എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Mar 4, 2013

വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായി പാതി നോമ്പ്



 "ക്രൂശിന്‍റെ  വചനം നശിച്ചു പോകുന്നവര്‍ക്ക് ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു."

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ദീര്‍ഘദര്‍ശിമാരുടെ തലവനായ മോശ തന്റെ വടി ഇസ്രായേല്‍ പാളയത്തിന് നടുവില്‍ നാട്ടിയപ്പോള്‍ അത് ഇസ്രായേല്‍ ജനതയുടെ സംരക്ഷണത്തിന് ഉതകിയത് പോലെ, ഈ നോമ്പില്‍ അനുഗ്രഹത്തിനും, ശിക്ഷാവിധികളില്‍ അകപ്പെടാതിരിക്കുവാനും,  ജീവദായകമായ നിന്റെ സ്ലീബായുടെ(+) അടയാളത്തെ ഞങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാപിക്കേണമേ. സ്ലീബയാല്‍ ഞങ്ങളുടെ മനസുകളെ വെടിപ്പാക്കേണമേ, ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുകയും രക്ഷയുടെ പ്രത്യാശ ഞങ്ങളില്‍ നിറയ്ക്കുകയും  ചെയ്യേണമേ.

രക്ഷാകരമായ കര്‍ത്താവിന്റെ സ്ലീബയുടെ മഹത്വത്തെ മനസ്സിലാക്കി ത്തരുന്നതാണ് പാതി നോമ്പ്.  പഴയനിയമ കാലത്ത് മരുഭൂമിയില്‍ മോശ ഉയര്‍ത്തിയ സര്‍പ്പത്തെ ആണ് നമ്മള്‍ പാതി നോമ്പില്‍ സ്മരിക്കുന്നത്. വി. യോഹന്നാന്‍ എഴുതിയ  സുവിശേഷത്തില്‍ കര്‍ത്താവ്‌ ഇങ്ങനെ പറയുന്നു: '' മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയത് എങ്ങനെയോ അങ്ങനെ, തന്നില്‍ വിശ്വസിക്കുന്ന ഏവനും നിത്യജീവന്‍ ഉണ്ടാകേണ്ടതിനു മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. (യോഹന്നാന്‍ 3: 15). മോശയുണ്ടാക്കിയ സര്‍പ്പത്തിന്റെ പ്രതീകമാണ് കര്‍ത്താവിന്റെ കുരിശു മരണവും പുനരുത്ഥാനവും. പാതിനോമ്പ് ദിനത്തില്‍ വി. കുര്‍ബാന മധ്യേ ഗോഗുല്‍ത്താക്കുരിശ് നാട്ടും. സ്ലീബാ ആഘോഷത്തിന് ശേഷമാണ് ഗോഗുല്‍ത്ത നാട്ടുന്നത്. മോശ ഉയര്‍ത്തിയ സര്‍പ്പത്തെ നോക്കുന്നവര്‍ രക്ഷപ്രാപിച്ചതു പോലെ കുരിശിനെ നോക്കി പ്രാര്‍ഥിക്കുമ്പോള്‍ നമ്മളും രക്ഷ പ്രാപിക്കുന്നു. കാല്‍വരിയിലെ യേശുക്രിസ്തുവിന്റെ മഹനീയ ബലി നമുക്കു ഓര്‍മ വരുന്നു.

കര്‍ത്താവിനോടു ചേര്‍ന്ന് വസിക്കുവാനുള്ള സമയം ആണ് നോമ്പ് കാലം. മാനസാന്തരത്തിന്റെയും അനുതാപത്തിന്റെയും ദിവസങ്ങള്‍.. വിശ്വാസത്തില്‍ ബലപ്പെടാനും രക്ഷയുടെ പ്രത്യാശയിലേക്ക് വളരുവാനും പ്രയോജനപ്പെടുത്തെണ്ട ദിവസങ്ങള്‍. . പൌലോസ് ശ്ലീഹ കൊരിന്ത്യര്‍ക്കു എഴുതിയ ലേഖനത്തില്‍ ഇപ്രകാരം പറയുന്നു. "ക്രൂശിന്‍റെ  വചനം നശിച്ചു പോകുന്നവര്‍ക്ക് ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.". ക്രൂശിന്‍റെ വചനം അറിഞ്ഞു ക്രൂശിലെ ത്യാഗത്തെ ധ്യാനിക്കുവാന്‍ ഈ പാതി നോമ്പിന്റെ സമയത്തെ പ്രയോജനപ്പെടുത്താം.

NB: മലങ്കര സഭയിലെ വിവിധ ദേവാലയങ്ങളില്‍ നാളെ രാവിലെ പ്രഭാത നമസ്കാരം, തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും സ്ലീബാ ആഘോഷവും, ഗോഗുല്‍ത്ത സ്ഥാപന ശുശ്രൂഷയും ഉണ്ടായിരിക്കും.

Malankara Archive