പത്തനംതിട്ട: മലങ്കര സഭയിലെ ആദ്യത്തെ ആഗോള തീര്‍ഥാടനകേന്ദ്രമായി ചന്ദനപ്പള്ളി വലിയപള്ളിയെ 26നു മൂന്നിന് പ്രഖ്യാപിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവയുടെ കല്‍പ്പനപ്രകാരം പരിശുദ്ധ ബാവായും അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മേലധ്യക്ഷന്‍ പരിശുദ്ധ അരാം പ്രഥമന്‍ കെഷഷ്യന്‍ കാതോലിക്കാബാവയും ചേര്‍ന്നാണ് ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള തീര്‍ഥാടനകേന്ദ്രത്തിന്റെ പ്രഖ്യാപനം നടത്തുന്നത്.വിദേശ ഓര്‍ത്തഡോക്‌സ് സഭകളിലെ മെത്രാപ്പോലീത്തമാരും മലങ്കര സഭയിലെ മെത്രാപ്പോലീത്തമാരും ചടങ്ങില്‍ പങ്കെടുക്കും. 1750-ലാണ് ചന്ദനപ്പള്ളിയില്‍ ആദ്യദേവാലയം നിര്‍മ്മിക്കുന്നത്. 2000-ല്‍ പുതുക്കിപ്പണിതു. 2004 മേയ് എട്ടിന് ഇവിടെ ഗീവര്‍ഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്‌ഠിച്ചു. കേരളത്തിലെ വിവിധ ദേവാലയങ്ങളില്‍ കാണുന്ന ചെമ്പെടുപ്പ് എന്ന ആചാരത്തിന് തുടക്കംകുറിച്ചത് ഇവിടെയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒറ്റക്കല്‍ കുരിശടി ഇവിടുത്തെ പ്രത്യേകതയാണ്.പരിശുദ്ധ കാതോലിക്കാബാവയുടെ അധ്യക്ഷതയില്‍ നിയുക്‌ത കാതോലിക്ക പൗലോസ് മാര്‍ മിലിത്തിയോസ്, ഇടവക മെത്രാപ്പോലീത്ത കുറിയാക്കോസ് മാര്‍ ക്ലീമീസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, എം.ജി. ജോര്‍ജ് മുത്തൂറ്റ്, ഡോ. ജോര്‍ജ് ജോസഫ്, ഡോ. സാബു കുറിയാക്കോസ്, ഫാ. ടൈറ്റസ് ജോര്‍ജ്, ഫാ. ഡോ. ജോണ്‍ മാത്യൂസ് എന്നിവര്‍ നേതൃത്വം നല്‍കും.
Source : Mangalam News
No comments:
Post a Comment
Comment on this post