ദൈവ ജനത്തിനു ഇത് സ്വപ്ന സാക്ഷാല്‍ക്കാരം ...ധന്യമായ നിര്‍വൃതി ..കാലം ചരിത്രമായി ...പൌലോസ് പ്രഥമന്‍ മുതല്‍ പൌലോസ് ദ്വിതീയന്‍ വരെ നൂറു സംവത്സരം മലങ്കര സഭ ....വാഴുക സഭയെ നിന്‍ കാന്തന്‍ മുന്‍പില്‍ ..കാവലായ് ..കനിവായ് ...കാലങ്ങളോളം ....പരിശുദ്ധ സഭയെ നീണാള്‍ വാഴുക .......അമ്മേ ഞങ്ങള്‍ മറക്കില്ല...... മലങ്കരസഭയെ മറക്കില്ല.......മാര്‍തോമായുടെ ദീപശിഖ ആളിപടരും ദീപശിഖ താലമുറ തലമുറ കയ്യ്മാറീ കെടാതെ ഞങ്ങള്‍ സുക്ഷിക്കും ... മാര്‍തോമാശ്ലീഹയുടെ സിംഹാസനം നീണാല്‍ വാഴട്ടെ...... ജയ് ജയ് കാതോലികോസ്സ്.....
മലങ്കരസഭയുടെ ഐക്യവും സ്വയംശീര്‍ഷകത്വവും വിളിച്ചോതിയ കാതോലിക്കേറ്റ് ശതാബ്‌ദി സമ്മേളനം ആവേശക്കടലായി. എറണാകുളം മറൈന്‍ഡ്രൈവ് മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. സമ്മേളനം ടിബറ്റന്‍ ജനതയുടെ ആത്മീയാചാര്യന്‍ ദലൈ ലാമ ഉദ്‌ഘാടനം ചെയ്‌തു.
വ്യത്യസ്‌ത പാരമ്പര്യങ്ങളിലുള്ളവരുടെ സൗഹാര്‍ദപരമായ ജീവിതമാണു ലോകത്തിന് ഇന്ത്യ നല്‍കുന്ന സന്ദേശമെന്നു ദലൈ ലാമ പറഞ്ഞു. ഭൗതികവളര്‍ച്ചയ്‌ക്കൊപ്പം ആത്മീയവളര്‍ച്ചയ്‌ക്കും പ്രാധാന്യം നല്‍കണം. ലോകത്തൊരിടത്തും ഇല്ലാത്തവിധം ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്‌ത്യന്‍, ഇസ്ലാം, സിഖ് സംസ്‌കാരങ്ങള്‍ ഇവിടെ തഴച്ചുവളര്‍ന്നു. വ്യത്യസ്‌ത മതങ്ങള്‍ക്ക് എങ്ങനെ ഐക്യത്തോടെ കഴിയാമെന്ന് ഇന്ത്യ തെളിയിച്ചു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആ പാരമ്പര്യത്തിനു കൈമോശം വന്നിട്ടില്ല. പണത്തിനു ഭൗതികസുഖം നല്‍കാനേ കഴിയൂ. ആത്മസംതൃപ്‌തി നല്‍കാന്‍ ആധ്യാത്മികത വേണം. ഇന്ത്യ നല്‍കിയ മഹത്തായ സന്ദേശമാണ് അഹിംസയുടേത്. സഹിഷ്‌ണുതയുടെയും പരസ്‌പര ആദരവിന്റെയും പാരമ്പര്യമാണ് ഇന്ത്യ കാട്ടിക്കൊടുക്കുന്നത്. മതമില്ലാത്തവരെയും മാനിക്കുന്നതാണ് ഇവിടത്തെ പാരമ്പര്യം- അദ്ദേഹം പറഞ്ഞു.
സാമൂഹികസേവനരംഗത്ത് ഓര്‍ത്തഡോക്‌സ് സഭ വഹിക്കുന്ന പങ്കു മാതൃകാപരമാണെന്നും ദലൈ ലാമ പറഞ്ഞു. ടിബറ്റിലെ പ്രാദേശികഭാഷയിലാണു ദലൈ ലാമ പ്രസംഗം തുടങ്ങിയത്. പിന്നീട് ഇംഗ്ലീഷിലേക്കു മാറി.
