എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Mar 4, 2013

കൂനന്‍ കുരിശ് പള്ളിയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്


മട്ടാഞ്ചേരിയിലെ കൂനന്‍കുരിശ് നിരവധി ഭക്തരുടെ തീര്‍ത്ഥാടനകേന്ദ്രമാണ്. റോമാ സഭയെ അംഗീകരിക്കുകയില്ലെന്ന് മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ മട്ടാഞ്ചേരി കമ്പോളത്തിലുണ്ടായിരുന്ന വലിയ കല്‍ക്കുരിശില്‍ കയറുകെട്ടി സത്യം ചെയ്ത ചരിത്രസംഭവമാണ് കൂനന്‍ കുരിശിന് പേരും പ്രശസ്തിയും നേടിക്കൊടുത്തത്.മലങ്കരസഭ മാര്‍പാപ്പയെ അംഗീകരിക്കുന്നവരെന്നും എതിര്‍ക്കുന്നവരെന്നും രണ്ടായി പിരിഞ്ഞത് കൂനന്‍കുരിശു സത്യത്തോടു കൂടിയാണ്.

 വിധിവൈപരീത്യമെന്നു പറയട്ടെ, മാര്‍പ്പാപ്പയേയും റോമിനേയും അംഗീകരിക്കുന്ന വിഭാഗത്തിന്‍റെ അധീനതയിലാണ് കൂനന്‍കുരിശിപ്പോള്‍....മലങ്കര സഭക്ക് അഭിമാനമായി, മലങ്കരസഭ നസ്രാണികളുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ കൂനന്‍ കുരിശ് സത്യം നടന്ന മണ്ണില്‍ ഉയരുന്ന നവീകരിച്ച  കൂനന്‍ കുരിശ് പള്ളിയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്.തികച്ചും നവീനമായ സാങ്കേതിക വിദ്യയില്‍ പരിസ്തിതി സൌഹാര്‍ദമായി നിര്‍മ്മിക്കുന്ന മലങ്കര സഭയിലെ ഇത്തരത്തിലെ ആദ്യത്തെ ദേവാലയമാണ്  ഇത്.ഈ ദേവാലയത്തിന്റെ പണികള്‍ പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ മലങ്കര സഭയ്ക്ക് അതൊരു പൊന്‍ തൂവലാകും.

കൂനന്‍ കുരിശിന് പിരാന്തന്‍ കുരിയച്ചന്‍ എന്ന പേരുമുണ്ട്. കൂനന്‍കുരിശിന് പിരാന്തന്‍ കുരിശെന്ന പേരുണ്ടായതിനു പിന്നിലൊരു കഥയുണ്ട്. പോര്‍ട്ടുഗീസ് ഭാഷയില്‍ സാന്താക്രൂസ് എന്നതിനര്‍ത്ഥം വിശുദ്ധ കുരിശെന്നാണ്. പ്രാന്താക്രൂസ് എന്നാല്‍ വളഞ്ഞ കുരിശെന്നുമര്‍ത്ഥം. പോര്‍ച്ചുഗീസ് ഭാഷയറിയാത്ത നാട്ടുകാര്‍ പറഞ്ഞുപറഞ്ഞ് പ്രാന്താക്രൂസ് പിരാന്തന്‍ കുരിയച്ചനായി.കട്ടവനെ പിടികൂടാന്‍ കുരിയച്ചന്‍ വിരുതനാണെന്ന് ഒരു വിശ്വാസമുണ്ട്. ഒരു ചുറ്റുവിളക്കും പൂമാലയും നേര്‍ന്നാല്‍ പോലീസിനു പോലും പിടികിട്ടാത്തവര്‍ ഭ്രാന്തുപിടിച്ച് തൊണ്ടിസഹിതം ഉടമസ്ഥന്‍െറ മുന്നില്‍ ഹാജരായി കാലില്‍ കെട്ടി വീഴുമെത്രെ. മോഷണം നിത്യസംഭവമായ കമ്പോളഭാഗത്ത് പിരാന്തന്‍ കുരിയച്ചന്‍ മോഷ്ടാക്കള്‍ക്ക് പേടിസ്വപ്നമായി.കമ്പോളവഴിയില്‍ നാട്ടിയിരുന്ന കുരിശ് യാത്രക്കാര്‍ക്ക് ചിലപ്പോഴൊക്കെ വിശ്രമസ്ഥലമായപ്പൊള്‍ ഇതിന് പാന്ഥന്‍ കുരിശെന്ന പേരുമുണ്ടായി.

