എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Dec 5, 2012

ക്രിസ്തുമസ് ആഘോഷങ്ങള്‍


"കൂടുമോ കൂടുമോ മത്സോദരാ-
ആടിടാം പാടിടാം ആമോദരായി"

                     ഓര്‍മ്മയുണ്ടോ ആ മനോഹര കരോള്‍ ഗാനം?പാട്ടും പാടി  താളമേളവുമായി വരുന്ന കരോള്‍ സംഘത്തെ ആര്‍ക്കാണ് ഇഷ്ടം ഇല്ലാത്തെ?ക്രിസ്തുമസിലെ വിവിധ ആചാരങ്ങള്‍ എങ്ങനെ ഉണ്ടായി എന്ന് എപ്പോളെങ്കിലും ചിന്തിച്ചിടുണ്ടോ?പുല്‍ക്കൂട്, കരോള്‍, ക്രിസ്തുമസ് ട്രീ, ക്രിസ്തുമസ് അപ്പൂപ്പന്‍  അങ്ങനെ അങ്ങനെ നിരവധി കാര്യങ്ങള്‍ നമുക്ക് ക്രിസ്തുമസില്‍ കാണാന്‍ കഴിയും.ക്രിസ്തുമസിലെ വിവിധ ആചാരങ്ങളെ പറ്റി അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ആണ് ഇത്തവണത്തെ വിഷയം.               ക്രിസ്തുദേവന്റെ ജനനം അവിചാരിതമായിരുന്നില്ല. എന്നാല്‍ ക്രിസ്മസിനോടനുബന്ധിച്ച് നിലവിലുള്ള പല ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും തുടക്കം കുറിച്ചതു യാദ്ൃഛികമായാണ്.അവയെല്ലാം ക്രിസ്മസ് പരിപാടികളില്‍ പ്രാധാന്യം അര്‍ഹിക്കുന്നവയുമാണ്.പ്രധാനമായും ക്രിസ്മസ് ക്രിബ് (പുല്‍ക്കൂട്), ക്രിസ്മസ് കരോള്‍, ക്രിസ്മസ് ട്രീ, ക്രിസ്മസ് ഫാദര്‍, ക്രിസ്മസ് കാര്‍ഡ് എന്നിവയാണ് കാലത്തിനൊത്തു മാറുകയും വിപുലമാകുകയും ചെയ്യുന്ന ക്രിസ്മസ് ആചാരങ്ങള്‍. മനുഷ്യരാശിയുടെ ഭാവിഭാഗധേയം നിര്‍ണയിക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച ആ ചരിത്രസംഭവം കഴിഞ്ഞിട്ട് ഇരുപതു നൂറ്റാണ്ടുകള്‍ കഴിഞ്ഞു.

1. ക്രിസ്മസ് ക്രിബ് (പുല്‍ക്കൂട്)
             ആദ്യത്തെ ക്രിസ്മസ് രാത്രിയില്‍ ബത്ലഹേമിലെ പുല്‍ക്കൂട്ടില്‍ ക്രിസ്തുദേവന്‍ ജനിച്ചശേഷം അവിടെ കണ്ട കാഴ്ചയാണല്ലോ പുല്‍ക്കൂട്ടില്‍ ചിത്രീകരിക്കുന്നത്. പരസ്യമായ ക്രിസ്മസ് ആഘോഷങ്ങള്‍ തുടങ്ങിയതിനുശേഷം പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവിന്റെ രൂപം ഉണ്ടാക്കി അതിനുചുറ്റും വൃത്താകൃതിയില്‍ നിന്ന് പാട്ടുകള്‍പാടുന്ന പതിവ് ഉണ്ടായിരുന്നു.
പതിമൂന്നാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ് ഓഫ് അസീസിയാണ് പുല്‍ക്കൂടിന് ശരിയായ രൂപം നല്‍കിയത്. 1223 ല്‍ അദ്ദേഹം തന്റെ താമസസ്ഥലത്തിനടുത്ത് ഒരു താഴ്വരയില്‍ കുറെ ആട്ടിടയന്മാര്‍ വിശ്രമിക്കുന്ന കാഴ്ചകണ്ട് ക്രിസ്തുദേവന്റെ ജനനത്തെപ്പറ്റിയും ആദ്യത്തെ ക്രിസ്മസ് രാത്രിയെപ്പറ്റിയും ഓര്‍ക്കാനിടയായി.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ബേത്ലഹേം പുല്‍ക്കൂട്ടില്‍ ആദ്യ ക്രിസ്മസ് രാത്രിയിലുണ്ടായിരുന്നപോലെയുള്ള കാഴ്ചകള്‍ക്ക് രൂപം നല്‍കി. ഒരു പുല്‍ക്കൂട് ഉണ്ടാക്കി, പിന്നെ മെഴുകുകൊണ്ട് ഉണ്ണിയേശുവിന്റെ രൂപം ഉണ്ടാക്കി പുല്‍ക്കൂട്ടില്‍ വച്ചു. തന്റെ ആശ്രമത്തിലുണ്ടായിരുന്ന മറ്റ് ആളുകളെയും പശു, ആട്, കഴുത എന്നിവയെയും കൂട്ടി, ആദ്യ ക്രിസ്മസ് രാത്രിയിലെ കാഴ്ച പൂര്‍ണമാക്കി. ആഘോഷ പരിപാടി വളരെ ഭംഗിയായിരുന്നു. അദ്ദേഹം അതിനടുത്തുനിന്ന് ആനന്ദംകൊണ്ട് കണ്ണീര്‍പൊഴിച്ചു.
ഭക്തജനങ്ങള്‍ക്ക് ഈ കാഴ്ച നന്നായി ഇഷ്ടപ്പെട്ടു. തുടര്‍ന്ന് ക്രിസ്മസ് ആഘോഷങ്ങളുടെ ഒരു പരിപാടിയായി പല സ്ഥലങ്ങളിലും പുല്‍ക്കൂടുകള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിക്കുന്നത് പതിവായിത്തീര്‍ന്നു.

