എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Nov 1, 2010

പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ അഭിഷിക്‌തനായി



വിശ്വാസി സഹസ്രങ്ങളെ സാക്ഷിയാക്കി മലങ്കരസഭയുടെ പരമാധ്യക്ഷനായി പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ സ്‌ഥാനമേറ്റു. പരുമലപള്ളിയില്‍ നടന്ന ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ വലിയ കാതോലിക്ക മുഖ്യകാര്‍മികത്വം വഹിച്ചു.

രാവിലെ 6.15-ന്‌ കാതോലിക്കാമാരെയും മെത്രാപ്പോലീത്തമാരെയും പള്ളിയിലേക്ക്‌ ഘോഷയാത്രയായി ആനയിച്ചൂകൊണ്ട്‌ ചടങ്ങുകള്‍ ആരംഭിച്ചു. പ്രഭാത നമസ്‌കാരത്തിനുശേഷം ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വി. കുര്‍ബാനയോടെ ശുശ്രൂഷകള്‍ക്കു തുടക്കമായി. കുര്‍ബാനമധ്യേ 8.30-ന്‌ സ്‌ഥാനാരോഹണ കര്‍മങ്ങള്‍ ആരംഭിച്ചു.

കാതോലിക്കേറ്റിനെക്കുറിച്ചുള്ള വിവരണത്തിനു ശേഷം നിയുക്‌ത കാതോലിക്ക മദ്‌ബഹയ്‌ക്ക് കിഴക്കോട്ടും മുഖ്യകാര്‍മികനും സഹകാര്‍മികരും അഭിമുഖമായുംനിന്ന്‌ പ്രാര്‍ഥനകള്‍ നടന്നു. പള്ളിമണികള്‍ മുഴക്കിയതിനുശേഷം നിയുക്‌ത കാതോലിക്കയുടെ ശിരസില്‍ വേദപുസ്‌തകംവച്ച്‌ ഏവന്‍ഗേലിയോന്‍ വായിച്ചു.

മദ്‌ബഹയ്‌ക്ക് പടിഞ്ഞാറുഭാഗത്തേക്കു തിരിഞ്ഞുനിന്ന്‌ അഭിഷിക്‌ത ബാവ, സഭയോടും വിശ്വാസി സമൂഹത്തോടുള്ള വിശ്വാസപ്രഖ്യാപനം (അമലോഗ്യ) നടത്തി അതില്‍ പേരെഴുതി ഒപ്പിട്ട്‌ മുഖ്യകാര്‍മികനു സമര്‍പ്പിച്ചു.

വലിയബാവയും സഹമെത്രാപ്പോലീത്താമാരും അഭിഷിക്‌തബാവായുടെ തലയില്‍ കൈവച്ച്‌ പ്രാര്‍ഥിച്ചതിനുശേഷം സ്‌ഥാനാരോഹണ പ്രഖ്യാപനം നടത്തി. സ്‌ഥാനമുദ്രയായി മൂന്നു ഹാരങ്ങളും മോതിരവും അണിയിച്ചു.

അംശവസ്‌ത്രങ്ങള്‍ ധരിപ്പിച്ച്‌ മദ്‌ബഹയില്‍ ഒരുക്കിയ സിംഹാസനത്തിലിരുത്തി മെത്രാപ്പോലീത്താമാര്‍ ചേര്‍ന്നുയര്‍ത്തി യോഗ്യന്‍ എന്നര്‍ഥമുള്ള 'ഓക്‌സിയോസ്‌' എന്ന്‌ മൂന്നുതവണ ചൊല്ലി. വിശ്വാസിസമൂഹം അത്‌ ഏറ്റുചൊല്ലി. പിന്നീട്‌, സഭാ സുന്നഹദോസിനെ പ്രതിനിധീകരിച്ച്‌ ഒമ്പത്‌ മെത്രാപ്പോലീത്താമാരും വലിയ കാതോലിക്കയും ചേര്‍ന്ന്‌ അഭിനവ കാതോലിക്കായ്‌ക്ക് അംശവടി കൈമാറി. പുതിയ കാതോലിക്ക സിംഹാസനത്തിലിരുന്ന്‌ ഏവന്‍ ഗെലിയോന്‍ വായിച്ചതോടെ സ്‌ഥാനാരോഹണ ചടങ്ങുകള്‍ സമാപിച്ചു. സ്‌ഥാനമൊഴിഞ്ഞ കാതോലിക്കയും പുതിയ കാതോലിക്കയും പരസ്‌പരം ഏലയ്‌ക്കാ കൊണ്ടുണ്ടാക്കിയ ഹാരമണിയിച്ചു.

വി. കുര്‍ബാന ശുശ്രൂഷ പൂര്‍ത്തീകരിച്ചതിനുശേഷം പുതിയ കാതോലിക്കാ വിശ്വാസികളെ അഭിസംബോധന ചെയ്‌തു. തുടര്‍ന്ന്‌, പരുമല തിരുമേനിയുടെ കബറിടത്തില്‍ ധൂപപ്രാര്‍ഥന നടത്തി.

ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌, തോമസ്‌ മാര്‍ അത്താനാസിയോസ്‌, ഗീവര്‍ഗീസ്‌ മാര്‍ ഈവാനിയോസ്‌, ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ (കണ്ടനാട്‌) തുടങ്ങിയ മെത്രാപ്പോലീത്താമാര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത, ഡെപ്യൂട്ടി സ്‌പീക്കര്‍ ജോസ്‌ ബേബി, മന്ത്രി തോമസ്‌ ഐസക്‌്, കെ.എം. മാണി, പി.ജെ. ജോസഫ്‌, പി.ജെ. കുര്യന്‍ എം.പി., ആന്റോ ആന്റണി എം.പി., ജോസ്‌ കെ. മാണി എം.പി., എം.എല്‍.എമാരായ മാത്യു ടി. തോമസ്‌, ജോസഫ്‌ എം. പുതുശേരി, പി.സി. വിഷ്‌ണുനാഥ്‌, രാജു ഏബ്രഹാം, കെ. ശിവദാസന്‍നായര്‍, വി.എന്‍. വാസവന്‍, തോമസ്‌ ചാഴികാടന്‍ തുടങ്ങിയവര്‍ കാതോലിക്കാബാവായ്‌ക്ക് ആശംസകള്‍ നേര്‍ന്നു.