എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

May 10, 2010

മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് സുവര്‍ണനിമിഷം; 7 മെത്രാന്‍മാര്‍കൂടി അഭിഷിക്‌തരാകുന്നു

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചരിത്രത്തിലെ സുവര്‍ണ നിമിഷങ്ങള്‍ക്ക്‌ ഇനി മണിക്കൂറുകള്‍ മാത്രം. വിശുദ്ധ മാര്‍ത്തോമ്മ ശ്ലീഹായാല്‍ സ്‌ഥാപിതമായ സഭയുടെ അപ്പസ്‌തോലിക പൈതൃകമനുസരിച്ച്‌ തെരഞ്ഞെടുക്കപ്പെട്ട ഏഴു ശ്രേഷ്‌ഠ വൈദികര്‍ ബുധനാഴ്‌ച മേല്‍പ്പട്ട സ്‌ഥാനത്തേക്ക്‌ ഉയര്‍ത്തപ്പെടും. കഴിഞ്ഞ ഫെബ്രുവരി 17- ന്‌ ശാസ്‌താംകോട്ടയില്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷനാണ്‌ സഭയുടെ പാരമ്പര്യവും ആത്മീകനിറവും കാത്തുസുക്ഷിക്കാന്‍ ഏഴുപേരെ തെരഞ്ഞെടുത്തത്‌. പൗരസ്‌ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും സിംഹാസന പള്ളിയായ കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ നടക്കുന്ന വിശുദ്ധ കര്‍മത്തില്‍ ഡോ. യൂഹാനോന്‍ റമ്പാന്‍, ഡോ. നഥാനിയേല്‍ റമ്പാന്‍, യാക്കോബ്‌ റമ്പാന്‍, യൂഹാനോന്‍ റമ്പാന്‍, ഡോ. സഖറിയ റമ്പാന്‍, ഡോ. ഗീവര്‍ഗീസ്‌ റമ്പാന്‍, ഡോ. ഏബ്രഹാം റമ്പാന്‍ എന്നിവരാണ്‌ മെത്രാപ്പോലീത്തമാരായി ഉയര്‍ത്തപ്പെടുന്നത്‌.

കോട്ടയം വൈദിക സെമിനാരി പ്രൊഫസര്‍, എക്യുമെനിക്കല്‍ റിലേഷന്‍സ്‌ വകുപ്പ്‌ സെക്രട്ടറി, ഓര്‍ത്തഡോക്‌സ് വൈദിക സംഘം ജനറല്‍ സെക്രട്ടറി, ഓര്‍ത്തഡോക്‌സ്- കാത്തലിക്‌ ചര്‍ച്ച്‌ ഡയലോഗ്‌ കോ- സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോ. യൂഹാനോന്‍ റമ്പാനാണ്‌ നിയുക്‌ത മെത്രാന്മാരില്‍ ഏറ്റവും മുതിര്‍ന്നയാള്‍. പ്രഭാഷകനും ഗ്രന്ഥകാരനുമായ ഇദ്ദേഹം അനവധി ദേശീയ- അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ സഭയെ പ്രതിനിധീകരിച്ചിട്ടുണ്ട്‌. 21 വര്‍ഷമായി വൈദികനായി സേവനമനുഷ്‌ഠിക്കുന്ന യൂഹാനോന്‍ റമ്പാന്‍ കൊല്ലം സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഇടവകാംഗമായ മാവേലിക്കര പാലമൂട്ടില്‍ മാത്യൂസിന്റെയും മേഴ്‌സിയുടെയും മകനാണ്‌.

മാവേലിക്കര മിഷന്‍ ട്രെയിനിംഗ്‌ സെന്റര്‍ പ്രിന്‍സിപ്പല്‍, മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മിഷന്‍ സൊസൈറ്റി ആന്‍ഡ്‌ മിഷന്‍ ബോര്‍ഡ്‌ സെക്രട്ടറി, പുതുപ്പാടി സെന്റ്‌ പോള്‍സ്‌ ആശ്രമം സുപ്പീരിയര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഇടയ ശ്രേഷ്‌ഠനാണ്‌ മെത്രാന്‍ സ്‌ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ഡോ. നഥാനിയേല്‍ റമ്പാന്‍. മാവേലിക്കര ഭദ്രാസനത്തിലെ വഴുവാടി മാര്‍ ബസേലിയോസ്‌ പള്ളി ഇടവകാംഗമായ മാവേലിക്കര തോപ്പില്‍ തെക്കേതില്‍ ജോര്‍ജിന്റെയും തങ്കമ്മയുടെയും മകനാണ്‌.

നിയുക്‌ത മെത്രാനായ യാക്കോബ്‌ റമ്പാന്‍ 31 വര്‍ഷത്തെ വൈദിക സേവനത്തിനുശേഷമാണ്‌ മേല്‍പ്പട്ട സ്‌ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നത്‌. ശാസ്‌താംകോട്ട മാര്‍ ഏലിയാ ചാപ്പല്‍ മാനേജരും സെന്റ്‌ ബേസില്‍ ബൈബിള്‍ സ്‌കൂള്‍ ഡയറക്‌ടറുമായിരുന്നു. എക്യുമെനിക്കല്‍ റിലേഷന്‍സ്‌ കമ്മിറ്റി, മാവേലിക്കര മിഷന്‍ ട്രെയിനിംഗ്‌ സെന്റര്‍ ഗവേണിംഗ്‌ ബോര്‍ഡ്‌, ഓര്‍ത്തഡോക്‌സ് ബൈബിള്‍ പ്രിപ്പറേഷന്‍ കമ്മിറ്റി എന്നിവയില്‍ അംഗമാണ്‌. ഓര്‍ത്തഡോക്‌സ് ൈക്രസ്‌തവ യുവജന പ്രസ്‌ഥാനം വൈസ്‌ പ്രസിഡന്റ്‌, കൊല്ലം ഭദ്രാസന സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ ബുധനൂര്‍ സെന്റ്‌ ഏലിയാസ്‌ ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമായ ബുധനൂര്‍ ചക്കാലേത്ത്‌ വിരുതിയത്ത്‌ കിഴക്കേതില്‍ മത്തായിയുടെയും മറിയാമ്മയുടെയും മകനാണ്‌.