2. ക്രിസ്മസ് കരോള്‍
                 ഉണ്ണിയേശുവിന്റെ രൂപത്തിന് ചുറ്റും നിന്ന് പാട്ടുകള്‍ പാടുന്ന രീതി നാലാം നൂറ്റാണ്ടുമുതല്‍ നിലവിലുണ്ടായിരുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ 'ഫ്രാന്‍സിസ് ഓഫ് അസീസി' തന്നെയാണ് ഇതിന് പ്രാധാന്യം നല്‍കിയത്. വീടുകള്‍ തോറും കയറി പാട്ടുകള്‍ പാടി ക്രിസ്തുദേവന്റെ ജനനത്തെ വിളിച്ചറിയിക്കുന്ന രീതി പതിനഞ്ചാം നൂറ്റാണ്ടില്‍ നിലവില്‍ വന്നു.
സൈലന്റ്നൈറ്റ്-ഹോളിനൈറ്റ്' എന്ന പ്രസിദ്ധമായ പാട്ട് 1818 ല്‍ ഓസ്ട്രിയന്‍ പാതിരിയായ 'ഫാദര്‍ ജോസഫ് മോഹര്‍' ആണ് രചിച്ചത്. ആ വര്‍ഷം ക്രിസ്മസിന്റെ തലേരാത്രി തന്റെ പള്ളിയിലെ ഓര്‍ഗന്‍ എലി കരണ്ട് നശിപ്പിച്ചതിലുള്ള ദുഖവുമായി നടന്ന ഫാ.മോഹര്‍ ക്രിസ്മസ് ചടങ്ങുകളില്‍ പാട്ടുകള്‍ക്ക് താളം പകരുവാന്‍ എന്തുചെയ്യുമെന്നറിയാതെ കുഴങ്ങി.
രാത്രിയില്‍ പുറത്തേക്ക് നടക്കാനിറങ്ങിയ അദ്ദേഹം അവിചാരിതമായി ഒരു കുന്നിന്‍മുകളില്‍ നില്‍ക്കുകയും നക്ഷത്രങ്ങള്‍ തിളങ്ങിനിന്ന ശാന്തമായ ആ രാത്രിയില്‍ പെട്ടെന്ന് ബേത്ലഹേമിലെ ആദ്യ ക്രിസ്മസ് രാത്രിയെപ്പറ്റി ഓര്‍ക്കുകയും അദ്ദേഹത്തിന്റെ നാവില്‍ നിന്നും നാലുവാക്കുകള്‍ പുറത്തുവരികയും ചെയ്തു-'സൈലന്റ് നൈറ്റ്-ഹോളി നൈറ്റ്'.
ഉടനെതന്നെ അദ്ദേഹം പള്ളിയിലേക്ക് തിരിച്ചുപോയി കുറെ വരികള്‍ കൂടി എഴുതി ആ പാട്ടുകള്‍ പൂര്‍ത്തിയാക്കി.
രാവിലെ ഫാ.മോഹറിന്റെ സ്നേഹിതനും ക്വയര്‍ മാസ്റ്ററുമായ 'ഫ്രാന്‍സ് ഗ്രബര്‍' അതിന് ഈണം നല്‍കി മെച്ചപ്പെടുത്തുകയും ചെയ്തു.
ക്രിസ്മസ് രാത്രിയില്‍ ഈ പാട്ട് ഓര്‍ഗന്‍ ഇല്ലാതെ വെറും ഒരു ഗിറ്റാര്‍ മാത്രം ഉപയോഗിച്ച് വളരെ ഭംഗിയായി പാടാന്‍ സാധിച്ചു. പള്ളിയിലെ ചടങ്ങുകള്‍ക്ക്ശേഷം കൊയര്‍ മാസ്റ്ററുടെ ഭാര്യ പറഞ്ഞ വാക്കുകള്‍ ഇന്ന് സാക്ഷാല്‍ക്കരിക്കപ്പെടുകയാണ്. 'നാമെല്ലാം മരിച്ചുപോകും, എന്നാല്‍ സൈലന്റ് നൈറ്റ്-ഹോളി നൈറ്റ്' എന്ന പാട്ട് എന്നെന്നും ജീവിച്ചിരിക്കും
.
3. ക്രിസ്മസ് ട്രീ
              പതിനാറാം നൂറ്റാണ്ടില്‍ ജര്‍മനിയിലെ മാര്‍ട്ടിന്‍ ലൂതറാണ് ക്രിസ്മസ് ട്രീയുടെ ഉദ്ഭവത്തിന് കാരണഭൂതനെന്നാണ് ഇന്ന് പരക്കെ അറിയപ്പെടുന്നത്. ക്രിസ്മസിനു തലേ രാത്രി പൈന്‍ മരങ്ങള്‍ തിങ്ങിനില്‍ക്കുന്ന സ്ഥലത്തുകൂടി നടന്നുപോയ മാര്‍ട്ടിന്‍ ലൂതര്‍ക്ക് മരങ്ങള്‍ക്കിടയില്‍ കൂടി നക്ഷത്രങ്ങള്‍ തിളങ്ങിനില്‍ക്കുന്ന കാഴ്ചകണ്ട് സന്തോഷം തോന്നി.
അദ്ദേഹം ഒരു ചെറിയ മരം വെട്ടി വീട്ടില്‍ കൊണ്ടുപോയി ക്രിസ്മസ് രാത്രിയില്‍ നക്ഷത്രങ്ങള്‍ക്കു പകരമായി മെഴുകുതിരികള്‍ അതില്‍ കത്തിച്ചുവച്ച് ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തിയതായി പറയപ്പെടുന്നു. അതിനുശേഷം ഈ രീതി ക്രമേണ പ്രചാരത്തില്‍ വന്നു.

4.ക്രിസ്മസ് ഫാദര്‍ (സാന്താക്ളോസ്)         
          'സെന്റ് നിക്കോളാസ്" അഥവാ 'സിന്റര്‍ ക്ളോസ്' എന്ന പേരില്‍ നിന്നുമാണ് 'സാന്താക്ളോസ്' എന്ന പേരിന്റെ ഉദ്ഭവം എന്നാണ് നിലവിലുള്ള വിശ്വാസം. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സെന്റ് നിക്കോളാസ് എന്ന ആര്‍ച്ച് ബിഷപ്പിനെ അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത ഡച്ചുവംശക്കാര്‍ അവരുടെ കാവല്‍ പിതാവായി കരുതിയിരുന്നു.
സിന്റര്‍ ക്ളോസാണ് അമേരിക്കയില്‍ സാന്താക്ളോസ് ആയി മാറിയത്. സെന്റ് നിക്കോളാസ് വെള്ളക്കുതിരപ്പുറത്തു വീടുകളുടെ മുകളില്‍ കൂടി വന്ന് ചിമ്മിനിയില്‍ കൂടി താഴെ തീകായുന്ന സ്ഥലത്ത് വച്ചിട്ടുള്ള തടികൊണ്ടുള്ള ഷൂസുകളില്‍ സമ്മാനങ്ങള്‍ നിക്ഷേപിക്കുമെന്ന വിശ്വാസം ഡച്ചുവംശജര്‍ നിലനിര്‍ത്തിയിരുന്നു.
ഇന്ന് നാം അറിയപ്പെടുന്ന രൂപത്തില്‍ പൂര്‍ണമായ ഒരു രൂപം സാന്താക്ളോസിന് ലഭിച്ചത് 1822 ല്‍ ആണ്. വേദശാസ്ത്രപണ്ഡിതനായിരുന്ന ഡോക്ടര്‍ 'ക്ളെമന്റ് ക്ളാര്‍ക്ക് മൂര്‍', ക്രിസ്മസിന് തലേദിവസം രാത്രിയില്‍ തന്റെ കൂട്ടുകാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുവാനായി ഒരു വണ്ടിയില്‍ പോകുമ്പോള്‍ രചിച്ച കവിതയില്‍ സാന്താക്ളോസിനെ വിവരിച്ചിട്ടുണ്ട്.
തടിച്ച കുടവയറും, വെളുത്തനീണ്ട തൊപ്പിയും, ചുവന്ന കുപ്പായവും അണിഞ്ഞ്, സമ്മാനങ്ങള്‍ ഒരു സഞ്ചിയില്‍ പുറത്ത് തൂക്കിയിട്ട് സുസ്മേരവദനനായി എത്തുന്ന വൃദ്ധനായ സാന്താക്ളോസ് സുപരിചിതനായി തീര്‍ന്നിട്ടുണ്ട്.