രാജ്യത്തിന്റെ ശാസ്‌ത്ര-വ്യാവസായിക പുരോഗതിക്കു ക്രൈസ്‌തവ സമൂഹം നല്‍കിയ സംഭാവനകള്‍ മുന്‍ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്‌ദുള്‍ കലാം മുഖ്യപ്രഭാഷണത്തില്‍ അനുസ്‌മരിച്ചു. 1962 ല്‍ തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്‌ഥാപിച്ചപ്പോഴുണ്ടായ എതിര്‍പ്പും വിക്രം സാരാഭായിയുടെ ഇടപെടലും അദ്ദേഹം ഓര്‍മിച്ചു. വിക്ഷേപണകേന്ദ്രം നിര്‍മിക്കുന്നതിനായി പള്ളി പൊളിച്ചുനീക്കേണ്ടതുണ്ടായിരുന്നു. മല്‍സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ഭൂരിപക്ഷം ഇടവകാംഗങ്ങളും പള്ളി പൊളിക്കുന്നതിന് എതിരായിരുന്നു. എന്നാല്‍ ഒരു ഞായറാഴ്‌ച കുര്‍ബാന കഴിഞ്ഞു പള്ളി വികാരി റവ. പീറ്റര്‍ പെരേരയോടൊപ്പം വിക്രം സാരാഭായി ഇടവകാംഗങ്ങളോടു സംസാരിച്ചതോടെ എതിര്‍പ്പു കുറഞ്ഞു. പിന്നീട് എല്ലാവരും ചേര്‍ന്നാണു പള്ളി പൊളിച്ചത്. കാതോലിക്കാ ബാവയാകുന്ന സൂര്യനു ചുറ്റും നൂറുവര്‍ഷം മലങ്കര സഭ വലയം ചെയ്‌തു കഴിഞ്ഞതായി വിശ്വാസികളുടെ കരഘോഷത്തിനിടെ ഡോ. കലാം അഭിപ്രായപ്പെട്ടു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷനായിരുന്നു. ശതാബ്‌ദി സ്‌മാരകമായി 100 കോടി രൂപയുടെ ജീവകാരുണ്യ പ്രവൃത്തികള്‍ അദ്ദേഹം പ്രഖ്യാപിച്ചു. വിശ്വാസികളുടെയും ഇടവകകളുടെയും സഹായത്തോടെ ജീവകാരുണ്യ പ്രവൃത്തികള്‍ നടപ്പാക്കും. സൗജന്യ ഡയാലിസിസ്, ഹൃദയ-കാന്‍സര്‍ ചികില്‍സ, നിര്‍ധനര്‍ക്കു ഭവനനിര്‍മാണ-വിവാഹ- ഉപരിപഠന സഹായം, പിന്നാക്കക്കാര്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, കടക്കെണിയിലായ കര്‍ഷകര്‍ക്ക് സഹായം തുടങ്ങിയവയാണ് ഉദ്ദേശിക്കുന്നതെന്നു കാതോലിക്കാ ബാവ പറഞ്ഞു.
ശതാബ്‌ദി സ്‌മാരകഗ്രന്ഥത്തിന്റെ പ്രകാശനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. അല്‍മായ ട്രസ്‌റ്റി എം.ജി. ജോര്‍ജ് മുത്തൂറ്റിന് പുസ്‌തകം കൈമാറി. ജൂബിലിയോടനുബന്ധിച്ചു പ്രഖ്യാപിച്ച നൂറുകോടി രൂപയുടെ ജീവകാരുണ്യ പദ്ധതി സഭയുടെ മാറ്റ് വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മാര്‍ത്തോമ്മന്‍ പൈതൃകമുള്ള സഭകള്‍ ഒന്നായിത്തീരണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നിര്‍ദേശിച്ചു. സഭാ സ്‌ഥാപനത്തിന്റെ 1960-ാം വാര്‍ഷികം കേരളത്തിലെ എല്ലാ സഭകള്‍ക്കും ബാധകമാണെന്നു കല്‍ദായ സഭ ആര്‍ച്ച് ബിഷപ് മാര്‍ അഫ്രേം ചൂണ്ടിക്കാട്ടി.
വിദേശ മേല്‍ക്കോയ്‌മയില്ലാതെ പ്രവര്‍ത്തിക്കുന്നതാണ് ഓര്‍ത്തഡോക്‌സ് സഭയുടെ സവിശേഷതയെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഡോ. കുര്യാക്കോസ് മാര്‍ ക്ലിമീസ് പ്രതിജ്‌ഞാവാചകം ചൊല്ലിക്കൊടുത്തു. ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, കേന്ദ്രസഹമന്ത്രി കെ.വി. തോമസ്, ഹൈബി ഈഡന്‍ എം.എല്‍.എ, മേയര്‍ ടോണി ചമ്മിണി, കൗണ്‍സിലര്‍ ലിനോ ജേക്കബ്, ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ക്രിസ്‌ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യ ജനറല്‍ സെക്രട്ടറി ഡോ. ഹെന്‍ട്രി ലെബാംഗ്, ഡബ്ല്യു.സി.സി. ഏഷ്യാ സെക്രട്ടറി ഡോ. ദോംഗ് സംഗ് കിം, നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി റോജര്‍ ഗെയ്‌ക്വാദ്, സീനിയര്‍ മെത്രാപ്പോലീത്ത തോമസ് മാര്‍ അത്താനാസിയോസ് എന്നിവര്‍ പ്രസംഗിച്ചു.
സിനഡ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് സഭാ ചരിത്രാവതരണം നടത്തി. വൈദിക ട്രസ്‌റ്റി ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി