴിന് അനുഗ്രഹ പ്രഭാഷണം, 7.30ന് ശ്ളൈഹീക വാഴ്വ്, എട്ടിന് റാസ, 11.30ന് ആകാശദീപക്കാഴ്ച, 11.45ന് ഗാനമേള.
മെയ് എട്ടിന് ആറിന് ചെമ്പില്‍ അരിയിടീല്‍ കര്‍മ്മം, 8.30ന് മൂന്നിന്മേല്‍ കുര്‍ബ്ബാന, തീര്‍ത്ഥാടക സംഗമവും, ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് സമര്‍പ്പണവും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റിസ് ബഞ്ചമിന്‍ കോശിക്ക് ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് ബഹുമതി നല്‍കും. സാമ്പത്തിക സഹായ പദ്ധതി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. മൂന്നിന് ചെമ്പെടുപ്പ് റാസ, നാലിന് ചെമ്പെടുപ്പ് റാസയ്ക്ക് ജംഗ്ഷനില്‍ സ്വീകരണം, അഞ്ചിന് പ്രസിദ്ധമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ്, ആശീര്‍വാദം, എട്ടിന് നാടകം. 13ന് 7.30ന് കുര്‍ബ്ബാന, 10ന് കൊടിയിറക്ക്.

Apr 17, 2012

മധ്യസ്‌ഥന്മാരെ നിയോഗിക്കണമെന്ന വാദത്തില്‍ ആത്മാര്‍ഥതയില്ല : മലങ്കരസഭ

സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ മധ്യസ്‌ഥന്മാരെ നിയോഗിക്കണമെന്ന യാക്കോബായ വിഭാഗം നിര്‍ദേശം ആത്മാര്‍ഥതയില്ലാത്തതും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നവിധത്തിലുള്ളതുമാണെന്ന്‌ മലങ്കരസഭാ വൈദിക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌. കോടതിവിധികള്‍ അനുസരിക്കാതെയും ആലുവ തൃക്കുന്നത്ത്‌ സെമിനാരി പള്ളി സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ച ഉഭയകക്ഷി ഉടമ്പടിയും മധ്യസ്‌ഥ തീരുമാനങ്ങളും പാലിക്കാതെയും കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ നിലവിലുള്ള മന്ത്രിസഭാ ഉപസമിതിക്ക്‌ വഴങ്ങാതെയും മനഃപൂര്‍വം സംഘര്‍ഷം സൃഷ്‌ടിച്ച്‌ പള്ളികള്‍ പൂട്ടിക്കുന്നത്‌ പതിവാക്കിയവര്‍തന്നെ ഒത്തുതീര്‍പ്പിന്റെ വക്‌താക്കളായി ചമയുന്നത്‌ വിചിത്രമായിരിക്കുന്നു. കണ്ടനാട്‌ ഭദ്രാസനത്തിലെ മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌, വെട്ടിത്തറ മാര്‍ മിഖായേല്‍ തുടങ്ങിയ പള്ളികള്‍ അടുത്ത കാലത്ത്‌ പൂട്ടിക്കുന്നതിന്‌ കാരണക്കാരായത്‌ യാക്കോബായ നേതാക്കളാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

Apr 3, 2012

ഓര്‍മ്മ പെരുന്നാളുകള്‍ ‍ - April 2012

 
പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 47-ാം ഓര്‍മപ്പെരുന്നാള്‍ ഏപ്രില്‍ എട്ട്, ഒന്‍പത് തീയതികളില്‍ പാമ്പാടി ദയറായില്‍ ആചരിക്കും. പരിശുദ്ധ ദിദിമോസ് പ്രഥമന്‍ വലിയ ബാവായും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായും സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരും നേതൃത്വം നല്‍കും.എട്ടിന് ഉച്ചയ്ക്ക് കുന്നംകുളം ഭദ്രാസനത്തില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം. നാലിന് ഇടുക്കി, കാരാപ്പുഴ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ സ്വീകരണം. 4.30ന് സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ സന്ധ്യാനമസ്കാരം. അഞ്ചിന് പാമ്പാടി കത്തീഡ്രലില്‍ നിന്നു ദയറായിലേക്ക് പ്രദക്ഷിണം. 5.45ന് വിവിധ ഇടവകകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കു ദയറായില്‍ സ്വീകരണം. 7.20ന് പാമ്പാടിയില്‍ നിന്നുള്ള പ്രദക്ഷിണം ദയറായില്‍ എത്തിച്ചേരും.ഒന്‍പതിന് വെളുപ്പിനെ അഞ്ചിന് കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും. 8.30ന് പരിശുദ്ധ വലിയ ബാവയുടെയും പരിശുദ്ധ കാതോലിക്ക ബാവയുടെയും കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബ്ബാന, 10.30ന് പ്രദക്ഷിണം, 11.30ന് നേര്‍ച്ച വിളമ്പ്. പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിലേക്ക് ബസ് സര്‍വ്വീസ് ഉണ്ടായിരിക്കും.
പരിശുദ്ധ പിതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ

Apr 2, 2012

53 വര്‍ഷത്തിനു ശേഷം ക്യൂബ ദുഃഖവെള്ളി ആചരിക്കും

ഔദ്യോഗികമായി നിരീശ്വര രാജ്യമാണെങ്കിലും ക്യൂബയിലെ ജനങ്ങള്‍ 53 വര്‍ഷത്തിനു ശേഷം ഇക്കുറി ദുഃഖവെള്ളിയാഴ്‌ച ആചരിക്കും. വെള്ളിയാഴ്‌ച രാജ്യത്തു പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്‌.

കഴിഞ്ഞ ആഴ്‌ച ക്യൂബ സന്ദര്‍ശിച്ച ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അഭ്യര്‍ഥന മാനിച്ചാണ്‌ പ്രസിഡന്റ്‌ റൗള്‍ കാസ്‌ട്രോ ദുഃഖവെള്ളിയാഴ്‌ച പൊതു അവധിദിനമായി പ്രഖ്യാപിച്ചത്‌.

എല്ലാ വര്‍ഷവും ദുഃഖവെള്ളി പൊതു അവധിദിനമായി പ്രഖ്യാപിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നു ക്യൂബന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ ഗ്രാന്‍മ റിപ്പോര്‍ട്ട്‌ ചെയ്‌തു.

കഴിഞ്ഞ ബുധനാഴ്‌ച ഹവാനയിലെ വിപ്ലവ ചത്വരത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌തപ്പോഴാണ്‌ യേശുക്രിസ്‌തു ക്രൂശിക്കപ്പെട്ടതിന്റെ ഓര്‍മദിനമായ ദുഃഖവെള്ളിയാഴ്‌ച അവധിയായി പ്രഖ്യാപിക്കണമെന്നു മാര്‍പ്പാപ്പ അഭ്യര്‍ഥിച്ചത്‌.

അതു മാനിക്കുമെന്ന്‌ റൗള്‍ കാസ്‌ട്രോ അപ്പോള്‍ത്തന്നെ ഉറപ്പു നല്‍കിയിരുന്നു. പുതിയ തീരുമാനം നല്ല സൂചനയാണെന്ന്‌ തീരുമാനത്തെ സ്വാഗതം ചെയ്‌ത വത്തിക്കാന്‍ വക്‌താവ്‌ ഫെഡറികോ ലൊംബോര്‍ദി അഭിപ്രായപ്പെട്ടു.ക്യുബന്‍ വിപ്ലവത്തിന്റെ നായകനായ ഫിഡല്‍ കാസ്‌ട്രോ 1959 ല്‍ മതങ്ങളുമായി ബന്ധപ്പെട്ട എല്ലാ അവധിദിനങ്ങളും റദ്ദാക്കിയിരുന്നു.

1998 ല്‍ ക്യൂബയിലെത്തിയ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അഭ്യര്‍ഥന മാനിച്ച്‌ ഫിഡല്‍ കാസ്‌ട്രോ ക്രിസ്‌മസ്‌ ആലോഷത്തിന്‌ അനുമതി നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ അനുജനാണ്‌ ഇപ്പോള്‍ പുതിയ മാര്‍പാപ്പയുടെ ആഗ്രഹം മാനിച്ച്‌ ദുഃഖവെള്ളി ആചരണത്തിന്‌ അനുമതി നല്‍കിയതെന്നതു ശ്രദ്ധേയമായി.

കടമ്മനിട്ടപള്ളി നവീകരണം അവസാന ഘട്ടത്തിലേക്ക്


പുതുക്കി പണിയുന്ന കടമ്മനിട്ട പള്ളിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു, മാര്‍ച്ച്‌ 19 തിങ്കളാഴ്ച പ്രധാന വാതിലുകള്‍ ബഹു. വികാരി ഗബ്രിയേല്‍ ജോസഫ്‌ അച്ഛന്റെ നേതൃത്തത്തില്‍ സ്ഥാപിച്ചു. 27നു ചൊവ്വാഴ്ച ദേവാലയമണി സ്ഥാപനവും നടന്നു. അവിശേഷിക്കുന്ന മിനുക്കുപണികള്‍ പൂര്‍ത്തിയാക്കി മേയ് അവസാന വാരത്തോടു കൂടി കൂദാശ ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടകുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 2011 ജൂണ്‍ മാസം ആരംഭിച്ച പണികള്‍ ഒരു വര്ഷം കൊണ്ടാണ് പൂര്‍ത്തിയാകുന്നത്.

Malankara Archive