"ലോകരക്ഷകനായ മിശിഹായേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായി ഭാരമേറിയ കുരിശും വഹിച്ചുകൊണ്ടു സന്തോഷപൂര്‍വ്വം അങ്ങു കാല്‍വരി മലയിലേക്കു കയറിയല്ലോ. അങ്ങയുടെ ശിഷ്യന്മാരാല്‍പ്പോലും തള്ളിപ്പറയപ്പെട്ടു, ദൈവമേ സര്‍വ്വ ശക്തനായ അങ്ങ് ക്രൂരന്മാരായ ശത്രുക്കളുടെ മദ്ധ്യേ, കുരിശു വഹിച്ചു കൊണ്ടു പോകുവാന്‍ കാരണമാക്കിയ ഞങ്ങളുടെ പാപങ്ങളെയും അവയുടെ സാഹചര്യങ്ങളെയും ഞങ്ങള്‍ വെറുക്കുന്നു. അവയെക്കുറിച്ചു ഞങ്ങള്‍ പാശ്ചാത്തപിക്കുന്നു. മേലില്‍ പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. ഞങ്ങളുടെ ജീവിതവും കുരിശുനിറഞ്ഞതായി തോന്നുമ്പോള്‍, ഞങ്ങള്‍ അങ്ങയുടെ മാതൃകയെ പിന്തുടര്‍ന്ന് കുരിശുകളെ സന്തോഷപൂര്‍വ്വം ഏറ്റെടുക്കുവാനും ക്രൈസ്തവ സാക്ഷ്യം വഹിക്കുന്നവരാകുവനും അനുഗ്രഹം ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമേ. ആമേന്‍"""
പ്രസിദ്ധ രാജ്യതന്ത്രജ്ഞനായിരുന്നു സര്‍ റിച്ചാര്‍ഡ് സെസി. ഒരിക്കല്‍ തന്‍റെ മടിയിലിരിക്കുന്ന കുഞ്ഞുമകളെ ഒന്നു പരീക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. കുഞ്ഞിന്റെ കഴുത്തില്‍ മനോഹരമായ ഒരു പളുങ്കു മാലയുണ്‌ടായിരുന്നു. റിച്ചാര്‍ഡ് കുഞ്ഞുമകളോട് ചോദിച്ചു "നിന്റെ കഴുത്തില്‍ കിടക്കുന്ന ഈ പളുങ്കുമാല, അതു പപ്പ ചോദിക്കുകയാണെങ്കില്‍ നിനക്ക് ഉപേക്ഷിക്കാന്‍ കഴിയില്ലേ?" പപ്പയെ ഏറെ സ്‌നേഹിച്ചിരുന്ന ആ പെണ്‍കുട്ടി ചിരിച്ചുകൊണ്‌ട് പറഞ്ഞു: "ഉവ്വ് പപ്പാ, പപ്പാ പറയുന്നതുപോലെ ഞാന്‍ ചെയ്യും". അവളുടെ മുഖത്തേയ്‌ക്ക് നോക്കിക്കൊണ്‌ട് സെസി പറഞ്ഞു "എങ്കില്‍ എന്‍റെ പൊന്നുമോള്‍ ഈ മാല ജനലിലൂടെ പുറത്തെ കുളത്തിലേക്കു വലിച്ചെറിയുക". വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന മാല ഉപേക്ഷിക്കുക എന്നത് അവള്‍ക്ക് പ്രയാസമായിരുന്നു. എന്നാല്‍ പപ്പായോടുള്ള ഇഷ്ടം കൊണ്‌ട് അവള്‍ അക്കാര്യം ഉടനെ തന്നെയനുസരിച്ചു. തന്റെ പിതാവിനെ ഒരിയ്‌ക്കല്‍കൂടി നോക്കിയശേഷം, പെണ്‍കുട്ടി മാല കുളത്തിലേയ്‌ക്കു വലിച്ചെറിഞ്ഞു. വീടിനോടു ചേര്‍ന്നുള്ള കുളത്തിലെ വെള്ളത്തില്‍ മാല താഴ്‌ന്നുപോകുന്നതുകണ്‌ടപ്പോള്‍ അവള്‍ വിതുമ്പിക്കരഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുശേഷം റിച്ചാര്‍ഡ് അവളുടെ ജന്മദിനത്തില്‍ ഉപേക്ഷിച്ച പളുങ്കുമാലയേക്കാള്‍ മനോഹരമായ അമൂല്യമായ ഒരു മാല സമ്മാനിച്ചു.
നോമ്പുകാലവും നമ്മളെ കീഴടക്കിയിരിക്കുന്ന, നമ്മള്‍ വിലപ്പെട്ടതെന്നു കരുതിയിരിയ്‌ക്കുന്ന ചിലതൊക്കെ ഉപേക്ഷിക്കാന്‍ നമ്മോട് ആവശ്യപ്പെടുന്നു. അധികാരവും, സമ്പത്തും, കഴിവുമൊക്കെ ഇതിനു കാരണങ്ങളാകാം. സുവിശേഷത്തിലെ യേശുവും ഇന്ന് നമുക്ക് കാണിച്ചു തരുന്നത് ദൈവേഷ്ടത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ഉപേക്ഷിക്കാനാണ്. ചില നിഷേധങ്ങളും, പരിത്യാഗങ്ങളും മനുഷ്യനെ നന്മയിലേക്ക് നയിക്കും. വിലപ്പെട്ടതും ആഹ്‌ളാദകരമായതും സന്തോഷം ജനിപ്പിക്കുന്നതുമായ കാര്യങ്ങള്‍ ദൈവസ്‌നേഹത്തിനു വേണ്‌ടി പരിത്യജിക്കുക. അവിടെ ദൈവം നമ്മെ അനുഗ്രഹിക്കുകയും പുതിയ വ്യക്തികളാക്കി മാറ്റുകയും ചെയ്യും.