എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Oct 27, 2010

പരുമല പെരുനാളിനു കൊടിയേറി

പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിഎട്ടാം ഓര്‍മ പെരുനാളിനു പരുമലയില്‍ കൊടിയേറി. Photo Gallery പരുമല പള്ളിയില്‍ ഉച്ചക്ക് രണ്ടു മണിക്ക് നടന്ന പ്രാരംഭ പ്രാര്‍ഥനക്ക് ശേഷം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ശ്രേഷ്ഠ നിയുക്ത കാതോലിക്ക അഭി. പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ, മലങ്കര സഭാ രത്നം അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ, അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ എന്നിവര്‍ കൊടിയേറ്റിന് മുഖ്യ കാര്‍മികത്വം വഹിച്ചു. മൂന്നു കൊടിമരങ്ങളിലും കൊടി ഉയര്‍ന്നതോടെ സാക്ഷ്യം വഹിച്ച വിശ്വാസി സഹസ്രങ്ങള്‍ കൈയില്‍ കരുതിയിരുന്ന തളിര്‍ വെറ്റില അന്തരീക്ഷത്തിലേക്ക് എറിഞ്ഞു. തുടര്‍ന്ന് സെന്റ്‌ ഗ്രീഗോറിയോസ് ചാപ്പലില്‍ നടന്ന ചടങ്ങില്‍ വെച്ച് തീര്‍ഥാടന വാരാഘോഷം ശ്രേഷ്ഠ നിയുക്ത കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, മലങ്കര സഭാ രത്നം അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ, എം.ഡി. യൂഹാനോന്‍ റമ്പാന്‍, ഡോ. അലക്സാണ്ടര്‍ ജേക്കബ് ഐ.പി.എസ്., ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഡോ. ജോര്‍ജ്ജ് ജോസഫ്‌, ഫാ.തോമസ്‌ തേക്കില്‍, ഡോ. അലക്സാണ്ടര്‍ കാരക്കല്‍, എ. കെ.തോമസ്‌, ജേക്കബ് തോമസ്‌ അരികുപുറം, തോമസ്‌ റ്റി പരുമല, ജി. ഉമ്മന്‍, എന്നിവര്‍ പ്രസംഗിച്ചു. യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പരുമല തിരുമേനിയുടെ ആദ്യകാല വസതിയായ അഴിപ്പുരയില്‍ നടക്കുന്ന 144 മണിക്കൂര്‍ അഖണ്ട പ്രാര്‍ത്ഥന യുവജന പ്രസ്ഥാനം പ്രസിഡണ്ട്‌ അഭി.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഇനി ഒരാഴ്ചക്കാലം പരുമല ഭക്തലക്ഷങ്ങളെക്കൊണ്ട് നിറയും. പരിശുദ്ധന്റെ കബറിടത്തില്‍ സങ്കട യാചനകളുമായി കേരളത്തിന്റെയും ഭാരതത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും നാനാ ജാതി മതസ്ഥര്‍ അനുഗ്രഹം തേടി പരുമലയിലേക്ക് ഒഴുകിയെത്തും.


Source : Catholicate News

Malankara Archive