റാന്നി ഹോളി ട്രിനിറ്റി ആശ്രമം സുപ്പീരിയറായി സേവനമനുഷ്‌ഠിച്ചുവരികയാണ്‌ നിയുക്‌ത മെത്രാനായ യൂഹാനോന്‍ റമ്പാന്‍. തിരുവനന്തപുരം ഹോളി ട്രിനിറ്റി ഡിസേബിള്‍ഡ്‌ ചില്‍ഡ്രന്‍സ്‌ സെന്റര്‍ ഡയറക്‌ടര്‍, ഹോളി ട്രിനിറ്റി സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അമേരിക്കന്‍ ഭദ്രാസനത്തിലെയും തിരുവനന്തപുരം ഭദ്രാസനത്തിലെയും വിവിധ ദേവാലയങ്ങളില്‍ വികാരിയായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. കൂരമ്പാല ശങ്കരത്തില്‍ നെടിയവിളയില്‍ മത്തായിയുടെയും തങ്കമ്മയുടെയും മകനാണ്‌. ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ പന്തളം കൂരമ്പാല സെന്റ്‌ തോമസ്‌ വലിയപള്ളി ഇടവകാംഗമാണ്‌.

പരിശുദ്ധ കാതോലിക്കാബാവയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്‌ നിയുക്‌ത മെത്രാനായ ഡോ. സഖറിയ റമ്പാന്‍. മലങ്കര സഭാ മാസിക ചീഫ്‌ എഡിറ്റര്‍, കോട്ടയം വൈദിക സെമിനാരി രജിസ്‌ട്രാര്‍, എക്യുമെനിക്കല്‍ റിലേഷന്‍സ്‌ കമ്മിറ്റിയംഗം, വൈദിക സെമിനാരി ഗവേണിംഗ്‌ ബോര്‍ഡംഗം എന്നീ ചുമതലകള്‍ വഹിക്കുന്നു. കോട്ടയം താഴത്തങ്ങാടി മാര്‍ ബസേലിയോസ്‌ ഗ്രിഗോറിയോസ്‌ പള്ളി വികാരിയായി സേവനമനുഷ്‌ഠിച്ചുവരികയാണ്‌ മേല്‍പ്പട്ട സ്‌ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നത്‌. മലബാര്‍ ഭദ്രാസനത്തിലെ ചുങ്കത്തറ സെന്റ്‌ ജോര്‍ജ്‌ വലിയപള്ളി ഇടവകാംഗം. ചുങ്കത്തറ കാടുവെട്ടൂര്‍ തച്ചിരുപറമ്പില്‍ ഇ.കെ. കുര്യാക്കോസിന്റെയും ശോശാമ്മയുടെയും മകനാണ്‌.

നാഗ്‌പൂര്‍ ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരി പ്രൊഫസറാണ്‌ ഡോ. ഗീവര്‍ഗീസ്‌ റമ്പാന്‍. ദിവ്യബോധനം ഇംഗ്ലീഷ്‌ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍, ലിറ്റര്‍ജിക്കല്‍ ട്രാന്‍സലേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. കേരള കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ അസോസിയേറ്റ്‌ സെക്രട്ടറി, കോട്ടയം വൈദിക സെമിനാരി ലക്‌ചറര്‍ എന്നീ നിലകളിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. കുന്നംകുളം ഭദ്രാസനത്തിലെ സൗത്ത്‌ ബസാര്‍ സെന്റ്‌ മാത്യൂസ്‌ പള്ളി ഇടവകാംഗമായ കണിയമ്പാല്‍ പുലിക്കോട്ടില്‍ പാവുവിന്റെയും അന്നമ്മയുടെയും മകനാണ്‌.

തുമ്പമണ്‍ ഭദ്രാസനത്തിലെ ഏറം സെന്റ്‌ ജോര്‍ജ്‌ വലിയപള്ളി ഇടവകാംഗമാണ്‌ നിയുക്‌ത മെത്രാനായ ഡോ. ഏബ്രഹാം റമ്പാന്‍. എം.ജി.ഒ.സി.എസ്‌.എമ്മിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു.സഭാ മാനേജിംഗ്‌ കമ്മിറ്റി, തടാകം ആശ്രമം ഗവേണിംഗ്‌ ബോര്‍ഡ്‌ എന്നിവയില്‍ അംഗമാണ്‌. 10 വര്‍ഷം ഇടവക വികാരിയായിരുന്നു. വടുതല പുത്തന്‍വീട്‌ വി.എ. മാത്യൂസിന്റെയും ആനിയുടെയും മകനാണ്‌.

Source : Mangalam News

Malankara Archive