ജാതിഭേദമന്യേ നിരവധിയാളുകള്‍ ഇവിടെ പ്രാര്‍ത്ഥനക്കായി എത്തുന്ന കൂനന്‍കുരിശിന്‍റെ ചരിത്രം രസകരമാണ്. 1653 ജനുവരി 3ന് ഒരു വെള്ളിയാഴ്ചയാണ് ആ ചരിത്രസംഭവം നടന്നത്. ചരിത്രപ്രസിദ്ധമായ കൂനന്‍കുരിശ് സത്യം നടന്നിട്ടിപ്പോള്‍ 350 വര്‍ഷം പിന്നിടുന്നു. മലബാറിലേക്കുള്ള കാല്‍നടയാത്രക്കിടയില്‍ ഒരു സന്ന്യാസി സൂററ്റില്‍ റോമന്‍ കത്തോലിക്കാസഭയുടെ അധീനതയിലുള്ള ഒരു കപ്പൂച്ചിന്‍ ആശ്രമത്തിലെത്തി. ആശ്രമത്തിലെത്തി ഭിക്ഷ ചോദിച്ച സന്ന്യാസി സ്വയം പരിചയപ്പെടുത്തിയത് മലബാറിലെ മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ അടുത്തേക്കു പോകുന്ന പൗരസ്ത്യ മെത്രാനെന്നാണ്. പൗരസ്ത്യ മെത്രാന്‍െറ വരവ് പാശ്ഛാത്യ രീതിയിലുള്ള റോമന്‍ മതപ്രചാരണത്തിന് തടസമാകുമെന്നു കണ്ട പോര്‍ച്ചുഗീസുകാര്‍ ഇദ്ദേഹത്തെ തടവിലാക്കി.വൈദികവിസ്താരത്തിനായി പോര്‍ച്ചുഗീസുകാര്‍ പിന്നീട് ഈ സന്ന്യാസിയെ കൊച്ചിയില്‍ കൊണ്ടുവരികയും വിസ്താരത്തിനുശേഷം കടലില്‍ കെട്ടിത്താഴ്ത്തുകയും ചെയ്തു. സന്ന്യാസിയെ രക്ഷപ്പെടുത്തുവാന്‍ അയ്യായിരത്തോളം വരുന്ന മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ കൊച്ചിയിലെത്തിയെങ്കിലും മെത്രാനെ കടലില്‍ താഴ്ത്തിയെന്ന വാര്‍ത്തയാണവര്‍ക്ക് അറിയാന്‍ കഴിഞ്ഞത്.കോപവും താപവും സഹിക്കവയ്യാതെ റോമയിലെ മതനേതൃത്വത്തിനും പോര്‍ച്ചുഗീസുകാര്‍ക്കും എതിരായി ഈ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ എടുത്ത പ്രതിജ്ഞയാണ് പില്‍ക്കാലത്ത് കൂനന്‍ കുരിശു സത്യമായി അറിയപ്പെട്ടത്. മെത്രാനെ വധിച്ച റോമാ സഭയെ ഇനിയൊരിക്കലും സ്വീകരിക്കുകയില്ലെന്ന് ക്രിസ്ത്യാനികള്‍ മട്ടാഞ്ചേരി കമ്പോളത്തിലുണ്ടായിരുന്ന വലിയ കല്‍ക്കുരിശില്‍ കയറുകെട്ടി അതിന്മേല്‍ പിടിച്ച് സത്യം ചെയ്യുകയായിരുന്നു.

കയര്‍ കെട്ടിവലിച്ചതിന്‍െറ ആഘാതത്തില്‍ കുരിശ് ഒരുവശത്തേക്ക് ചരിഞ്ഞപ്പോഴത് കൂനന്‍ കുരിശായി; പ്രതിജ്ഞ കൂനന്‍കുരിശ് സത്യമെന്നും അറിയപ്പെട്ടു. ഈ സമയത്തു തന്നെ അക്കാലത്തെ കൊച്ചി രാജാവ് തീപ്പെട്ടുവെന്നും അങ്ങനെ കായലിന്‍െറ ഇരുകരകളിലും വിലാപങ്ങള്‍ പ്രതിധ്വനിച്ചുവെന്നും പഴമകളുണ്ട്

Malankara Archive