
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സെക്രട്ടറിയും ട്രസ്‌റ്റിയും മാനേജിംഗ് കമ്മിറ്റി അംഗവുമായി ആറു പതിറ്റാണ്ടു പ്രവര്‍ത്തിച്ച പി.സി. ഏബ്രഹാം പടിഞ്ഞാറേക്കര (അവറാച്ചായന്‍-88) അന്തരിച്ചു.
മനോരമ മുന്‍ ചീഫ് എഡിറ്റര്‍ കെ.സി. മാമ്മന്‍മാപ്പിളയുടെ സഹോദരീപുത്രനാണ്. ഇന്നലെ പുലര്‍ച്ചെ 2.30 നായിരുന്നു അന്ത്യം. ഇന്നു നാലുമുതല്‍ ആറുവരെ കോട്ടയം ബസേലിയോസ് കോളജില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും. തുടര്‍ന്ന് ഭവനത്തില്‍ മൃതദേഹം എത്തിക്കും.
നാളെ മൂന്നിനു വീട്ടില്‍ ശുശ്രൂഷയെ തുടര്‍ന്നു നാലിനു പുത്തനങ്ങാടി പുത്തന്‍പള്ളിയിലെ കുടുംബക്കല്ലറയില്‍ സംസ്‌കാരം നടത്തും.
പരിശുദ്ധ കാതോലിക്കാ ബാവായും സഭയിലെ മെത്രാപ്പോലീത്തമാരും ശുശ്രൂഷകള്‍ക്കു കാര്‍മികത്വം വഹിക്കും.
ഓര്‍ത്തഡോക്‌സ് സഭ മാനേജിംഗ് കമ്മിറ്റി അംഗം, പടിഞ്ഞാറേക്കര ഏജന്‍സീസ് മാനേജിംഗ് ഡയറക്‌ടര്‍, നിലയ്‌ക്കല്‍ സെന്റ് തോമസ് ചര്‍ച്ച് ആന്‍ഡ് എക്യുമെനിക്കല്‍ സെന്റര്‍ ട്രസ്‌റ്റ് ട്രഷറര്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്‌ഠിക്കുകയായിരുന്നു.
1922 ഓഗസ്‌റ്റ് 28നു പുത്തനങ്ങാടി പടിഞ്ഞാറേക്കര പരേതരായ പി.കെ. ചാക്കോയുടെയും അന്നമ്മ ചാക്കോയുടെയും മകനായാണു ജനനം. സി.എം.എസ്. കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റും മദ്രാസ് ക്രിസ്‌ത്യന്‍ കോളജില്‍നിന്നു ബി.എയും ലഖ്‌നൗ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബി.കോം എല്‍.എല്‍.ബി.യും കരസ്‌ഥമാക്കി.
1960 ല്‍ 38-ാം വയസില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മാനേജിംഗ് കമ്മിറ്റിയിലെത്തി. 14 വര്‍ഷം സമുദായ സെക്രട്ടറിയായും 26 വര്‍ഷം അല്‍മായ ട്രസ്‌റ്റിയായും പ്രവര്‍ത്തിച്ചു. മാനേജിംഗ് കമ്മിറ്റിയിലെത്തുന്നതിനു മുന്‍പ് സഭയുടെ പ്ലാനിംഗ് കമ്മിറ്റിയില്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. കാലം ചെയ്‌ത പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ, പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ ബാവ, പരിശുദ്ധ മാത്യൂസ് പ്രഥമന്‍ ബാവ, പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ ബാവ എന്നിവരോടൊപ്പവും ഇപ്പോഴത്തെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ കാതോലിക്ക ബാവയോടൊപ്പവും സഭയുടെ അമരക്കാരനായി പ്രവര്‍ത്തിച്ചു.
ദേവലോകത്തു സഭയുടെ ആസ്‌ഥാനസ്‌ഥലം വാങ്ങുന്നതിനായി മുഖ്യധാരയില്‍നിന്നു പ്രവര്‍ത്തിച്ചത് പി.സി. ഏബ്രഹാമാണ്. സഭയില്‍ പ്രശസ്‌ത സേവനം നടത്തിയതിനു പരിശുദ്ധ കാതോലിക്കാ ബാവ സ്വര്‍ണപതക്കം നല്‍കി ആദരിച്ചിരുന്നു. 1966 ല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ഷെവലിയര്‍ ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്. 'ഓര്‍മയുടെ പൂക്കള്‍' എന്ന ആത്മകഥ അടുത്തിടെ പുറത്തിറക്കിയിരുന്നു.
കോട്ടയം എക്യുമെനിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ്, രാമവര്‍മ യൂണിയന്‍ ക്ലബ് പ്രസിഡന്റ്, റോട്ടറി ക്ലബ് സ്‌ഥാപക അംഗം, കൊച്ചി ലോട്ടസ് ക്ലബ് അംഗം, വൈ.എം.സി.എ. അംഗം, കോട്ടയം ഗെയിംസ് ആന്‍ഡ് സ്‌പോര്‍ട്‌സ് പ്രമോഷന്‍ സൊസൈറ്റി സ്‌ഥാപക രക്ഷാധികാരി, സീനിയര്‍ സിറ്റിസണ്‍ ഫോറം അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
വൈ.ഡബ്ല്യു.സി.എ. മുന്‍ ദേശീയ പ്രസിഡന്റ് അങ്കമാലി വയലിപ്പറമ്പില്‍ കുടുംബാംഗം ഓമനയാണു ഭാര്യ. മക്കള്‍: സതീഷ് ഏബ്രഹാം (ഡയറക്‌ടര്‍, പടിഞ്ഞാറേക്കര ഏജന്‍സീസ്), അന്നമ്മ മാത്യു (ചെന്നൈ), മോഹന്‍ ഏബ്രഹാം (പടിഞ്ഞാറേക്കര എസ്‌റ്റേറ്റ്‌സ്).
മരുമക്കള്‍: വിമല (കളരിക്കല്‍ കുടുംബാംഗം), പി.സി. മാത്യു (പുത്തന്‍വീട്ടില്‍ കുടുംബാംഗം), മറിയ (ചീരന്‍ കുടുംബാംഗം). അഡ്വ. പി.സി. കുര്യന്‍, മുന്‍ എം.എല്‍.എ. പരേതനായ പി.സി. ചെറിയാന്‍, സൂസി മാത്യു, ഏലി ഉമ്മന്‍, പരേതയായ മേരിക്കുട്ടി മാത്യു എന്നിവര്‍ സഹോദരങ്ങളാണ്.
No comments:
Post a Comment
Comment on this post