5.ക്രിസ്മസ് കാര്‍ഡ്
                കാര്‍ഡുകള്‍വഴി മംഗളങ്ങള്‍ നേരുന്ന രീതിക്ക് 1842 ലാണ് തുടക്കമിട്ടത്. ഇംഗ്ളണ്ടില്‍ 'വില്യം ഈഗ്ളി' തന്റെ ഒരു സ്നേഹിതന്‍ ചെയ്ത ഉപകാരങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുവാന്‍ വേണ്ടിയാണ് ഇത് തുടങ്ങിയത്. ക്രിസ്മസ് കാലമായിരുന്നതുകൊണ്ട് ക്രിസ്മസ് ആഘോഷങ്ങളുടെ ഒരു ചിത്രീകരണം കാര്‍ഡ് ബോര്‍ഡില്‍ വരച്ച് അതില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു.
'വില്യം ഈഗ്ളിയുടെ കൂട്ടുകാര്‍ക്ക് സന്തോഷകരമായ ക്രിസ്മസ്'. ഈ കാര്‍ഡ് ഇന്നു നിലവിലുള്ള കാര്‍ഡുകളെക്കാള്‍ വലിപ്പമുള്ളതായിരുന്നു. ഈ കാര്യം ആരോ വിക്ടോറിയ രാജ്ഞിയുടെ ശ്രദ്ധയില്‍പ്പെടുത്തി. രാജ്ഞി, 'ഡബ്ള്യു.ഇ.ഡോബ്സണ്‍' എന്ന ആര്‍ട്ടിസ്റ്റിനെക്കൊണ്ട് രാജുകുടുംബത്തിനുവേണ്ടി കാര്‍ഡുകള്‍ ഉണ്ടാക്കുകയും ചെയ്തു.
1843 ല്‍ 'സര്‍ ഹെന്റി കോള്‍' തന്റെ സുഹൃത്തായിരുന്ന 'ജോണ്‍ കാല്‍കോട്ട് ഹോഴ്സിലി' രൂപകല്പന ചെയ്ത ക്രിസ്മസ് കാര്‍ഡ് പ്രിന്റ്ചെയ്യിക്കുകയും ചെയ്തു. ക്രമേണ ക്രിസ്മസ് കാര്‍ഡുകള്‍ അയയ്ക്കുന്ന രീതി പ്രചാരത്തിലാകുകയും ചെയ്തു.
ഇറ്റലിയിലെ ക്രിബും, ജര്‍മ്മനിയിലെ ക്രിസ്മസ് ട്രീയും, ഓസ്ട്രിയയിലെ "സൈലന്റ് നൈറ്റ് എന്ന 'കരോളും', അമേരിക്കയിലെ സാന്താക്ളോസും, ഇംഗ്ളണ്ടിലെ ക്രിസ്മസ് കാര്‍ഡും എല്ലാം ഇന്ന് ആഗോളവ്യാപകമായി ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വര്‍ണപ്പൊലിമയേകുന്നു. ഈ ആചാരങ്ങള്‍ക്കെല്ലാം ഒരു ശരിയായ രൂപം വന്നത് പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷമാണ്.
ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ പലകാരണങ്ങള്‍കൊണ്ടും നടന്നുകാണുകയില്ല.
                  പരസ്യമായ ക്രിസ്തുമസ്  ആഘോഷങ്ങള്‍ പ്രയാസമായിരുന്നിരിക്കണം. കൂടാതെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ക്രിസ്തീയ വിശ്വാസികളുടെ തന്നെ പ്രോത്സാഹനം ലഭിച്ചിരുന്നുമില്ല. അന്നു നിലവിലുണ്ടായിരുന്ന പീഡനമനുസരിച്ച് പരിശുദ്ധന്മാരുടെ ജന്മദിനം ആഘോഷിച്ചിരുന്നില്ല. 'കോണ്‍സ്റ്റന്‍ റ്റൈന്‍' ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിച്ചതിനുശേഷം നാലാം നൂറ്റാണ്ടില്‍ ഈ രീതിക്കെല്ലാം മാററം വന്നു.            ക്രിസ്തുദേവന്റെ ജനനത്തിനു മുന്‍പുതന്നെ ഡിസംബര്‍ 25 ഒരു പ്രത്യേക വിശേഷദിനമായി ആഘോഷിച്ചുവന്നിരുന്നതിനാല്‍ ആ ദിവസം തന്നെ ക്രിസ്തുദേവന്റെ ജന്മദിനമായി ആഘോഷിക്കുവാനുള്ള തീരുമാനം നാലാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തന്നെ ഉണ്ടായതായും കാണാം.

Dec 4, 2012

ഹൃദയങ്ങള്‍ തേടുന്ന ദൈവം


നമുക്കൊരു ശിശു ജനിച്ചിരിക്കുന്നു, നമുക്കൊരു മകന്‍ നല്‍കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളില്‍ ഇരിക്കും. അവന് അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേരു വിളിക്കും" (യെശയ്യാവ് 9:6). നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ യെശ്ശയ്യ പ്രവാചകന്‍ മുന്‍കൂട്ടി കണ്ട ആ പ്രവചനം. . ഓരോ കന്യകയും ആഗ്രഹിച്ചിരുന്നു ആ പ്രവചനം തങ്ങളിലൂടെ നിറവേറാന്‍, രാജകുമാരികള്‍ കാത്തിരുന്നിടത്ത് ദൈവം തിരഞ്ഞെടുത്തത് ഒരു സാധാരണ കന്യകയെ. അങ്ങനെ ദൈവം സാധാരാണക്കാരില്‍ ഒരുവളായ മറിയയുടെ ഉദരത്തില്‍, തച്ചനായ ജോസഫിന്റെ മകനായി  ബേത്ലേഹേം കാലിക്കൂട്ടില്‍ ജാതനായി. ദൈവനിറവ് ഒരു ശിശുവായിത്തീരുമെന്ന വിസ്മയകരമായ വസ്തുത അക്കാര്യം സംഭവിക്കുന്നതിനും 700 വര്‍ഷം മുമ്പുപരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ യെശയ്യാവ് പ്രവചിച്ചു.
             ഓരോ ക്രിസ്തുമസ് കാലവും തിരിച്ചറിയലുകളുടെയും ഓര്‍മപെടുത്തലുകളുടെയും അനുഭവം ആകണം, ദൈവത്തിനു ഒരു പദ്ധതി ഉണ്ടെന്നും അവ എങ്ങനെ നിറവേറ്റണമെന്നും നമ്മെ വ്യക്തമായി മനസ്സിലാക്കാന്‍  കാണാന്‍ ഈ സംഭവ വികാസങ്ങള്‍ കാരണമാകുന്നു. യോസഫുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന മറിയയുടെ അടുത്ത് ഗബ്രിയേല്‍ ദൂതന്‍ ചെന്ന് പറയുന്നു “നീ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിക്കും“. ഇതുവരെ പുരുഷനെ അറിയാത്ത താനെങ്ങനെ ഗര്‍ഭിണിയാകും എന്ന് മറിയ സംശയം  പ്രകടിപ്പിക്കുമ്പോള്‍ ഗബ്രിയേല്‍ പറയുന്നത് പരിശുദ്ധാത്മാവ് നിന്റെ‌മേല്‍ വരും, അത്യുന്നതന്‍റെ  ശക്തി നിന്റെ മേല്‍ നിഴലിടും" എന്നാണ്. മറിയം ദൈവദൂതന് നല്‍കുന്ന മറുപടിയാണ് ശ്രദ്ധേയമായത് “ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ”.ദൈവ ഇഷ്ടത്തിനു വേണ്ടി  സ്വയം വിശ്വസിച്ചു സമര്‍പ്പിച്ചപോള്‍ അത്യുന്നതിയിലേക്ക്  ഉയരുന്ന കന്യകയെ ആണ് പിന്നീട് ലോകം കണ്ടത്.
 ജനനം  ദൈവ നിശ്ചയപ്രകാരമായിരുന്നെങ്കിലും ദൈവപുത്രനു പിറക്കാന്‍ അനുയോജ്യമായ ഒരു സ്ഥലം ലഭിച്ചില്ല എന്ന് വേദപുസ്തകത്തില്‍ നമുക്ക് കാണാം . വീടുകളുടെയും സത്രങ്ങളുടെയും വാതിലുകള്‍ അടഞ്ഞു കിടന്നു. വഴിപോക്കരുടെ നേര്‍ക്കു തുറന്നു കിടന്ന കാലിത്തൊഴുത്ത്‌ ദൈവപുത്രന്റെ ജന്മഗേഹമായി. അവിടെ വൈദ്യരോ പരിചാരകരോ ഉണ്ടായിരുന്നില്ല. കോട്ടയും കാവല്‍ക്കാരുമുള്ള കൊട്ടാരത്തില്‍ പിറക്കാതെ ആകാശത്തിന്റെ മേല്‍ക്കൂരയ്‌ക്കു കീഴില്‍ ദൈവപുത്രന്‍  മനുഷ്യനായി  ഉടലെടുത്തപ്പോള്‍ പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും നിരാശബാധിച്ചവര്‍ക്കും അത്‌ പ്രത്യാശയുടെ സന്ദേശവും രക്ഷയുടെ ദൂതുമായി.
  യെശയ്യാ പ്രവാചകന്റെ പ്രവചനം 7:14 ല്‍ ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥം ഉള്ള ഇമ്മാനുവേല്‍ എന്നാണ് പോലെ  നാം ദൈവപുത്രനെ പറ്റി വായിക്കുന്നത്. ഈ ക്രിസ്തുമസില്‍ ദൈവം നമ്മോടു കൂടെയുണ്ടോ?ഭൗതീക സൗകര്യങ്ങളില്‍ മനുഷ്യന്‍ സമ്പന്നനാണെങ്കിലും ഹൃദയത്തില്‍ മിക്ക മനുഷ്യരും ദരിദ്രരായിത്തീരുന്നത്‌ ദൈവജനനത്തിനു  ഹൃദയത്തില്‍ ഇടം അനുവദിക്കാഞ്ഞതുകൊണ്ടാണ്.ഹൃദയമാകുന്ന പുല്‍ക്കൂട്ടില്‍ മശിഹ  പിറക്കുമ്പോള്‍ ജീവിതത്തില്‍ സമാധാനമുണ്ടാകുന്നു.മാലിന്യമുള്ള ഹൃദയത്തിലും അശാന്തമായ മനസ്സിലും ദൈവത്തിനു വസിക്കാനാവില്ല. ലോകചരിത്രത്തില്‍ ആദ്യത്തെ പുല്‍ക്കൂട്‌ കന്യകാമറിയത്തിന്‍റെ  ഹൃദയമായിരുന്നല്ലൊ.മാതാവിനെപോലെ സഞ്ചരിക്കുന്ന പുല്‍ക്കൂടുകളായി മാറാന്‍ കഴിയുമ്പോള്‍ ജീവിതത്തില്‍ ശാന്തിയും സമാധാനവും നിറയും.
 ഭവനങ്ങളുടെ മുന്നിലെ പുല്‍ക്കൂടുകളിലല്ല ക്രിസ്തു ജനിക്കേണ്ടത്. നമ്മുടെ ഉള്ളിലാണ് , നമ്മുടെ ഹൃദയങ്ങളിലാണ് ക്രിസ്തുജനിക്കേണ്ടത്. മദ്യംകൊണ്ട് നിറച്ച ശരീരങ്ങളില്‍ അല്ല ക്രിസ്തു ജനിക്കേണ്ടത് .നമ്മുടെ ഹൃദയങ്ങളെയാണ് ജോസഫ് ഒരുക്കിയതുപോലെ ഒരുക്കേണ്ടത്. ജനിച്ച അന്നുമുതല്‍ നമ്മള്‍ ഇന്നുവരെ ക്രിസ്തുമസ് ആഘോഷിച്ചിട്ടും ക്രിസ്തു നമ്മുടെ ഉള്ളില്‍ ജനിക്കാനായി നമ്മള്‍ ഹൃദയങ്ങളെ എന്നെങ്കിലും ഒരുക്കിയിട്ടുണ്ടോ? എന്റെ ഹൃദയത്തില്‍ ക്രിസ്തു ജനിച്ചിട്ടുണ്ട് എന്ന് പറയാന്‍ നമ്മളില്‍ ആര്‍ക്കെങ്കിലും കഴിയുമോ? ഹൃദയങ്ങളില്‍ അടിച്ചുകൂടിയ പകയും വിദ്വേഷവും മാറ്റി, പശുത്തൊട്ടിയില്‍ ഉണ്ണിയെശുവിനെ കിടത്താനായി മറിയയും ജോസഫും വിരിച്ച കീറത്തുണിപോലെ , നമുക്ക് നമ്മുടെ ഹൃദയങ്ങളില്‍ സ്നേഹമെന്ന പട്ടുതുണി വിരിക്കാം. നമ്മുടെ ഹൃദയങ്ങളില്‍ ജനിക്കുന്ന ദൈവപുത്രനായി, ആ മനോഹര ക്രിസ്തുമസ് അനുഭവത്തിനായി ഒരുങ്ങാം, ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍..

