കോലഞ്ചേരി
പള്ളി വിഷയത്തില്‍ യാക്കോബായ സഭയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന മന്ത്രിമാരെ
സ്വാധീനിക്കണമെന്ന തോമസ് പ്രഥമന്റെ രഹസ്യ കല്പന വിവാദമാവുന്നു.
പുത്തന്‍കുരിശ്
പാത്രീയാര്‍ക്കീസ് സെന്ററില്‍ നിന്നു കഴിഞ്ഞ അഞ്ചിനാണ് അരമനയിലെ മെത്രാന്മാര്‍ക്ക്
കല്പന അയച്ചത്. സഭാ തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച മന്ത്രിസഭാ
ഉപസമിതി അംഗങ്ങളെ സ്വാധീനിക്കണമെന്നാണ് കല്പനയില്‍ സൂചിപ്പിച്ചിരിക്കുന്നത്. യാക്കോബായ
സഭാ നേതൃത്വം യു.ഡി.എഫ്. സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി തങ്ങള്‍ക്ക് അനുകൂലമായ കോടതിവിധി
നടപ്പാക്കുന്നത് നീട്ടികൊണ്ടു പോവുന്നുവെന്ന് ആരോപണം നിലനില്‍ക്കേയാണ്
വിവാദ കല്പന പുറത്തായത്. അതീവ രഹസ്യമായി സഭയിലെ മെത്രാന്മാര്‍ക്ക് കൈമാറിയ കല്പന
പുറത്തായതിനെ കുറിച്ച് അന്വേഷണം വേണമെന്ന് യാക്കോബായ സഭയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ
സഭാ പ്രശ്നത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ കോട്ടയത്ത് ഇന്നലെ
ചേര്‍ന്ന മലങ്കരസഭാ മാനേജിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. കോലഞ്ചേരി പള്ളി പ്രശ്നത്തില്‍
15 ദിവസത്തിനുള്ളില്‍ സമവായം ഉണ്ടാവുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ മലങ്കരസഭാ നേതൃത്വത്തിന്
രേഖാമൂലം കത്ത് നല്കിയിരുന്നു. കത്തിന്റെ കാലാവധി കഴിഞ്ഞ മൂന്നിന് അവസാനിച്ചു. പള്ളിത്തര്‍ക്കത്തില്‍
യാക്കോബായ വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ്
യോഗത്തില്‍ ഉയര്‍ന്നത്. കോടതിവിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ എന്തു തീരുമാനം എടുക്കണമെന്നത്
സംബന്ധിച്ച് വരുന്ന 23 വരെ കാത്തിരിക്കും. വീണ്ടും കാലതാമസം ഉണ്ടായാല്‍ തര്‍ക്കം നിലനില്‍ക്കുന്ന
പള്ളികളില്‍ കയറി പ്രാര്‍ത്ഥന നടത്താന്‍ വിശ്വാസികളോട് നിര്‍ദ്ദേശിക്കാന്‍ യോഗത്തില്‍
ധാരണയായി. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാന്‍ മലങ്കരസഭാ പരമാധ്യക്ഷന്‍ പരിശുദ്ധ
ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ നേതൃത്വത്തിലുള്ള ആറംഗ
കര്‍മസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം സഭാ പ്രശ്നം പരിഹരിക്കുന്നതിന് സംസ്ഥാന
സര്‍ക്കാര്‍ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി നാലുതവണ ഇരു വിഭാഗവുമായി ചര്‍ച്ച നടത്തിയെങ്കിലും
ഒത്തുതീര്‍പ്പിന് വഴങ്ങാന്‍ ആരും തയ്യാറായിട്ടില്ല
അന്വേഷണം നടത്തണം
കോലഞ്ചേരി പള്ളി
തര്‍ക്കം സംബന്ധിച്ച് “കാശുണ്ടെങ്കില്‍ കോടതിയില്‍ എന്തും നടക്കു”മെന്ന പ്രസ്താവനയിലൂടെ
ബഹു. നീതി ന്യായ കോടതികളെ അപകീര്‍ത്തിപ്പെടുത്തുകയും തര്‍ക്ക പരിഹാരത്തിനായി സര്‍ക്കാര്‍
നിയോഗിച്ച ഉപസമിതി അംഗങ്ങളായ മന്ത്രിമാരെ സ്വാധീനിക്കാന്‍ ശ്രമിക്കണമെന്ന് കല്പന പുറപ്പെടുവിക്കുകയും
ചെയ്ത ശ്രേഷ്ഠ കാതോലിക്കാ തോമസ് പ്രഥമന്റെ നിയമ വിരുദ്ധവും അധാര്‍മ്മീകവുമായ നടപടികള്‍ക്കെതിരെ
അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സഭാ വൈദിക ട്രസ്റി ഫാ. ഡോ. ജോണ്‍സ്
എബ്രഹാം കോനാട്ട് പ്രസ്താവിച്ചു.ഈ തരം പ്രവണതകളെ അപലപിക്കേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതും
ജനാധിപത്യ വ്യവസ്ഥയും നീതിവാഴ്ച്ചയും പുലര്‍ന്നുകാണണമെന്ന് ആഗ്രഹിക്കുന്ന ഏവരുടെയും
കടമയാണെന്നും അദ്ദേഹം പറഞ്ഞു.