എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Apr 22, 2012

തൃക്കുന്നത്ത് സെമിനാരി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മാര്‍ പോളികാര്‍പ്പോസ്

ജനുവരി 25-ാം തീയതി പെരുന്നാളിന് തൃക്കുന്നത്ത് സെമിനാരിയില്‍ യാക്കോബായ വിഭാഗത്തിന് വഴിവിട്ടു സഹായം ചെയ്തുകൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി കര്‍ശന നടപടി സ്വാകരിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ്. ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ തല്‍സ്ഥിതി തുടരാനുള്ള തീരുമാനം ലംഘിച്ചു യാക്കോബായ വിഭാഗത്തിനു കൂടുതല്‍ സമയം നല്‍കുകയും കുര്‍ബ്ബാനയ്ക്കുള്ള തിരുവസ്ത്രങ്ങള്‍ ഒളിച്ചു കടത്താന്‍ അനുവദിക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ കളക്ട്രേറ്റിന് മുമ്പില്‍ ധര്‍ണ്ണ ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്തേണ്ടി വരുമെന്ന് മാര്‍ പോളികാര്‍പ്പോസ് മുന്നറിയിപ്പ് നല്‍കി.
സെമിനാരിയില്‍ പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മപ്പെരുന്നാളിന് തല്‍സ്ഥിതി തുടരാനാണ് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. അതനുസരിച്ച് ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ക്ക് പത്ത് മിനിറ്റ് വീതമാണ് അനുവദിച്ചത്. എന്നാല്‍ യാക്കോബായ വിഭാഗം കാല്‍ മണിക്കൂറോളം കബറിങ്കല്‍ ചെലവഴിച്ചുവെന്നും കുര്‍ബ്ബാനയ്ക്ക് ഉപയോഗിക്കുന്ന തിരുവസ്ത്രവും മറ്റും ഒളിച്ചു കടത്തുകയും ചെയ്തതായി ചില ദൃശ്യമാധ്യമങ്ങളില്‍ വന്ന വീഡിയോ വ്യക്തമാക്കുന്നു. ഇതിന് കൂട്ടുനിന്നത് എറണാകുളം ജില്ലാ കളക്ടറാണെന്നത് വേലി തന്നെ വിളവ് തിന്നുന്നതിന് തുല്യമാണ്.
ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിബന്ധന ലംഘിച്ചതിന് തെളിവാണ് യാക്കോബായ സഭയുടെ സ്ഥാനികള്‍ ഫോണില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍. ഇതിനെല്ലാം ഒത്താശ ചെയ്തു കൊടുത്ത് നിയമവാഴ്ചയെ അട്ടിമറിക്കാന്‍ കൂട്ടുനിന്ന കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും, ഈ കാര്യത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും നിലപാടു വ്യക്തമാക്കണമെന്നും മാര്‍ പോളികാര്‍പ്പോസ് ആവശ്യപ്പെട്ടു.
കേവലം ഒരു പള്ളിപിടിക്കാന്‍ വേണ്ടി പരിശുദ്ധ കുര്‍ബ്ബാനയെ അവഹേളിച്ച യാക്കോബായ സഭയും ശ്രേഷ്ഠ കാതോലിക്കായും സ്വയം വിമര്‍ശനത്തിന് തയ്യാറാകണം. അവര്‍ കബറിടത്തില്‍ ഉണ്ടായിരുന്ന സമയത്തിനുള്ളില്‍ കുര്‍ബ്ബാന ചൊല്ലി പൂര്‍ത്തിയാക്കാനാകില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കുര്‍ബ്ബാന നടത്തി എന്ന വ്യാജ പ്രചരണം നടത്തി വരും വര്‍ഷങ്ങളില്‍ അനധികൃതമായി കീഴ്വഴക്കം സൃഷ്ടിക്കാനുള്ള വൃഥാ ശ്രമമാണ് യാക്കോബായ സഭ നടത്തുന്നത്. പള്ളി വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെടുന്ന ശ്രേഷ്ഠ കാതോലിക്കായും യാക്കോബായ വിഭാഗവും തൃക്കുന്നത്ത് സെമിനാരിയുടെ കാര്യത്തില്‍ ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞ ഒത്തുത്തീര്‍പ്പു തീരുമാനത്തെ നിഷ്ക്കരണം തള്ളിക്കളഞ്ഞ് കബറിടത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കുകയാണ് ചെയ്തത്. ഇതിലൂടെ വ്യക്തമാകുന്നത് അവരുടെ ആത്മാര്‍ത്ഥത ഇല്ലായ്മയാണ്. ഈ ആത്മാര്‍ത്ഥത ഇല്ലായ്മ കോലഞ്ചേരിയിലും ഇപ്പോള്‍ പിറവത്തും പ്രകടമാണ്. ഏതുവിധേനയും ഭരണകൂടത്തെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് പള്ളികള്‍ പിടിക്കുക എന്ന ലക്ഷ്യം മാത്രമേ യാക്കോബാ. വിഭാഗത്തിനുള്ളുയെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.
പഴന്തോട്ടം, മാമലശ്ശേരി, മണ്ണത്തൂര്‍ പള്ളികളില്‍ അനധികൃതമായി കടന്നു കയറാനും ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ അവകാശങ്ങളെ ചവിട്ടി മെതിക്കാനും ശ്രമം നടത്തുന്ന യാക്കോബായ വിഭാഗത്തിന് സംസ്ഥാന സര്‍ക്കാരും കൂട്ടുനില്‍ക്കുകയാണ്. പൂര്‍ണ്ണമായും ഓര്‍ത്തഡോക്സ് സഭയുടെ നിയന്ത്രണത്തിലുള്ള പള്ളികളെ തര്‍ക്കസ്ഥലമാക്കി മാറ്റി കടന്നുകയറാനാണ് യാക്കോബായ വിഭാഗം ശ്രമിക്കുന്നത്. ഇതിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നത് അരാജകത്വം വളര്‍ത്താനും ഒരു കൂട്ടം വിശ്വാസികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനു തുല്യമാണെന്ന് മാര്‍ പോളികാര്‍പ്പോസ് പറഞ്ഞു

Malankara Archive