എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Mar 20, 2013

ഓശാന പെരുന്നാളിനെ വരവേൽക്കാനായി


കൈകളില്‍ കുരുത്തോല പിടിച്ച് ക്രൈസ്തവർ ഓശാന പെരുന്നാളിനെ വരവേൽക്കാനായി ഒരുങ്ങി. ഇനി ലോകം പീഡാനുഭവ വിശുദ്ധിയിലേക്കും ഉയിർപ്പിന്റെ പ്രത്യാശയിലേക്കും. യേശുവിന്റെ സഹനത്തിന്റെ ആഴം മനസ്സിലാക്കുന്ന കുരിശു മരണത്തിനും മാനവകുലത്തിന്റെ പ്രത്യാശയുടെ അടയാളമായ ഉയിര്‍പ്പു പെരുന്നാളിനും ഇനി ആഴ്ചയൊന്ന് ബാക്കി. ഈ വർഷം മാർച്ച്‌ 25, ഓശാന തിങ്കളാഴ്ച വരുന്നതിനാൽ എല്ലാ പള്ളികളിലും ദൈവ മാതാവിന്റെ വചനിപു െരുന്നാൾ കൊണ്ടാടും, തുടർന്ന് പീഡാനുഭവ ആഴ്ച ആരംഭിക്കും.

ഈസ്റ്ററിന്റെ തൊട്ടുമുമ്പത്തെ ഞായറാഴ്ചയാണ് ഓശാന ഞായര്‍. ഇംഗ്ലീഷില്‍ Palm Sunday എന്നാണ് ഈ ആഘോഷം അറിയപ്പെടുന്നത്. യേശു ജറുസലേം ദേവാലയത്തിലേക്ക് യാത്ര ചെയ്തതിന്റെ ഓര്‍മ്മയ്ക്കാണ് ഓശാന പെരുന്നാള്‍ ആഘോഷിക്കുന്നത്. കേരളത്തിലെ വിവിധ സഭകളിലെ ക്രൈസ്തവർ വ്യത്യസ്ത രീതികളിലാണ് ഓശാന പെരുന്നാള്‍/ /ആഘോഷികുന്നത്. മലങ്കരസഭയിൽ കേരളത്തില്‍ കുരുത്തോലയേന്തിയുള്ള പ്രദിക്ഷണം പെരുന്നാളിന്റെ പ്രധാന ചടങ്ങാണ്. യേശുദേവന്‍ കഴുതപ്പുറത്ത് ജെറുസലേമിലെ തെരുവീഥികളിലൂടെ സഞ്ചരിച്ചപ്പോള്‍ ജനങ്ങള്‍ ഒലിവിലകളും ഈന്തപ്പനയോലകളും കുരുത്തോലകളും വീശി എതിരേറ്റതിന്റെ ഓര്‍മ്മ പുതുക്കുന്ന വലിയ അനുഭവമാണ് ഈ പ്രദിക്ഷണം. പ്രദിക്ഷണത്തിൽ പാടുന്ന പാട്ടു ശ്രദ്ധിച്ചാൽ ഇത് മനസ്സിലാകും "സൈത്തിൻ കൊമ്പുകളേന്തിയിത പിഞ്ചു കിടാങ്ങൾ പാടുന്നു"

   മലയാളത്തിന്റെ മണമുള്ള പെരുന്നാൾ കൂടിയാണിത്. ഒലിവിലയ്ക്ക് പകരം വിശ്വാസികള്‍ കുരുത്തോലയേന്താന്‍ തയ്യാറായത് സാംസ്‌കാരിക സമന്വയത്തിന്റെ വിശ്വാചാരങ്ങള്‍ തദ്ദേശീയമയി മാറുന്നതിന്റെ ഉദാഹരണമാണ്. പെരുനാളിനോട് അനുബന്ധിച്ച് വിശ്വാസികള്‍ കുരുത്തോലയുമായി ഘോഷയാത്ര നടത്തും. രാവിലെ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും കുരുത്തോല വാഴ്വും പ്രദക്ഷിണവും നടക്കും  ഓശാന ഞായറിന് പള്ളിയിലെത്തുന്നവര്‍ക്ക് പട്ടക്കാരൻ     ഈ വാഴ്ത്തിയ കുരുത്തോലകൾ  നല്‍കുന്നു. കുര്‍ബാന കൈക്കൊള്ളുന്നത് കൈയില്‍ കുരുത്തോലയേന്തിയാണ്. "ഓശാനാ" എന്നാലപിച്ചുകൊണ്ട് പള്ളിപ്രദക്ഷിണവും നടത്തുന്നതും കുരുത്തോലയേന്തിയാണ്. വീട്ടിലേക്ക് പോകുമ്പോള്‍ കുരുത്തോലയും കൂടെ കൊണ്ടു പോകുകയും അത് വീട്ടിൽ സൂക്ഷിച്ചു വയ്ക്കുകയും ചെയ്യും.

വാഴ്ത്തി കിട്ടിയ കുരുത്തോല കത്തിച്ച് ചാരമാക്കി, ഔഷധമായി പഴമക്കാർ ഉപയോഗിക്കുമായിരുന്നു. ക്രിസ്തുമസ് ദിനത്തിലെ തീജ്വാല ശുശ്രൂഷക്കു ഈ വാഴ്ത്തിയ കുരുത്തോലയാണ് ഉപയോഗിക്കുന്നത്. കത്തോലിക്ക സഭയിൽ വാഴ്ത്തിയ കിട്ടിയ കുരുത്തോല കത്തിച്ച് ചാരമാക്കി, ആ ചാരം നെറ്റിയിലണിയുന്ന കരിക്കുറി പെരുന്നാള്‍, (വിഭൂതി ബുധനെന്നും ആഷ് വെനസ്‌ഡേയെന്നും ഇതിന് പേരുണ്ട്), കുരുത്തോലയുപയോഗിച്ച് കുരിശിന്റെ രൂപമുണ്ടാക്കി പെസഹ അപ്പത്തിന് മുകളില്‍ വയ്ക്കുന്ന ആചാരം തുടങ്ങിയവയുണ്ട്. എന്നാൽ ഇത് മലങ്കരസഭ തുടരുന്നില്ല.

പെസഹ വ്യാഴം, യേശുദേവന്റെ കുരിശുമരണ ദിനമായ ദുഃഖ വെള്ളി, ദുഃഖശനി, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ദിനമായ ഈസ്റ്റര്‍ എന്നിവയോടെയാണ് ഓശാനയില്‍ തുടങ്ങുന്ന പീഡാനുഭവ വാരാചരണം പൂര്‍ത്തിയാവുക. യേശുവിന്റെ വിജയയാത്രയെ അനുസ്മരിച്ച് കുരുത്തോലയുമേന്തി നാം ഓശാന പാടുമ്പോള്‍ തങ്ങളുടെ ജീവിതത്തിലേക്ക് ക്രിസ്തുവിനെ സ്വീകരിക്കുകയാണ്. ഹൃദയ പരിവര്‍ത്തനവും ജീവിത നവീകരണവും ലക്ഷ്യം വയ്ക്കുന്ന പീഡാനുഭവ ശ്രൂഷകളിലേക്ക് അമ്പതു നോമ്പിന്റെ വിശുദ്ധിയോടെ നമുക്ക് പ്രവേശിക്കാം

Malankara Archive