Nov 30, 2012

ഓര്‍മ്മ പെരുന്നാളുകള്‍ ‍ - Dec 2012


1. പൌരസ്ത്യ  കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയിരുന്ന പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവായുടെ 37-മത് ഓര്‍മ്മ പെരുന്നാള്‍ ഡിസംബര്‍ 7, 8 തീയതികളില്‍ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ ആചരിക്കും

2. പത്തനംതിട്ട ബേസില്‍ അരമനയില്‍ കബറടങ്ങിയിരിക്കുന്ന ദാനിയേല്‍ മാര്‍ പീലക്സിനോസ് മെത്രാപോലീത്തയുടെ 21 - മത്  ഓര്‍മ്മപെരുന്നാള്‍ ഡിസംബര്‍ 9 -13 തീയതികളില്‍.

3. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയും മൌണ്ട് താബോര്‍ ദയറായുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥാപകാദ്ധ്യക്ഷനുമായിരുന്ന തോമാ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ 40 മത് ശ്രാദ്ധപെരുന്നാളും, ദയറാ അംഗവും മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്തയുമായിരുന്ന സഖറിയ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തയുടെ 15 മത് ശ്രാദ്ധപെരുന്നാളും സംയുക്തമായി പത്തനാപുരം സെന്റ് സ്റീഫന്‍സ് മൌണ്ട് താബോര്‍ ദയറാ ചാപ്പലില്‍ 2012 ഡിസംബര്‍ 2, 3 തീയതികളില്‍ ആചരിക്കും.

Nov 25, 2012

ആവേശക്കടലായി കാതോലിക്കേറ്റ്‌ ശതാബ്‌ദി സമ്മേളനം


ദൈവ ജനത്തിനു ഇത് സ്വപ്ന സാക്ഷാല്‍ക്കാരം ...ധന്യമായ നിര്‍വൃതി ..കാലം ചരിത്രമായി ...പൌലോസ് പ്രഥമന്‍ മുതല്‍ പൌലോസ് ദ്വിതീയന്‍ വരെ നൂറു സംവത്സരം മലങ്കര സഭ ....വാഴുക സഭയെ നിന്‍ കാന്തന്‍ മുന്‍പില്‍ ..കാവലായ് ..കനിവായ് ...കാലങ്ങളോളം ....പരിശുദ്ധ സഭയെ നീണാള്‍ വാഴുക .......അമ്മേ ഞങ്ങള്‍ മറക്കില്ല...... മലങ്കരസഭയെ മറക്കില്ല.......മാര്‍തോമായുടെ ദീപശിഖ ആളിപടരും ദീപശിഖ താലമുറ തലമുറ കയ്യ്മാറീ കെടാതെ ഞങ്ങള്‍ സുക്ഷിക്കും ... മാര്‍തോമാശ്ലീഹയുടെ സിംഹാസനം നീണാല്‍ വാഴട്ടെ...... ജയ് ജയ് കാതോലികോസ്സ്.....

മലങ്കരസഭയുടെ ഐക്യവും സ്വയംശീര്‍ഷകത്വവും വിളിച്ചോതിയ കാതോലിക്കേറ്റ്‌ ശതാബ്‌ദി സമ്മേളനം ആവേശക്കടലായി. എറണാകുളം മറൈന്‍ഡ്രൈവ്‌ മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. സമ്മേളനം ടിബറ്റന്‍ ജനതയുടെ ആത്മീയാചാര്യന്‍ ദലൈ ലാമ ഉദ്‌ഘാടനം ചെയ്‌തു.
വ്യത്യസ്‌ത പാരമ്പര്യങ്ങളിലുള്ളവരുടെ സൗഹാര്‍ദപരമായ ജീവിതമാണു ലോകത്തിന്‌ ഇന്ത്യ നല്‍കുന്ന സന്ദേശമെന്നു ദലൈ ലാമ പറഞ്ഞു. ഭൗതികവളര്‍ച്ചയ്‌ക്കൊപ്പം ആത്മീയവളര്‍ച്ചയ്‌ക്കും പ്രാധാന്യം നല്‍കണം. ലോകത്തൊരിടത്തും ഇല്ലാത്തവിധം ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്‌ത്യന്‍, ഇസ്ലാം, സിഖ്‌ സംസ്‌കാരങ്ങള്‍ ഇവിടെ തഴച്ചുവളര്‍ന്നു. വ്യത്യസ്‌ത മതങ്ങള്‍ക്ക്‌ എങ്ങനെ ഐക്യത്തോടെ കഴിയാമെന്ന്‌ ഇന്ത്യ തെളിയിച്ചു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആ പാരമ്പര്യത്തിനു കൈമോശം വന്നിട്ടില്ല. പണത്തിനു ഭൗതികസുഖം നല്‍കാനേ കഴിയൂ. ആത്മസംതൃപ്‌തി നല്‍കാന്‍ ആധ്യാത്മികത വേണം. ഇന്ത്യ നല്‍കിയ മഹത്തായ സന്ദേശമാണ്‌ അഹിംസയുടേത്‌. സഹിഷ്‌ണുതയുടെയും പരസ്‌പര ആദരവിന്റെയും പാരമ്പര്യമാണ്‌ ഇന്ത്യ കാട്ടിക്കൊടുക്കുന്നത്‌. മതമില്ലാത്തവരെയും മാനിക്കുന്നതാണ്‌ ഇവിടത്തെ പാരമ്പര്യം- അദ്ദേഹം പറഞ്ഞു.
സാമൂഹികസേവനരംഗത്ത്‌ ഓര്‍ത്തഡോക്‌സ് സഭ വഹിക്കുന്ന പങ്കു മാതൃകാപരമാണെന്നും ദലൈ ലാമ പറഞ്ഞു. ടിബറ്റിലെ പ്രാദേശികഭാഷയിലാണു ദലൈ ലാമ പ്രസംഗം തുടങ്ങിയത്‌. പിന്നീട്‌ ഇംഗ്ലീഷിലേക്കു മാറി.
രാജ്യത്തിന്റെ ശാസ്‌ത്ര-വ്യാവസായിക പുരോഗതിക്കു ക്രൈസ്‌തവ സമൂഹം നല്‍കിയ സംഭാവനകള്‍ മുന്‍ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്‌ദുള്‍ കലാം മുഖ്യപ്രഭാഷണത്തില്‍ അനുസ്‌മരിച്ചു. 1962 ല്‍ തുമ്പ റോക്കറ്റ്‌ വിക്ഷേപണകേന്ദ്രം സ്‌ഥാപിച്ചപ്പോഴുണ്ടായ എതിര്‍പ്പും വിക്രം സാരാഭായിയുടെ ഇടപെടലും അദ്ദേഹം ഓര്‍മിച്ചു. വിക്ഷേപണകേന്ദ്രം നിര്‍മിക്കുന്നതിനായി പള്ളി പൊളിച്ചുനീക്കേണ്ടതുണ്ടായിരുന്നു. മല്‍സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ഭൂരിപക്ഷം ഇടവകാംഗങ്ങളും പള്ളി പൊളിക്കുന്നതിന്‌ എതിരായിരുന്നു. എന്നാല്‍ ഒരു ഞായറാഴ്‌ച കുര്‍ബാന കഴിഞ്ഞു പള്ളി വികാരി റവ. പീറ്റര്‍ പെരേരയോടൊപ്പം വിക്രം സാരാഭായി ഇടവകാംഗങ്ങളോടു സംസാരിച്ചതോടെ എതിര്‍പ്പു കുറഞ്ഞു. പിന്നീട്‌ എല്ലാവരും ചേര്‍ന്നാണു പള്ളി പൊളിച്ചത്‌. കാതോലിക്കാ ബാവയാകുന്ന സൂര്യനു ചുറ്റും നൂറുവര്‍ഷം മലങ്കര സഭ വലയം ചെയ്‌തു കഴിഞ്ഞതായി വിശ്വാസികളുടെ കരഘോഷത്തിനിടെ ഡോ. കലാം അഭിപ്രായപ്പെട്ടു.
പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷനായിരുന്നു. ശതാബ്‌ദി സ്‌മാരകമായി 100 കോടി രൂപയുടെ ജീവകാരുണ്യ പ്രവൃത്തികള്‍ അദ്ദേഹം പ്രഖ്യാപിച്ചു. വിശ്വാസികളുടെയും ഇടവകകളുടെയും സഹായത്തോടെ ജീവകാരുണ്യ പ്രവൃത്തികള്‍ നടപ്പാക്കും. സൗജന്യ ഡയാലിസിസ്‌, ഹൃദയ-കാന്‍സര്‍ ചികില്‍സ, നിര്‍ധനര്‍ക്കു ഭവനനിര്‍മാണ-വിവാഹ- ഉപരിപഠന സഹായം, പിന്നാക്കക്കാര്‍ക്ക്‌ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്‌, കടക്കെണിയിലായ കര്‍ഷകര്‍ക്ക്‌ സഹായം തുടങ്ങിയവയാണ്‌ ഉദ്ദേശിക്കുന്നതെന്നു കാതോലിക്കാ ബാവ പറഞ്ഞു.
ശതാബ്‌ദി സ്‌മാരകഗ്രന്ഥത്തിന്റെ പ്രകാശനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. അല്‍മായ ട്രസ്‌റ്റി എം.ജി. ജോര്‍ജ്‌ മുത്തൂറ്റിന്‌ പുസ്‌തകം കൈമാറി. ജൂബിലിയോടനുബന്ധിച്ചു പ്രഖ്യാപിച്ച നൂറുകോടി രൂപയുടെ ജീവകാരുണ്യ പദ്ധതി സഭയുടെ മാറ്റ്‌ വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മാര്‍ത്തോമ്മന്‍ പൈതൃകമുള്ള സഭകള്‍ ഒന്നായിത്തീരണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ നിര്‍ദേശിച്ചു. സഭാ സ്‌ഥാപനത്തിന്റെ 1960-ാം വാര്‍ഷികം കേരളത്തിലെ എല്ലാ സഭകള്‍ക്കും ബാധകമാണെന്നു കല്‍ദായ സഭ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ അഫ്രേം ചൂണ്ടിക്കാട്ടി.
വിദേശ മേല്‍ക്കോയ്‌മയില്ലാതെ പ്രവര്‍ത്തിക്കുന്നതാണ്‌ ഓര്‍ത്തഡോക്‌സ് സഭയുടെ സവിശേഷതയെന്ന്‌ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഡോ. കുര്യാക്കോസ്‌ മാര്‍ ക്ലിമീസ്‌ പ്രതിജ്‌ഞാവാചകം ചൊല്ലിക്കൊടുത്തു. ഡോ. ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, കേന്ദ്രസഹമന്ത്രി കെ.വി. തോമസ്‌, ഹൈബി ഈഡന്‍ എം.എല്‍.എ, മേയര്‍ ടോണി ചമ്മിണി, കൗണ്‍സിലര്‍ ലിനോ ജേക്കബ്‌, ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍, ക്രിസ്‌ത്യന്‍ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഏഷ്യ ജനറല്‍ സെക്രട്ടറി ഡോ. ഹെന്‍ട്രി ലെബാംഗ്‌, ഡബ്ല്യു.സി.സി. ഏഷ്യാ സെക്രട്ടറി ഡോ. ദോംഗ്‌ സംഗ്‌ കിം, നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ ജനറല്‍ സെക്രട്ടറി റോജര്‍ ഗെയ്‌ക്വാദ്‌, സീനിയര്‍ മെത്രാപ്പോലീത്ത തോമസ്‌ മാര്‍ അത്താനാസിയോസ്‌ എന്നിവര്‍ പ്രസംഗിച്ചു.
സിനഡ്‌ സെക്രട്ടറി ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ സഭാ ചരിത്രാവതരണം നടത്തി. വൈദിക ട്രസ്‌റ്റി ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Nov 22, 2012

വാഴുക വാഴുക മോറാനെ

കര്‍ത്തുശിഷ്യന്‍ തോമാശ്ലീഹ
ഭാരത സഭയുടെ അപ്പസ്തോലന്‍ 
പൊന്‍കരത്താല്‍ പണിതെടുത്ത 
മലങ്കര എന്നൊരു സമ്പാദ്യം
ഭൂമിയെന്നൊരു ഗോളം തന്നെ 

ഇല്ലാതായി പോയാലും
ചോര കൊടുത്തും നീര് കൊടുത്തും
കാക്കും ഞങ്ങള്‍ എന്നെന്നും

മൈലാപ്പൂരിലെ മണ്ണില്‍ നിന്നും
കാഹളനാദം കേള്‍ക്കുമ്പോള്‍
കടലുകള്‍ ഏഴായി ചിതറുമ്പോള്‍
ഇടി നാദങ്ങള്‍ മുഴങ്ങുമ്പോള്‍
റോമാക്കാരും സിറിയക്കാരും
സംഭ്രഭമാകും നിമിഷത്തില്‍
ഉദയ സുര്യ ശോഭയുമായി
വന്നടുക്കും തിരുമേനി
ഭാരത സഭയുടെ മോറാനെ
മര്‍ത്തോമയുടെ പിന്‍ഗാമി
മലങ്കര സഭയുടെ അധ്യക്ഷാ
പൗലോസ്‌ ദ്വിതിയന്‍ ബാവായെ
വാഴുക വാഴുക മോറാനെ
പൗലോസ്‌ ദ്വിതിയന്‍ ബാവായെ

മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം..നീണാള്‍ വാഴട്ടെ..ജയ് ജയ് കാതോലിക്കോസ്....

മാനവകുലത്തിന്‍റെ വീണ്ടെടുപ്പിനായി സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവന്ന്, മരണത്തെ ജയിച്ച്, മൂന്നാം ദിവസം സര്‍വ്വ മഹത്വത്തോടെയും ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവേശുമിശിഹായുടെ തിരുവിലാവില്‍ കരങ്ങള്‍ ചേര്‍ത്തുവെച്ചു "എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ" എന്ന സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ വിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ തൃക്കരങ്
ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമാ ശ്ലീഹാ മൈലാപ്പൂരില്‍ മലങ്കരമക്കള്‍ക്ക്‌വേണ്ടി ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും,വിശ്വാസത്തിലും,വിശ്വസ്തതയിലും നിലനില്‍ക്കുന്നു..പകല്‍ പറക്കുന്ന അസ്ത്രത്തിനും, രാത്രിയില്‍ സഞ്ചരിക്കുന്ന വചനത്തിനും, ഉച്ചിയില്‍ ഊതുന്ന കാറ്റിനും ദൈവത്തിന്‍റെ സഭയെ തകര്‍ക്കാനാവില്ല. പരിശുദ്ധാത്മ ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന പിതാക്കന്മാരാണ് മലങ്കര സഭയെ നയിക്കുന്നത്..പൌരാണിക ഭാരത ക്രൈസ്തവ സഭയുടെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ഒരു വിദേശ മെത്രാനും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും,വിശ്വാസവും,കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ഒരു ഗുണ്ടാപ്പടക്ക് മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....ഓര്‍ത്തഡോക്‍സ് രക്തം സിരകളിലൂടെ ഒഴുകുന്ന, അമ്മമാരുടെ മുലപ്പല്‍കുടിച്ചു വളര്‍ന്ന മലങ്കര മക്കള്‍ സ്ലീബാലംകൃത പീതവര്‍ണ്ണ പതാക വാനോളമുയര്‍ത്തി ഒരേ സ്വരത്തില്‍ ഉച്ചയിസ്തരം ഘോഷിക്കുന്നു..മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം..നീണാള്‍ വാഴട്ടെ..ജയ് ജയ് കാതോലിക്കോസ്....

കാതോലിക്കേറ്റ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് പ്രാര്‍ത്ഥനാശംസകള്‍..............

Nov 13, 2012

ഒരു നവംബര്‍ 14 കൂടി

വീണ്ടും ഒരു നവംബര്‍ 14 കൂടി, ഇന്ന് ശിശുദിനം ആയി നാം കൊണ്ടാടുമ്പോള്‍ അതിനോടൊപ്പം പ്രാധാന്യം ഉള്ള മറ്റൊരു ദിനം കൂടി ആണ്, ലോക പ്രമേഹരോഗ ദിനം(world diabetes day).

എല്ല ദിവസവും കുട്ടികള്‍ക്കാവണമെന്നതാണ്‌ ഈ ശിശുദിനത്തിന്റെ സന്ദേശം.വിരിയുന്ന ഓരോ
പൂവിന്നും , പുലരുന്ന ഓരോ പ്രഭാതത്തിന്നും ഓരോ സന്ദേശം ഉള്ളതുപോലെ ഓരോ ശിശുദിനത്തിന്നും മഹത്തായ സന്ദേശമുണ്ട്‌..ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനത്തിലാണ്‌ നാം ഇന്ത്യയില്‍ ശിശുദിനം കൊണ്ടാടുന്നത്‌.പണ്ഡിറ്റ്ജി തന്റെ സകല പിരിമുറുക്കങ്ങളും പ്രയാസങളും മറന്നിരുന്നത് ‌ കുഞ്ഞുങ്ങളോടോപ്പം കളിച്ച് രസിച്ച് ഉല്ലസിക്കുമ്പോഴായിരുന്നു. ജീവിതാന്ത്യം വരെ ആ മഹാന്‍ ഇന്ത്യയിലെ 'വലിയ കുട്ടി ' തന്നെയായിരുന്നു. ഗൗരവമാര്‍ന്ന രാജ്യകാര്യങ്ങള്‍ക്കിടയിലും അദ്ദേഹത്തിന്ന് മനസ്സിന്ന് ശാന്തിയും സമാധാനവും സന്തോഷവും നല്‍കിയിരുന്നത്‌ കുട്ടികളോടോപ്പം കളിച്ച് രസിച്ച് നടക്കുമ്പോഴായിരുന്നു.ഇന്ന് ഇന്ത്യയിലെ കുട്ടികള്‍ അഭിമുഖികരിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ബാലവേലകൊണ്ടുള്ള പീഡനം, പട്ടിണി, രോഗങ്ങള്‍,പോഷകാഹാരങ്ങളുടെ കുറവ്‌,സുരക്ഷിതത്വമില്ലായ്മ,വിദ്യാഭ്യാസത്തിന്റെ അപര്യപ്തത ഇങ്ങിനെ നീണ്ടുപോകുന്നു ആ പട്ടിക. മാത്രമല്ല ഇന്ന് കുട്ടികള്‍ക്കുനേരെയുള്ള ലൈഗിക പീഡനങള്‍ കൂടിക്കൊണ്ടിരിക്കുകയാണ് കൂടാതെ തീവ്രവാദികളും കുട്ടികളെ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി വ്യാപകമായി ഉപയോഗിക്കുന്നു.. ശിശുദിനം അര്‍ഥപൂര്‍ണ്ണമാകണമെങ്കില്‍ കുട്ടികളുടെ ശാരീരികവും മാനസികുവുമായ വളര്‍ച്ചക്കും അവരുടെ ക്ഷേമത്തിന്നും പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക്‌ കഴിയണം, അതിനായിട്ട്‌ നമുക്ക് പ്രാര്‍ത്ഥിക്കാം.

അതുപോലെ തന്നെ ഇന്ന് ലോകം പ്രമേഹ രോഗ ദിനം ആയി ആചരിക്കുന്നു.ഇന്ന് ലോകത്താകമാനമായി 250 ദശലക്ഷം പ്രമേഹരോഗികളുണ്ട്. ഒരു നിമിഷംപോലും പാഴാക്കാതെ ക്രിയാത്മകമായ പ്രതിരോധമാര്‍ഗങ്ങള്‍ ഉടനടി അവലംബിച്ചില്ലെങ്കില്‍ 2025 ആകുന്നതോടെ പ്രമേഹബാധിതര്‍ 380 ദശലക്ഷമാകുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവിഭാഗം നല്‍കുന്നത്.

40.9 ദശലക്ഷം പ്രമേഹരോഗികളുള്ള ഇന്ത്യ പ്രമേഹത്തിന്റെ ലോകതലസ്ഥാനമെന്ന വിശേഷണത്തിന് അര്‍ഹമാണ്. കേരളത്തിലെ നാല്പത് ലക്ഷം പ്രമേഹരോഗികളില്‍ പത്തുലക്ഷം പേര്‍ക്ക് രോഗമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നതും ദുഃഖകരമാണ്.

പ്രമേഹത്തെ പ്രതിരോധിക്കാന്‍ രോഗലക്ഷണങ്ങള്‍ എന്തെന്ന് അറിയണം. നിങ്ങള്‍ക്ക് താഴെപ്പറയുന്ന എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ പ്രമേഹരോഗിയാവാന്‍ സാധ്യതയുണ്ട്- വര്‍ധിച്ച മൂത്രശങ്ക, അമിത ദാഹം, വിശപ്പ്, ഭാരക്കുറവ്, തളര്‍ച്ച, ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നത്, ഓക്കാനവും വയറുവേദനയും കൈകാലുകളില്‍ തരിപ്പ്, ഉണങ്ങിവരണ്ട നാവ്, കാഴ്ചക്കുറവ്, തുടരെ തുടരെയുള്ള അണുബാധ, കരിയാന്‍ വൈകുന്ന മുറിവുകള്‍ ഇതെല്ലാം പ്രമേഹ രോഗബാധിതരില്‍ സാധാരണമായി കാണുന്നു.

പ്രമേഹത്തിലേക്ക് നിങ്ങളെ തള്ളിവിടുന്ന ആപത്ഘടകങ്ങള്‍ പലതാണ്. അമിതവണ്ണം, വ്യായാമരാഹിത്യം, അപഥ്യ ഭക്ഷണശൈലി, വാര്‍ധക്യം, അമിത കൊളസ്‌ട്രോളും പ്രഷറും, പാരമ്പര്യം, പ്രസവാനന്തര പ്രമേഹബാധ തുടങ്ങിയവയെല്ലാം കാലാന്തരത്തില്‍ നിങ്ങളെ ഒരു പ്രമേഹരോഗിയാക്കിമാറ്റുന്നു.

പ്രമേഹരോഗികള്‍ മൃത്യുവിനിരയാകുന്ന പ്രധാനകാരണങ്ങള്‍ ഹൃദ്രോഗം, വൃക്കകളുടെ അപചയം, അമിതരക്തസമ്മര്‍ദം എന്നിവയാണ്. അതിസങ്കീര്‍ണമായ ആ രോഗാവസ്ഥകളൊക്കെത്തന്നെ പ്രമേഹത്തിന്റെ പ്രത്യാഘാതഫലമായി ഉണ്ടാകുന്നു. പ്രമേഹരോഗികളില്‍ 80 ശതമാനം പേരും മരണപ്പെടുന്നത് ഹൃദയധമനീരോഗങ്ങളാലാണ്. പ്രമേഹരോഗികള്‍ക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത നാലിരട്ടിയാണ്.

പ്രമേഹം കണ്ടെത്താനുള്ള രക്തപരിശോധന 45 വയസ്സിനു ശേഷം ചെയ്തുതുടങ്ങാ നാണ് പൊതുവെയുള്ള നിര്‍ദ്ദേശം. എന്നാല്‍, ഭാരതം പോലെ പ്രമേഹസാധ്യത കൂടിയ പ്രദേശത്ത് 30 വയസ്സു മുതല്‍ വര്‍ഷത്തി ലൊരിക്കലെങ്കിലും പരിശോധന നടത്തണം. എങ്കില്‍ മാത്രമേ പ്രമേഹം പ്രാരംഭദിശയി ല്‍ തന്നെ കണ്ടുപിടിക്കുവാന്‍ കഴിയുക യുള്ളൂ. പ്രമേഹം വന്ന് 5-10 വര്‍ഷങ്ങള്‍ക്കു ശേഷം ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ മാത്രമാണ് ഇന്ന് പല രും രക്തപരിശോധന തുടങ്ങുന്നത്. നമുക്ക് നമ്മുടെ ചുറ്റും ഉള്ള രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കാം, സ്വയം പ്രതിരോധിക്കാം

Nov 1, 2012

ഓര്‍മ്മപ്പെരുന്നാള്‍ - Nov 2012

 "ആചാര്യെശാ   മശിഹ കൂദാശകളര്‍പ്പിച്ചോ-

ആചാര്യന്‍മാര്‍ക്കേകുക പുണ്യം നാഥാ സ്തോത്രം"

കൊല്‍ക്കത്താ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയും ഭിലായ് സെന്റ് തോമസ് മിഷന്റെ സ്ഥാപകനുമായ ഡോ. സ്തേഫാനോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്തായുടെ  അഞ്ചാം ഓര്‍മ്മപ്പെരുന്നാള്‍ 2012 നവംബര്‍ 4,5 തിയ്യതികളില്‍ പാത്താമുട്ടം സ്ളീബാ പള്ളിയില്‍ നടക്കും.

സഭാ ജ്യോതിസ് പുലികോട്ടില്‍ ജോസഫ്‌ മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ 196 മത്  ഓര്‍മപെരുന്നാളും പൗലോസ്‌ മാര്‍ ഗ്രിഗൊറിയോസ്  തിരുമേനിയുടെ 16 മത്  ഓര്‍മപെരുന്നാളും കോട്ടയം പഴയ സെമിനാരിയില്‍ നവംബര്‍ 23 , 24 തീയതികളില്‍.